- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മല പോലെ വന്നത് മഞ്ഞുപോലെ! ദി ഗ്രേറ്റ് ഫാദറിന്റെ സ്ഥാനം ശരാശരിക്ക് മുകളിൽ മാത്രം; പുലിമുരുകനെ മറികടക്കാനാവില്ലെന്ന് ഉറപ്പ്; തരംഗമാകുന്നത് മേക്കിങ്ങിലെ സ്റ്റൈലും മമ്മൂട്ടിയുടെ ലുക്കും!
ആവൂ, എന്തൊക്കെയായിരുന്ന ബഡായികൾ. 'പുലിമുരുകന്റെ' റെക്കോർഡ് തകർക്കാൻപോവുന്നു, നൂറുകോടി ക്ലബിലെത്തുന്നു....അവസാനം മലപോലെ വന്നത് എലിപോലെ എന്നുപറയുന്നില്ലെങ്കിലും മഞ്ഞുപോലൊയായി എന്നതാണ് യാഥാർഥ്യം.അദ്യമേ തന്നെ ഉള്ളകാര്യം തുറന്നുപറയട്ടെ. ശരാശരിക്ക് മുകളിൽ മാത്രം നിൽക്കുന്ന പടമാണ് ഗ്രേറ്റ് ഫാദർ.അല്ലാതെ ഈ പടത്തിന്റെ മാർക്കറ്റിങ്ങ് വിദഗ്ദ്ധർ പ്രചരിപ്പിച്ചതുപോലുള്ള അനിതസാധാരണമായ ത്രില്ലറൊന്നുമല്ല.എന്നുവെച്ച് ബോറടിച്ച് ചത്തുപോവുന്ന പൊട്ടപ്പടവുമല്ല. ഒരു വിനോദചിത്രം കണ്ടിറങ്ങൽ മാത്രം ലക്ഷ്യംവച്ചാണെങ്കിൽ ധൈര്യമായി ഈ പടത്തിന് ടിക്കറ്റെടുക്കാം. പിന്നെ, നിങ്ങൾ ഒരു കട്ട മമ്മൂട്ടി ഫാനാണെങ്കിൽ ഈ ചിത്രം അതിഗംഭീരമായി ഇഷ്ടപ്പെടും.പുതിയ രൂപത്തിലും ഭാവത്തിലുമായി, പ്രായത്തിന്റെ യാതൊരു അസ്‌ക്യതയുമില്ലാതെ മമ്മൂട്ടിയങ്ങോട്ട് പെരുക്കുകയാണ്. ലുക്കിലും ടേക്കിങ്ങിലുമുള്ള ആ വൈവിധ്യം മാറ്റിനിർത്തിയാൽ ഇതൊരു സാധാരണ ചിത്രമാണ്. മമ്മൂട്ടിയെ മാറ്റിനിർത്തിയാൽ ഇതിൽ ഒന്നുമില്ല. അത് തിരിച്ചറിഞ്ഞുകൊണ്ടുതന്നെയായിരിക്കണം കേരളത്തിൽ ഏ
ആവൂ, എന്തൊക്കെയായിരുന്ന ബഡായികൾ. 'പുലിമുരുകന്റെ' റെക്കോർഡ് തകർക്കാൻപോവുന്നു, നൂറുകോടി ക്ലബിലെത്തുന്നു....അവസാനം മലപോലെ വന്നത് എലിപോലെ എന്നുപറയുന്നില്ലെങ്കിലും മഞ്ഞുപോലൊയായി എന്നതാണ് യാഥാർഥ്യം.അദ്യമേ തന്നെ ഉള്ളകാര്യം തുറന്നുപറയട്ടെ. ശരാശരിക്ക് മുകളിൽ മാത്രം നിൽക്കുന്ന പടമാണ് ഗ്രേറ്റ് ഫാദർ.അല്ലാതെ ഈ പടത്തിന്റെ മാർക്കറ്റിങ്ങ് വിദഗ്ദ്ധർ പ്രചരിപ്പിച്ചതുപോലുള്ള അനിതസാധാരണമായ ത്രില്ലറൊന്നുമല്ല.എന്നുവെച്ച് ബോറടിച്ച് ചത്തുപോവുന്ന പൊട്ടപ്പടവുമല്ല. ഒരു വിനോദചിത്രം കണ്ടിറങ്ങൽ മാത്രം ലക്ഷ്യംവച്ചാണെങ്കിൽ ധൈര്യമായി ഈ പടത്തിന് ടിക്കറ്റെടുക്കാം.
പിന്നെ, നിങ്ങൾ ഒരു കട്ട മമ്മൂട്ടി ഫാനാണെങ്കിൽ ഈ ചിത്രം അതിഗംഭീരമായി ഇഷ്ടപ്പെടും.പുതിയ രൂപത്തിലും ഭാവത്തിലുമായി, പ്രായത്തിന്റെ യാതൊരു അസ്‌ക്യതയുമില്ലാതെ മമ്മൂട്ടിയങ്ങോട്ട് പെരുക്കുകയാണ്. ലുക്കിലും ടേക്കിങ്ങിലുമുള്ള ആ വൈവിധ്യം മാറ്റിനിർത്തിയാൽ ഇതൊരു സാധാരണ ചിത്രമാണ്. മമ്മൂട്ടിയെ മാറ്റിനിർത്തിയാൽ ഇതിൽ ഒന്നുമില്ല. അത് തിരിച്ചറിഞ്ഞുകൊണ്ടുതന്നെയായിരിക്കണം കേരളത്തിൽ ഏറ്റവും കൂടുതൽ ഫാൻസ് ഷോ നടക്കുന്നതും ഈ ചിത്രത്തിന് വേണ്ടിയാണ് .മുൻകാല വേഷങ്ങളെ വെച്ചുനോക്കുമ്പോൾ,ഈ കഥാപാത്രം വലിയ വെല്ലുവിളിയൊന്നുമല്ലെങ്കിലും ഡേവിഡ് നൈനാന്റെ സങ്കീർണ്ണതകൾക്കൊപ്പം അതിവേഗം കൂടിവിട്ട് കൂടുമാറുന്നുണ്ട് മമ്മൂട്ടിയിലെ നടൻ.
പക്ഷേ പുതുമുഖ ഡയർക്ടർ കം റൈറ്ററായ ഹനീഫ് അദേനിക്കും ഓഗ്സ്റ്റ് സിനിമയുടെ ബാനറിൽ കോടികൾ മുടക്കിയ നടൻ പ്രഥ്വീരാജിനും നഷ്ടമൊന്നും വരുത്തുന്നില്ല ഈ പടം.ആദ്യത്തെ അരമണിക്കുറിലെ മികച്ച ചില രംഗങ്ങളിലൂടെ തന്നിൽ ഒന്നാന്തരമൊരു സംവിധായകനുണ്ടെന്ന് ഹനീഷ് കാണിച്ചുതരുന്നുണ്ട്. തിരക്കഥയിലെ പാളിച്ചകൾ പലേടത്തും പ്രകടമാണെങ്കിലും, ചിത്രത്തിലുടനീളം ബിഗ് ബിയിലൊക്കെ കണ്ടപോലെ പുതിയ ഒരു സ്‌റ്റൈലിഷ് മേക്കിങ്ങ് കൊണ്ടുവരാൻ സംവിധായകന് ആയിട്ടുണ്ട്. വൈഡ് റിലീസും ഫാൻസ് ഷോയും,സാറ്റലൈറ്റുമൊക്കെ കൂട്ടുമ്പോൾ പ്രഥ്വീരാജിന്റെ പെട്ടിയിലും ചിത്രം പണം നിറക്കുമെന്ന് ഉറപ്പ്.
പക്ഷേ പ്രശ്‌നം സിനിമയുടെ അണിയറ പ്രവർത്തകർ തന്നെ ബോധപൂർവം നടത്തിയ 'തള്ള'ലാണ്.സകല കളക്ഷൻ റെക്കോർഡുകളും ഭേദിക്കുന്ന കൊലമാസാണ് ഈ പടമെന്ന പ്രചാരണംകേട്ട്, ചെണ്ടയടിയും ആർപ്പുവിളികളുമായത്തെിയ ജനം, ഇത്രയേ ഉള്ളൂ എന്ന് പറഞ്ഞ് നിരാശരാവുകയാണ്. ജനങ്ങളുടെ പ്രതീക്ഷയും നിരാശയും തമ്മിലുള്ള ഗ്രാഫിന്റെ നിമ്‌നോന്നതങ്ങൾ അനുസരിച്ചായിരക്കും ഈ ചിത്രത്തിന്റെ കമ്പോള വിജയം.
ഗംഭീര തുടക്കത്തിൽ നിന്ന് പതനം
കേരളത്തിലെ ഇപ്പോഴത്തെ മുഖ്യവാർത്താ വിഷയമായ ബാലപീഡനത്തെ അടിസ്ഥാനമാക്കിയുള്ള സൈക്കോപ്പത്ത് ത്രില്ലർ എന്ന രീതിയിൽ കഥ വികസിപ്പിക്കാനുള്ള സാധ്യതൾ പലേടത്തും ഈ പടത്തിൽ ഉണ്ടായിരുന്നു. പക്ഷേ ഗ്രേറ്റ് ഫാദർ ആ വിഷയത്തിന്റെ കാമ്പിലേക്ക് കയറാതെ സൂപ്പർസ്റ്റാർ കളിയും കൂളിങ്ങ് ഗ്‌ളാസും ജീൻസിലെ വൈവിധ്യങ്ങളുമായി ഉപരി വിപ്‌ളവമായിപ്പോവുകയാണ്.
ഹൃദ്യമായ രംഗങ്ങൾ കോർത്തിണക്കിയ തുടക്കം കണ്ടപ്പോൾ ഈ പടം പുലിയാകുമെന്നായിരുന്നു കരുതിയത്.പക്ഷേ ആദ്യ അരമണിക്കൂർ കഴിഞ്ഞപ്പോൾ എല്ലാം പഴങ്കഞ്ഞിപോലെ. ബിൽഡർ ആയ ഡേവിഡ് നൈനാനും (മമ്മൂട്ടി) കൗമരക്കാരലായ മകൾ സാറയുമായുള്ള (അനിഖ) ബന്ധത്തിലാണ് ചിത്രത്തുടക്കം. സാറക്ക് തന്റെ ഡാഡിക്ക് സിനിമകളിലെയും ഗെയിമുകളിലെയും സൂപ്പർഹീറോയുടെ രൂപമാണ് നൽകിയിരക്കുന്നത്. കുട്ടിയുടെ പിതാവിനോടുള്ള ആരാധനയും സ്‌നേഹവുമൊക്കെ സമ്മേളിപ്പിച്ച്,ദ ഗ്രേറ്റ് ഫാദർ എന്ന ടൈറ്റിൽ ചിത്രം അന്വർഥമാക്കുന്നു. തുടർന്ന് സാറയുടെ ജീവിതത്തിൽ അപ്രതീക്ഷിതമായി സംഭവിക്കുന്ന ദുരന്തവും പ്രതികാരത്തിനായുള്ള ഡേവിഡിന്റെ ശ്രമവുമാണ്. ഇവിടെ കഥ പാളുന്നു സർ.ആയിരത്തൊന്ന് ആവർത്തിച്ച രംഗങ്ങളാണ്,പഴയ വീഞ്ഞ് പുതിയ കുപ്പിമോഡലിൽ പിന്നീടങ്ങോട്ട് കാണുന്നത്.നായക കേന്ദ്രീകൃത സിനിമകളുടെ തനിപ്പകർപ്പ്.
ഒരു സീരിയൽ കില്ലറിനെ മമ്മൂട്ടിയെപ്പോലൊരു സൂപ്പർതാരം പിന്തുടർന്നാൽ എന്താണ് സംഭവിക്കയെന്ന് ഊഹിക്കാനുള്ളതേയുള്ളൂ. പൊലീസിൽ നൈനാന് വിശ്വാസമില്ല. എല്ലാ മാടമ്പികളെയും പോലെ അയാൾക്ക് സ്വന്തമായി അന്വേഷിക്കാനാണ് താൽപ്പര്യം. പൊലീസ് ഉദ്യോഗസ്ഥരും നൈനാനും സമാന്തരമായി നീങ്ങുകയാണ്. പെട്ടെന്ന് നോൺ ലീനിയർ സ്വഭാവത്തിലേക്കാണ് പടം മാറുന്നതും ആസ്വാദനത്തിന് കല്ലുകടിയാവുന്നുണ്ട്. പല രംഗങ്ങളും മമ്മൂട്ടിക്കുവേണ്ടി ഫാൻസുകാരെക്കൊണ്ട് കൈയടിപ്പിക്കക്കാനായി ഉണ്ടാക്കിയാതണെന്ന് വ്യക്തമാവുകയാണണ്.ടീസറിലൂടെ പ്രശസ്തമായ 'കണ്ടിട്ട് പുകവിലിക്കാരനാണെന്ന് തോനുന്നില്ലല്ലോ' തുടങ്ങിയ രംഗത്തിലൊക്കെ ഇത് പ്രകടമാണ്.
കേരളത്തിൽ വർധിച്ചുവരുന്ന ബാലപീഡനമെന്ന പ്രശ്‌നത്തെ ഗൗരവതലത്തിൽ സമീപിക്കാൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്. പക്ഷേ നമ്മുടെ കമ്പോള സിനിമകളുടെ പൊതുഫോർമാറ്റ്‌പോലെ നിയമസംവിധാനത്തിലും ഒന്നും വിശ്വാസമില്ലാതെ ആൾക്കൂട്ടനീതിയിൽ അധിഷ്ഠിതമായ, പല്ലിന് പല്ല് കണ്ണിന് കണ്ണ് എന്ന ലൈനിലാണ് ഗ്ഗേഡവിഡ് നൈനാനെ സൃഷ്ടിച്ചിട്ടുള്ളത്.അല്ലെങ്കിൽ എന്ത് താര ചിത്രം! ഇതൊക്കെയൊന്ന് മാറ്റിപ്പിടിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
മമ്മൂട്ടിക്ക് തുല്യൻ മമ്മൂട്ടി മാത്രം!
ഒരു കണക്കിന് മമ്മൂട്ടിയെ സമ്മതിക്കണം. ഷഷ്ടിപൂർത്തി കഴിഞ്ഞ ഈ പ്രായത്തിലാണ് ഏത് യുവനടനെയും അതിശയിപ്പിക്കുന്ന സ്‌റ്റൈലിഷ് ചുള്ളൻ ഫിഗറിൽ അദ്ദേഹം രംഗത്തത്തെുന്നത്.ഇനി നടൻ എന്ന നിലയിലും മമ്മൂട്ടിയുടെ കരിസ്മ അപാരമാണ്. സ്‌നേഹ നിധിയായ പിതാവായും പ്രതികാര ദാഹിയായ പിശാചായുമൊക്കെയുള്ള ആ വേഷപ്പകർച്ച കാണുമ്പോൾ ഉറപ്പിക്കാം, മമ്മൂട്ടിക്ക് തുല്യൻ മമ്മൂട്ടി മാത്രമാണ്.
ഈ മഹാനടനെ സംബന്ധിച്ചിടത്തോളം ഒരു മെഗാഹിറ്റ് അനിവാര്യമായ സമയമായിരുന്നു ഇത്. 'പോക്കിരിരാജക്കും', 'ബെസ്റ്റ് ആക്ടറിനും' ശേഷം മമ്മൂട്ടിയുടെ പേരിൽ ഒരു മെഗാഹിറ്റ്് ഉണ്ടായിട്ടില്ല. പക്ഷേ വലിയൊരു സാമ്പത്തിക വിജയത്തിനായി ഇട്ട മസാലകൾ തന്നെയാണ് ചിത്രത്തിന് വിനയായത്.മമ്മൂട്ടിയുടെ താരമൂല്യത്തിനുസരിച്ച് തുള്ളാതെ കഥയെ അതിന്റെ സ്വാഭാവിക വികാസത്തിന് വിടുകയായിരന്നെങ്കിൽ ഇതിലും എത്രയോ നല്ല ചലച്ചിത്ര അനുഭവമാവുമായിരുന്നു ഈ പടം.
പക്ഷേ സമീപകാല മമ്മൂട്ടി ചിത്രങ്ങളെ വെല്ലുന്ന നിലവാരം അവതരണത്തിലും പരിചരണത്തിലും രൂപപ്പെടുത്താൻ ഹനീഫ് അദേനിക്ക് സാധിച്ചിട്ടുണ്ട്. പക്ഷേ അതുമാത്രം പോരെല്ലോ. സ്റ്റെൽ മാത്രം കാണാൻ ഇത് രജനീകാന്തിന്റെ പടമല്ലല്ലോ. ബേബി അനിഖ എന്ന ബാലതാരത്തിന്റെ പ്രകടനവും എടുത്തു പറയേണ്ടതാണ്. പിതാവിനെ പൊക്കിപ്പറയുമ്പോഴുള്ള നാടക ഭാഷ മാത്രമാണ് കല്ലുകടിയാവുന്നത്. നടി സ്‌നേഹയുടെ മലയാളത്തിലേക്കുള്ള മടക്കം തീർത്തും അരോചകമായിതോന്നി. ബാത്ത്‌റൂമിൽപോവുമ്പോഴും കഥകളിവേഷത്തിലെന്നപോലെ മേക്കപ്പിട്ട നിലയിലാണ് സ്‌നേഹ.കുറ്റം പറയാൻ പറ്റില്ല. ഇങ്ങനെ ഒരുങ്ങിക്കെട്ടി നടക്കുന്ന ഡേവിഡ് നൈനാന്റെ ഭാര്യയല്ലേ!
കലാഭവൻ ഷാജോണിൻേറത് വേറിട്ട കഥാപാത്രവും പ്രകടനവുമാണ്. ഈ ചിത്രത്തിന്റെ സഹനിർമ്മാതാവ് കൂടിയായ ആര്യയും തന്റെ മുൻകാല പ്രകടനത്തിന്റെ അടുത്ത് എത്തിയിട്ടില്ല. ഒരു പക്ഷേ കഥയിൽ പെർഫോം ചെയ്യാനുള്ള ഭാഗങ്ങളൊക്കെ മമ്മൂട്ടി കൊണ്ടുപോയതുകൊണ്ട് കൂടിയും ആവാം. റോബി രാജിന്റെ ഛായാഗ്രഹണം ഗോപീസുന്ദറിന്റെ സംഗീതവും ചിത്രത്തിന് മുതൽക്കൂട്ടാണ്. ന്യൂജൻ പ്രേക്ഷകരെ ആകർഷിക്കുന്ന രീതിയിലാണ് സുഷി ശ്യാമിന്റെ പശ്ചാത്തല സംഗീതവും. ആരവങ്ങൾക്കിടയിൽനിന്ന് ചിത്രം കണ്ടിറങ്ങുമ്പോൾ ചിന്തിച്ചുപോയി. ഒന്നുകൂടി ലക്ഷ്യവേധിയായ തിരക്കഥകൂടി ഈ പടത്തിന് ഉണ്ടായിരുന്നെങ്കിൽ.
വാൽക്കഷ്ണം: പ്രഥ്വീരാജിന്റെ കൈയുള്ള എല്ലാ പടങ്ങളിലും അമിതമായ ഒരു മാർക്കറ്റിങ്ങ് ഹൈപ്പ് കടന്നുവരുന്നുണ്ട്.നേരത്തെ ഇല്ലാത്തകാര്യങ്ങൾ പ്രചരിപ്പിച്ചും പർവതീകരിച്ചുമുള്ള വിടൽസുകൾ ചിത്രത്തെ ബാധിക്കുമെന്ന് 'എസ്ര' കണ്ടപ്പോൾ തോന്നിയിരുന്നു.പേടിച്ചുവിറക്കുമെന്ന് പ്രചാരണം കേട്ടത്തെിയ പ്രേക്ഷകർ തീയേറ്ററിൽ ഇരുന്ന് ചിരിക്കയാണ്. അതുപോലെതന്നെ ഈ ഫാദറും, കളക്ഷൻ റിക്കാർഡുകൾ തിരത്താനായി വന്ന എന്തോ പുപ്പുലിയാണെന്ന പ്രചാരണം തുടക്കത്തിലേ വന്നത് സത്യത്തിൽ ചിത്രത്തിന് തിരിച്ചടിയാവുകയാണ്.ഇതിനാണോ ഇത്ര ബഹളമുണ്ടാക്കിയതെന്ന് പ്രേക്ഷകർ ചോദിച്ചുപോവുന്ന അവസ്ഥ.അമിതമായ 'തള്ളലല്ല' മാർക്കറ്റിങ്ങ് എന്ന് നമ്മുടെ സിനിമാക്കാർ ഇനി എന്നാണാവോ പടിക്കുക.