- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോട്ടറി വിറ്റ് നടന്ന് പൂത്ത കാശെന്ന് വെറുതെ നാട്ടുപറച്ചിൽ; സമ്പാദ്യം ഉണ്ടെങ്കിൽ വെള്ളം കുടിക്കാൻ നല്ലനേരം നോക്കി ഇരിക്കേണ്ട ഗതികേടുണ്ടോ? അരയ്ക്ക് താഴേക്ക് തളർന്ന ശരീരവുമായി അടച്ചുറപ്പില്ലാത്ത വീട്ടിൽ; സഹായമില്ലാതെ കുട്ടമ്പുഴയിലെ വസന്തകുമാരിയുടെ ദുരിത ജീവിതം
കോതമംഗലം: അരയ്ക്കുതാഴേയ്ക്ക് തളർന്ന ശരീരം. കയറിക്കിടക്കാൻ അടച്ചുറപ്പുള്ള വീടില്ല. വീട്ടാവശ്യത്തിന് ഉപയോഗിക്കുന്നതുപോലും മഴവെള്ളം. വൈദ്യുതി, വെളിച്ചം ഇനിയും അകലെ. ഇതൊന്നും പോരാത്തതിന് വന്യമൃഗങ്ങളുടെ ആക്രമണ ഭീതിയും. കുട്ടമ്പുഴ സത്രപ്പടി പ്ലാവില പുത്തൻവീട് വസന്തകുമാരിയുടെ ജീവിതം ഇങ്ങനെയാണ്.
2004 ൽ ഭർത്താവ് രമേശൻ മരിച്ചതോടെ ദുരിതക്കയത്തിലായി. ഒരു ഘട്ടത്തിൽ ആരും തിരിഞ്ഞുനോക്കാനില്ലാതെ വന്നപ്പോൾ ആത്മഹത്യയെ കുറിച്ചുപോലും ചിന്തിച്ചു. ഇന്നത്തെ അവസ്ഥയിൽ അധികകാലം ജീവിതം മുന്നോട്ടുപോകുമെന്ന് തോന്നുന്നില്ല. താൻ അനുഭവിക്കുന്ന ദുരിതം അറിയേണ്ടവരെല്ലാം അറിഞ്ഞിട്ടുണ്ട്. പേരിന് പോലും ഒരു സഹായം ആരുടെ ഭാഗത്തുനിന്നും ഇതുവരെ ലഭിച്ചിട്ടില്ല. ഇപ്പോഴും ജീവനോടെ ഇരിക്കുന്നത് ഈശ്വരകാരുണ്യം ഒന്നുകൊണ്ട് മാത്രമാണ്, വസന്തകുമാരി പറഞ്ഞു.
ഭർത്താവിന്റെ മരണശേഷം ലോട്ടറി കച്ചവടമായിരുന്നു വസന്തകുമാരിയുടെ വരുമനാനമാർഗ്ഗം. ആലുവ റെയിൽവേ സ്റ്റേഷനിലും ഇതുവഴിയെത്തുന്ന ട്രെയിനുകളിലും ലോട്ടറിവിറ്റു നടന്നിരുന്ന സമയത്ത് തരക്കേടില്ലാത്ത വരുമാനവും ഇവർക്ക് ലഭിച്ചിരുന്നു. കാലുകൾക്ക് ചലനശേഷിയില്ലാത്തതിനാൽ രണ്ടുകൈകളും നിലത്തുകുത്തിയായിരുന്നു ഇവരുടെ സഞ്ചാരം.
ലോട്ടറി വിൽപ്പനയിലെ വരുമാനം കൊണ്ട് വീട്ടുചിലവുകളും മകളുടെ വിദ്യാഭ്യസ കാര്യങ്ങളും മുട്ടില്ലാതെ നടന്നുപോയി. മകളുടെ വിവാഹത്തിനും ഈ ജോലിയിൽ നിന്നുള്ള വരുമാനമാണ്് ഇവർക്ക് തുണയായത്. ആണൊരുത്തൻ കൂട്ടിയാൽ കൂടാത്ത കാര്യങ്ങൾ ആവതില്ലാത്ത ശരീരവും വച്ച് താൻ ഒറ്റയ്ക്കുനടത്തിയതിന്റെ ആത്മവിശ്വാസവും പേറിയായിരുന്നു അടുത്തകാലം വരെ ഇവരുടെ ജീവിതം.
ഏതാനും വർഷം മുമ്പ് കൈയ്ക്ക് വേദന അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. ഇതിപ്പോൾ വല്ലാതെ കൂടി. കൈകുത്തി സഞ്ചരിക്കാൻ പോലും ആവാത്ത നിലയിലാണ് ഇപ്പോൾ ഇവരുടെ ജീവിതം. ഇതുമൂലം കഴിഞ്ഞ ഏതാനും വർഷങ്ങളായി ലോട്ടറി വിൽപ്പന ഉപേക്ഷിക്കേണ്ടിവന്നു.
ഇതോടെ ജീവിതാളം പിഴച്ചു. ദാരിദ്ര്യം ഒഴിയാബാധയായി. സർക്കാർ റേഷനും പെൻഷനും കൊണ്ടുമാത്രമാണ് വന്തകുമാരി ഇപ്പോൾ കഴിയുന്നത്. കൈമുട്ട് വേദന കൂടിയതോടെ നേരത്തെ താമസിച്ചിരുന്ന വീട്ടിൽ താമസം മാറേണ്ടിവന്നു. പടികൾ കടന്നുനടക്കുന്നതിലായിരുന്നു പ്രധാന ബുദ്ധിമുട്ട്. ഇതെത്തുടർന്നാണ് സത്രപ്പടിയിൽ സ്വന്തമായി ഉണ്ടായിരുന്ന 8 സെന്റ് ഭൂമിയിൽ അടുപ്പക്കാരുടെ കാരുണ്യത്തിൽ കുടിൽകെട്ടി,ഇവിടെ ക്കഴിയാൻ തീരുമാനിച്ചത്.
ആദ്യം പ്ലാസ്റ്റിക് ഷീറ്റുമാത്രം ഉപയോഗപ്പെടുത്തിയായിരുന്നു കുടിൽ നിർമ്മാണം.പിന്നീട് ഒരുതരത്തിൽ ഭാഗികമായി ഭിത്തികെട്ടി.അടുപ്പക്കാരിൽ ചിലരുടെ സഹായത്താലാണ് ഇത്രയും പണികൾ തീർത്തത്. നിലവിൽ ഇവരുടെ താമസ്ഥലത്തിന് പേരിനുപോലും വാതിലില്ല. തുണിയാണ് ആകെയുള്ള മറ. ഭിത്തികെട്ടൽ പൂർത്തിയാക്കിയാൽ വൈദ്യുതി ലഭിക്കുന്ന സാഹചര്യം നിലിവിലുണ്ട്.
എന്നാൽ ഇക്കാര്യത്തെക്കുറിച്ച് ചിന്തിക്കാൻ പോലും ആവാത്ത നിലയിലാണ് സാമ്പത്തിക സ്ഥിതി എന്ന് വസന്തകുമാരി പറയുന്നു. രണ്ടുമാസം മുമ്പുവരെ വീട്ടിൽ കുടിവെള്ളം ലഭിച്ചിരുന്നു. പഞ്ചായത്ത് പണിതീർത്തതും ഉപഭോക്തൃസമിതിയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്നതുമായ കുടിവെള്ള പദ്ധതിയിൽ നിന്നും ഓസ് വഴിയാണ് ഇവർ വെള്ളമെടുത്തിരുന്നത്. ഇടയ്ക്കിടെ ഇവരുടെ വീട്ടിലേയ്ക്കിട്ടിരുന്ന ഓസ് രാത്രിയിൽ നശിപ്പിക്കപ്പെട്ടു. പലവട്ടം ഇത് ആവർത്തിച്ചതോടെ ഓസ് ഉപയോഗശുന്യമായി. രണ്ടുമാസമായി വീട്ടിലേയ്ക്ക് കുടിവെള്ളം എത്തുന്നില്ല.
ഉള്ള പാത്രങ്ങളിലെല്ലാം മഴവെള്ളം ശേഖരിച്ച് ആവശ്യങ്ങൾക്കായി വസന്തകുമാരി ഉപയോഗിച്ചുവരികയായിരുന്നു.ഇന്നോടെ ഈ കരുതൽ ശേഖരവും തീർന്നു. കീരംപാറയിൽ താമസിക്കുന്ന മകളെ വിളിച്ച് വിവരം പറഞ്ഞെന്നും അവൾ വരാതെ വെള്ളത്തിന് മറ്റ് മാർഗ്ഗമില്ലന്നും വസന്തകുമാരി പറയുന്നു.
ശരീരത്തിന്റെ അവശതകൾ മറന്ന് ആകെയുള്ള 8 സെന്റ് ഭൂമിയിൽ പറ്റാവുന്നിടത്തോളം കൃഷിയും ഇവർ ചെയ്തിരുന്നു.പക്ഷെ കഷ്ടതകൾ സഹിച്ചുള്ള ഈ കൃഷിയിൽ നിന്നും ഇവർക്ക് ചില്ലിക്കാശിന്റെ പ്രയോജനമില്ലന്നതാണ് ഇപ്പോഴത്തെ അവസ്ഥ.കാട്ടുപന്നികൂട്ടം വിളകൾ ചുവടോടെ നശിപ്പിക്കുന്നതുതന്നെ പ്രധാന കാരണം. ഇതും ഇവരെ മാനസികമായി വല്ലാതെ വിഷമിപ്പിക്കുന്നുണ്ട്.
കട്ടിലിൽ കിടക്കാൻ നേരം പലപ്പോഴും ഇഴജന്തുക്കളും ക്ഷുദ്രജീവികളും മറ്റും ഇറങ്ങിപ്പോകുന്നത് കണ്ടിട്ടുണ്ട്. വലിയവീടൊന്നും വേണ്ട, ഇതൊന്നുപൂർത്തിയാക്കി , പേടിക്കാതെ കിടന്നുറങ്ങാൻ കഴിഞ്ഞാൽ മാത്രം മതി.ആവശ്യങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ ഇതായിരുന്നു വസന്തകുമാരിയുടെ പ്രതികരണം.തകരാറിലായ കുടിവെള്ളപ്രശ്നം പരിഹരിക്കാൻ പ്ലംമ്പറെ അന്വേഷിച്ചിട്ട് കിട്ടാത്തതിന്റെ വേവലാതിയും ഇവർ മറുനാടനുമായി പങ്കിട്ടു.
നേരത്തെയുണ്ടായിരുന്ന ലോട്ടറികച്ചവടത്തിൽ നിന്നും താൻ വൻതുക സമ്പാദ്യമായി കരുതിവച്ചിട്ടുണ്ടെന്ന് ചിലരൊക്കെ നാട്ടിൽ പ്രചരിപ്പിച്ചെന്നും ഇത് ഇപ്പോൾ അർഹമായ സഹായം പോലും വഴിമാറിപ്പോവുന്ന സ്ഥിതിയിലേയ്ക്കാണ് കാര്യങ്ങൾ എത്തിച്ചിട്ടുള്ളതെന്നും ഇവർ പറയുന്നു.'സമ്പാദ്യം കയ്യിലുണ്ടെങ്കിൽ വെള്ളം കുടിക്കാൻ നല്ലനേരം നോക്കി ഇരിക്കേണ്ട ഗതികേടിൽ ആരെങ്കിലും ജീവിക്കുമോ' എന്നായിരുന്നു ഇതെക്കുറിച്ച് ചോദിച്ചപ്പോൾ വസന്തകുമാരിയുടെ പ്രതികരണം.
മറുനാടന് മലയാളി ലേഖകന്.