ദി ഗ്രേറ്റ് ഫാദർ എന്ന ചിത്രം മലയാളത്തിലെ ഏറ്റവും വലിയ ഇനീഷ്യൽ കളക്ഷൻ സ്വന്തമാക്കി മുന്നേറുകയാണ്. ഇപ്പോഴിതാ മറ്റൊരു നേട്ടം കൂടി ചിത്രം സ്വന്തമാക്കിയിരിക്കുകയാണ്. മലയാളത്തിൽ ഏറ്റവും വേഗത്തിൽ 20 കോടി സ്വന്തമാക്കിയ ചിത്രമെന്ന റെക്കോഡും ചിത്രത്തിന് സ്വന്തമായിരിക്കുകയാണ്. മമ്മൂട്ടിയാണ് ഇക്കാര്യം ഫെയ്‌സ് ബുക്കിലൂടെ അറിയിച്ചത്.

മാർച്ച് 30ന് റിലീസ് ചെയ്ത സിനിമ 200ലേറെ കേന്ദ്രങ്ങളിൽ നിന്നായി റിലീസ് ദിവസം 4 കോടി 31 ലക്ഷം സ്വന്തമാക്കിയിരുന്നു. കബാലി, പുലിമുരുകൻ എന്നീ സിനിമകളുടെ ഇനീഷ്യൽ റെക്കോർഡുകളെ പിന്നിലാക്കിയാണ് ദ ഗ്രേറ്റ് ഫാദർ നേട്ടമുണ്ടാക്കിയത്. അഞ്ചാം ദിവസം പിന്നിടുമ്പോൾ സിനിമ മലയാളത്തിൽ ഏറ്റവും വേഗം 20 കോടി പിന്നിടുന്ന ചിത്രമായി മാറിയെന്നാണ് മമ്മൂട്ടി അറിയിച്ചത്. പുലിമുരുകന്റെ റെക്കോർഡാണ് ദ ഗ്രേറ്റ് ഫാദർ തകർത്തത്.

ഗ്രേറ്റ് ഫാദർ വലിയ വിജയമാക്കിയതിന് ഒരോരുത്തരോടും നന്ദി പറയുന്നു. ആദ്യ ദിനത്തിലെ ഇതുവരെയുള്ള കലക്ഷൻ റിക്കോർഡാണ് ഗ്രേറ്റ് ഫാദർ മറികടന്നത്. ഇതിന് പുറമെ ഏറ്റവും വേഗത്തിൽ 20 കോടി മറികടന്നുവെന്ന റിക്കോർഡും ഗ്രേറ്റ് ഫാദർ സൃഷ്ടിച്ചു. ആറ് കോടി രൂപയെന്ന അത്രയൊന്നും വലുതല്ലാത്ത ബജറ്റിൽ, നവാഗത സംവിധായകനാണ് ഈ സിനിമ ആവിഷ്‌കരിച്ചതെന്നതാണ് ഈ നേട്ടത്തെ കൂടുതൽ ആകർഷകമാക്കുന്നത്. മലയാള സിനിമാ പ്രേക്ഷകരുടെ വലുപ്പവും ശേഷിയും സംബന്ധിച്ച് കണ്ണുതെളിയിക്കുന്ന ഒരു സംഭവം കൂടിയാണിത്. നമ്മുടെ സിനിമാ വ്യവസായം കൂടുതൽ വലിയ നേട്ടങ്ങൾ കൈവരിക്കാനാവട്ടെ എന്ന് ആശംസിക്കുന്നു , ഇതുവഴി കൂടുതൽ നല്ലതും ധീരവുമായ സിനിമങ്ങൾ ഉണ്ടാക്കാനും നമുക്ക് സാധിക്കട്ടെയെന്നും മമ്മൂട്ടി കുറിച്ചു.

ചിത്രം അതിവേഗ 20 കോടി ചിത്രമായി മാറിയതിൽ ആഹ്ലാദവാനാണെന്ന് സിനിമയുടെ സഹനിർമ്മാതാവും നടനുമായ ആര്യയും വ്യക്തമാക്കി. ദി ഗ്രേറ്റ് ഫാദർ കളക്ഷൻ കളക്ഷൻ ഇരുപത് കോടിക്ക് മുകളിലെത്തിയിട്ടുണ്ട്. വലിയൊരു വിഭാഗം പ്രേക്ഷകരിലെത്തിക്കണം ഈ സിനിമയെന്നാണ് ചിത്രീകരണ സമയത്ത് ആലോചിച്ചത്. സിനിമ എത്ര കളക്ഷൻ നേടണമെന്നാണ് നിർമ്മാതാവ് എന്ന നിലയിലുള്ള ആഗ്രഹമെന്ന ചോദ്യത്തിന് ഇരുന്നൂറ് കോടിയെന്നാണ് ആര്യ മറുപടി പറഞ്ഞത്.