- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കടമെടുത്ത് കുത്തുപാളയെടുത്ത സർക്കാർ വീണ്ടും കടമെടുക്കുന്നു; റീബിൽഡ് കേരളയ്ക്ക് 2500 കോടി കൂടി കടമെടുക്കാൻ നീക്കം; ലോകബാങ്കും ജർമ്മൻ ബാങ്കുകളുമായും കരാർ ഒപ്പിട്ടു; സാമ്പത്തിക വർഷാവസാനം ചെലവുകൾക്ക് പണം തികയാത്ത അവസ്ഥയിലും സർക്കാർ
തിരുവനന്തപുരം: പ്രളയാനന്തര കേരളം പരിസ്ഥിതി സൗഹാർദത്തോടെ പുനർനിർമ്മിക്കുന്നതിനു വേണ്ടി സർക്കാർ ഇതു വരെ സ്വീകരിച്ചത് 2647 കോടി രൂപയുടെ വിദേശ വായ്പയെന്ന് കണക്കുകൾ. പുറമേ, മറ്റൊരു 2500 കോടി രൂപ കൂടി ലോക ബാങ്ക്, ജർമൻ ബാങ്കായ കെഎഫ്ഡബ്ള്യു എന്നിവിടങ്ങളിൽ നിന്ന് കടമെടുക്കാൻ കരാർ ഒപ്പിട്ടുകഴിഞ്ഞു.
റോഡ് നിർമ്മാണത്തിനു നീക്കിവച്ചതിനു പുറമേ, കുടുംബശ്രീ പോലുള്ള ഏജൻസികൾക്കാണു കൂടുതൽ തുക നൽകിയിരിക്കുന്നത്. ഇതുവരെ നൽകിയ 1258 കോടി രൂപയിൽ 939 കോടി രൂപ 13 വകുപ്പുകൾ വഴി ചെലവഴിച്ചതായും രേഖകൾ വെളിപ്പെടുത്തുന്നു. വിവരാവകാശ പ്രവർത്തകൻ ഗോവിന്ദൻ നമ്പൂതിരിക്കു നൽകിയ മറുപടിയിലാണ് റീബിൽഡ് കേരള ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പ് വഴിയുള്ള തുക വിനിയോഗത്തെ കുറിച്ചു വ്യക്തമാക്കിയിരിക്കുന്നത്.
13 വകുപ്പുകളിലായി 7911.48 കോടി രൂപയുടെ വിവിധ പദ്ധതികൾക്ക് ഭരണാനുമതി നൽകിയിട്ടുണ്ട്. ഇതിൽ ടെൻഡർ നൽകിയത് 5434.30 കോടിക്ക്. കരാർ അനുവദിച്ചത് 5299.27 കോടിയുടെ പദ്ധതികൾക്കും. 1258.86 കോടി രൂപ വകുപ്പുകൾക്കു നൽകിയതിൽ 939 കോടി രൂപ വിനിയോഗിച്ചു കഴിഞ്ഞു. റോഡുകളും പാലങ്ങളും നിർമ്മിക്കാനാണ് ഏറ്റവും കൂടുതൽ തുക വകയിരുത്തിയിരിക്കുന്നത്5196 കോടി രൂപ. വിദേശ വായ്പയോടുള്ള സിപിഎമ്മിന്റെ അപ്രിയം പൂർണമായും മാറിയതായി തെളിയിക്കുന്നതാണ് റീബിൽഡ് കേരളയുടെ ഫണ്ട് സ്വീകരണം.
അതേസമയം സാമ്പത്തിക വർഷം അവസാനിക്കാൻ രണ്ടാഴ്ച മാത്രം ശേഷിക്കെ 2000 കോടി രൂപ കൂടി കടമെടുക്കാൻ സംസ്ഥാന സർക്കാർ നീക്കം നടത്തുന്നതായുള്ള വാർത്തകളും നേരത്തെ പുറത്തുവന്നിരുന്ു. വാർഷിക പദ്ധതികളുടെ നടത്തിപ്പ് മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടാണ് നടപടി. 2000 കോടി രൂപയുടെ കടപ്പത്രത്തിന്റെ ലേലം മാർച്ച് 22ന് റിസർവ് ബാങ്കിന്റെ കോർ ബാങ്കിങ് സംവിധാനമായ ഇ-കുബേർ വഴി നടക്കും. തൊട്ടടുത്ത ദിവസം പണം ലഭിക്കും. വിവിധ വകുപ്പുകളിൽ നിന്ന് ബില്ലുകൾ ട്രഷറിയിലേക്ക് ഒഴുകുകയാണ്. നിലവിലെ സാമ്പത്തിക ഞെരുക്കം മറികടക്കാൻ ലക്ഷ്യമിട്ടാണ് നടപടി.
സാമ്പത്തിക വർഷാവസാനത്തെ ചെലവുകൾ നേരിടാനാണ് 2000 കോടി രൂപകൂടി കടമെടുക്കുന്നത്. കേന്ദ്രം അനുവദിച്ച പരിധിയിൽനിന്നാണിത്. ഇതോടെ ഈവർഷം പൊതുവിപണിയിൽനിന്നുള്ള കടമെടുപ്പ് 23,000 കോടിയാവും. 28,800 കോടിയാണ് കേരളത്തിന്റെ കടമെടുപ്പ് പരിധി. മാർച്ച് 31-നുമുമ്പ് 5800 കോടികൂടി എടുക്കാൻ സംസ്ഥാനത്തിന് അർഹതയുണ്ട്. മാർച്ച് 31-നുമുമ്പ് ട്രഷറിയിൽനിന്ന് വൻതോതിൽ പണം നൽകേണ്ടതുണ്ട്. തിങ്കളാഴ്ച ധനവകുപ്പ് സാമ്പത്തികസ്ഥിതി വിലയിരുത്തിയശേഷം എത്ര കടമെടുക്കണമെന്ന് തീരുമാനിക്കും.
ഇത്തവണ ട്രഷറിയിൽനിന്ന് പണം മാറാൻ കർശനവ്യവസ്ഥകൾ പുറപ്പെടുവിച്ചിട്ടുണ്ട്. നിശ്ചിതതീയതിക്കകം സമർപ്പിച്ചിട്ടും മാർച്ച് 31-നുമുമ്പ് മാറാനാകാത്ത ബില്ലുകൾ അടുത്തസാമ്പത്തികവർഷം മുൻഗണനാക്രമത്തിൽ മാറാൻ കഴിഞ്ഞവർഷങ്ങളിൽ ക്യൂസംവിധാനം ഏർപ്പെടുത്തിയിരുന്നു.
ഇത്തവണ ഇതുണ്ടാകില്ലെന്ന് ധനവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 2000 കോടി കടമെടുക്കാനുള്ള കടപ്പത്രങ്ങളുടെ ലേലം 22-ന് റിസർവ് ബാങ്ക് ആസ്ഥാനത്ത് ഇ-കുബേർ സംവിധാനംവഴി നടക്കും. 12 വർഷത്തേക്കാണ് ഈ കടമെടുക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ