- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംഭാവനയായി സ്വീകരിച്ച 18.94കോടിയിൽ വിനിയോഗിച്ചത് 1.9കോടി മാത്രം; കണ്ടെത്തിയത് 65 കോടിയുടെ വ്യാജ റിസീപ്റ്റുകൾ; സോനു സുദിനെതിരെ കുരുക്ക് മുറുക്കി ആദായ നികുതി വകുപ്പ്; വകുപ്പിന്റെ കണ്ടെത്തൽ മൂന്നുദിവസം തുടർച്ചയായി നടത്തിയ പരിശോധനയിൽ
മുംബൈ: നടൻ സോനുസൂദിനെതിരെ സാമ്പത്തീക ഇടപാടുകളിൽ കുരുക്ക് മുറുക്കി ആദായ നികുതി വകുപ്പ്. മൂന്നു ദിവസങ്ങളിൽ തുടർച്ചയായി നടത്തിയ പരിശോധനയിൽ ശക്തമായ സാമ്പത്തീക ക്രമക്കേടുകളാണ് കണ്ടെത്തിയിരിക്കുന്നത്.20 കോടി രൂപയുടെ നികുതി വെട്ടിച്ചുവെന്നാണ് കണ്ടെത്തൽ.സോനു സൂദിന്റെ സ്വത്ത് വിവരങ്ങളുമായി ബന്ധപ്പെട്ട് ആറു നഗരങ്ങളിലായി 28 സ്ഥലങ്ങളിലായിരുന്നു ആദായനികുതി വകുപ്പിന്റെ പരിശോധന.
വ്യാജ കമ്പനികളുടെ പേരിൽ നിയമവിരുദ്ധമായി വായ്പകൾ സംഘടിപ്പിച്ചുവെന്നും നികുതി വെട്ടിപ്പ് ലക്ഷ്യമിട്ട് കണക്കുകളിൽ തിരിമറി നടത്തിയെന്നും ആദായനികുതി വകുപ്പ് പറയുന്നു. സോനു സൂദിനെതിരെ അഞ്ച് ആരോപണങ്ങളാണ് ആദായനികുതി വകുപ്പ് പ്രധാനമായും ഉന്നയിക്കുന്നത്.സംഭാവനയായി 18.94കോടി സ്വീകരിച്ചു, വിനിയോഗിച്ചത് 1.9കോടി മാത്രം, വിദേശ സംഭാവന നിയന്ത്രണ നിയമം ലംഘിച്ചു, 65 കോടിയുടെ വ്യാജ റിസീപ്റ്റുകൾ, ജെ.വി കമ്പനിയുടെ 175 കോടിയുടെ സംശയാസ്പദ ഇടപാടുകൾ,20 കോടിയുടെ ആദായ നികുതി വെട്ടിപ്പ് എന്നിങ്ങനെയാണ് സുദിനെതിരെ വകുപ്പ് കണ്ടെത്തിയ ക്രമക്കേടുകൾ
1. സംഭാവനയായി 18.94കോടി സ്വീകരിച്ചു, വിനിയോഗിച്ചത് 1.9കോടി മാത്രം
കോവിഡ് 19ഉം ലോക്ഡൗണുമായി ബന്ധപ്പെട്ട് നിരവധി ചാരിറ്റി പ്രവർത്തനങ്ങൾക്ക് ജൂൺ 2020 മുതൽ സോനു സൂദ് തുടക്കംകുറിച്ചു. അന്ന് മുതൽ വ്യാജ ഇടപാടുകൾ ആരംഭിച്ചുവെന്നും ആദായനികുതി വകുപ്പ് പറയുന്നു. ചാരിറ്റി ഫൗണ്ടേഷൻ സംഭാവനയായി 18.94 കോടി രൂപ മാർച്ച് 2021വരെ സ്വീകരിച്ചു. അതിൽ 1.09 കോടി രൂപ മാത്രമാണ് വിനിയോഗിച്ചത്. 17 കോടി രൂപ ഇതുവരെ വിനിയോഗിച്ചിട്ടില്ല.
2. വിദേശ സംഭാവന നിയന്ത്രണ നിയമം ലംഘിച്ചു
സോനു സൂദിന്റെ ഫൗണ്ടേഷന് സംഭാവന ലഭിച്ചത് കൂടുതലും വിദേശത്തുനിന്നായിരുന്നു. ക്രൗഡ് ഫണ്ടിങ് പ്ലാറ്റ്ഫോമുകൾ വഴിയാണ് ഇവ സ്വീകരിച്ചത്. ഇത് 2020ലെ വിദേശ സംഭാവന നിയന്ത്രണ നിയമം ലംഘിച്ചുകൊണ്ടായിരുന്നുവെന്ന് ആദായനികുതി വകുപ്പ് പറയുന്നു. 2.1 കോടി രൂപയുടെ സംഭാവനയാണ് ഇത്തരത്തിൽ സ്വീകരിച്ചതെന്നും അവർ പറയുന്നു.
3. 65 കോടിയുടെ വ്യാജ റിസീപ്റ്റുകൾ
ലഖ്നോ ആസ്ഥാനമായ ഇൻഫ്രാസ്ട്രക്ചർ ഗ്രൂപ്പായ ജെ.വി ഇൻഫ്രയുമായി റിയൽ എസ്റ്റേറ്റ് പ്രൊജക്ടിനായി സഹകരിച്ചതായി സോനു സൂദ് വെളിപ്പെടുത്തിയിരുന്നു. ഇതിലേക്ക് ഗണ്യമായ ഫണ്ട് നിക്ഷേപിച്ചു. ഈ കമ്പനിയുടെ അക്കൗണ്ട് ബുക്കുകളിൽ നികുതിവെട്ടിപ്പും ക്രമക്കേടുകളും കാണിച്ചിരിക്കുന്നു. ഇത്തരത്തിൽ വ്യാജ കരാറുകളുടെ തുക ഏകദേശം 65 കോടി വരും. ഇതിൽ കണക്കിൽപ്പെടാത്ത ചെലവുകൾ, സ്ക്രാപ്പ് വിൽപ്പന, കണക്കിൽപ്പെടാത്ത പണമിടപാടുകളുടെ ഡിജിറ്റൽ തെളിവുകൾ തുടങ്ങിയവ കണ്ടെത്തിയതായും ആദായനികുതി വകുപ്പ് പറയുന്നു.
4. ജെ.വി കമ്പനിയുടെ 175 കോടിയുടെ സംശയാസ്പദ ഇടപാടുകൾ
സോനു സൂദിന് നിക്ഷേപമുള്ള ജെ.വി കമ്പനിക്ക് ജയ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുമായി 175 കോടിയുടെ സംശയാസ്പദ ഇടപാടുകളുണ്ടെന്ന് കണ്ടെത്തി. വ്യജ ബില്ലിങ്, ഫണ്ട് തിരിമറി തുടങ്ങിയവ ഇവിടെ നടന്നതായും പറയുന്നു. നികുതിവെട്ടിപ്പിന്റെ പൂർണ വ്യാപ്തി കണ്ടെത്താൻ അന്വേഷണത്തിലാണെന്നും ആദായനികുതി വകുപ്പ് കൂട്ടിച്ചേർത്തു.
5. 20 കോടിയുടെ ആദായ നികുതി വെട്ടിപ്പ്
കണക്കിൽപ്പെടാത്ത വരുമാനം വ്യാജ കമ്പനികളുടെ വ്യാജ വായ്പഅക്കൗണ്ടിലേക്ക് മാറ്റുകയാണ് സോനു സൂദ് പിന്തുടരുന്ന രീതിയെന്നാണ് ആദായ നികുതി വകുപ്പിന്റെ ആരോപണം. ഇത്തരത്തിൽ 20ഓളം ഇടപാടുകൾ നടന്നതായി കണ്ടെത്തി. പണത്തിന് പകരം ചെക്ക് ഇടപാടുകളായിരുന്നു. ഇവയിൽനിന്ന് 20 കോടിയിലേറെ രൂപയുടെ നികുതിവെട്ടിപ്പും കണ്ടെത്തിയതായി ആദായ നികുതി വകുപ്പ് പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ