തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കാലത്തടക്കം തങ്ങളുട അഭിമാനമെന്ന് സർക്കാർ ഊറ്റം കൊണ്ട പദ്ധതികളെ തെരഞ്ഞെടുപ്പിന് ശേഷം കൈയൊഴിഞ്ഞ് സർക്കാർ.മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണപദ്ധതിയിൽ ഉൾപ്പെടുത്തിയ 204 റോഡുകൾക്കുള്ള 45 കോടി രൂപയുടെ ഭരണാനുമതി സർക്കാർ റദ്ദാക്കി.തദ്ദേശമന്ത്രി എം വി ഗോവിന്ദന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നു സംസ്ഥാനത്തെ തദ്ദേശ റോഡുകളുടെ പുനരുദ്ധാരണത്തിന് 1000 കോടി രൂപ 2020 ജനുവരിയിൽ അനുവദിച്ചിരുന്നു. 5296 റോഡുകൾക്ക് 988 കോടി രൂപയുടെ ഭരണാനുമതിയും നൽകി. ഇതിലുൾപ്പെട്ട 204 റോഡുകളാണ് ഇപ്പോൾ ഒഴിവാക്കിയത്. ഏറ്റവും കൂടുതൽ പദ്ധതികൾ ഒഴിവാക്കപ്പെട്ടതു തിരുവനന്തപുരം ജില്ലയിലാണ്-28 എണ്ണം. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ 26 പദ്ധതികൾ വീതം ഒഴിവാക്കി.

മറ്റ് പദ്ധതികൾക്കു കീഴിൽ ഇവയുടെ പുനരുദ്ധാരണം നടന്നതുകൊണ്ടും അടങ്കൽത്തുക അപര്യാപ്തമെന്നു കണ്ടെത്തിയതുകൊണ്ടും പ്രാദേശികതർക്കങ്ങൾ കൊണ്ടുമാണു റദ്ദാക്കുന്നതെന്ന അവ്യക്തവിശദീകരണമാണു സർക്കാർ നൽകുന്നത്.തദ്ദേശവകുപ്പ് ചീഫ് എൻജിനീയറുടെ റിപ്പോർട്ട് പ്രകാരമാണു നടപടിയെന്നും സർക്കാർ ഉത്തരവിൽ പറയുന്നു. ഒഴിവാക്കപ്പെട്ട തുകയ്ക്ക് അനുയോജ്യമായ പദ്ധതികൾ പിന്നീട് ഉൾപ്പെടുത്താൻ ശ്രമിക്കുമെന്നാണു വിശദീകരണം.