കൊച്ചി: ഭർത്താവിനെ തേടി വീട്ടിലെത്തിയപ്പോൾ മതാപിതാക്കൾ വീടും പൂട്ടി സ്ഥലം വിട്ടു.ഗതികെട്ട് ടെറസിൽ താമസമാക്കിയപ്പോൾ വൈദ്യുതി ബന്ധം വിച്ഛേദിച്ച് ഇരുട്ടിലാക്കി. വാട്ടർ ടാങ്കിലെ വെള്ളം തുറന്ന് കളഞ്ഞ് ദാഹജലവും 'വിലക്കി'.14 കാരനായ മകനൊപ്പം വെള്ളവും വെളിച്ചവുമില്ലാതെ ഉത്തർപ്രദേശ് സ്വദേശിനി നരകജീവിതം തുടങ്ങിയിട്ട് 22 ദിവസം. ജീവൻ നിലനിൽക്കുന്നത് അയൽവാസികളുടെ കനിവിലെന്നും വെളിപ്പെടുത്തൽ.

ഭർത്താവ് അനിൽ കുരുവിളയെത്തേടി എറണാകുളം ഐരാപുരത്തെ വീട്ടിലെത്തിയ ശേഷമുണ്ടായ സംഭവ വികാസങ്ങളെക്കുറിച്ച് ഉത്തർപ്രദേശ് സ്വദേശിനി ജബീൻ ഷെയ്ക്ക് വനിത കമ്മീഷനംഗം അഡ്വ. ഷിജി ശിവജിയോട് വിശദീകരിച്ചത് ഇങ്ങനെ.ബിസ്സിനസ് ആവശ്യത്തിന് പോകുന്നു എന്ന് പറഞ്ഞ് ഉത്തർപ്രദേശിലെ വീട്ടിൽ നിന്നും ഇറങ്ങിയ അനിൽ ഏറെക്കാലമായിട്ടും വീട്ടിൽ തിരിച്ചെത്താതിനെത്തുടർന്നാണ് ജബിൻ നേരത്തെ താമസിച്ച ഐരാപുരത്തെ വീട്ടിലെത്തിയത്.

വീട്ടിലെത്തിയ അവസരത്തിൽ അനിലിന്റെ മാതാപിതാക്കൾ വീട്ടിലുണ്ടായിരുന്നെങ്കിലും ഇവരെയും മകനെയും അകത്ത് കയറ്റിയില്ല.വരാന്തയിൽ ഇരുന്നാണ് ഇവർ നേരം വെളുപ്പിച്ചത്.പിറ്റേന്ന് പുലർച്ചെ തന്നെ അനിലിന്റെ മാതാപിതാക്കൾ വീടും പൂട്ടി സ്ഥലം വിട്ടു.ബന്ധുവീട്ടിലായിരുന്നു താമസമെങ്കിലും രാവിലെ അനിലിന്റെ പിതാവ് വീട്ടുവളപ്പിലെത്തി കൃഷി നയ്ക്കുമായിരുന്നെന്നും ഈ അവസരത്തിൽ ടെറസിന് മുകളിൽ തങ്ങൾ താമിക്കുന്നതായി അറിഞ്ഞ് ഇയാൾ വീട്ടിലെ വൈദ്യൂതി ബന്ധം വിച്ഛേദിക്കുകയും വാട്ടർടാങ്കിൽ നിറച്ചിരുന്ന വെള്ളം തുറന്നുവിട്ടുവെന്നും യുവതി വെളിപ്പെടുത്തിയതായി ഷിജി ശിവജി മറുനാടനോട് വ്യക്തമാക്കി.

അയൽക്കാർ വല്ലപ്പോഴും എത്തിച്ചുനൽകുന്ന ഭക്ഷണം മാത്രം കഴിച്ച് മൂന്നാഴ്ചയോളമായി ഇവരിവിടെ താമസിച്ചിരുന്നെങ്കിലും ഇന്നലെ രാത്രിയാണ് താൻ വിവരം അറിയുന്നതെന്നും ഉടൻ സ്ഥലത്തെത്തി കാര്യങ്ങൾ തിരക്കിയപ്പോഴാണ് ദയനീയ സ്ഥതി ബോദ്ധ്യപ്പെട്ടതെന്നും യുവതിക്കും മകനും വേണ്ട എല്ലാസഹായവും നൽകുന്നതിന് വനിതാ കമ്മീഷൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഷിജി അറിയിച്ചു.

മകന് പനിയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത് യുവതിയെ വല്ലാതെ വിഷമിപ്പിച്ചിരുന്നു.അടിയന്തിരമായി ചികത്സ സൗകര്യമേർപ്പെടുത്താമെന്ന് അറിയിച്ചതോടെയാണ് ഇക്കാര്യത്തിൽ ഇവരുടെ ആശങ്ക വിട്ടുമാറിയത്. ഭർത്താവ് സ്ഥലത്തെത്താതെ ടെറസിലെ താമസം അവസാനിപ്പിക്കില്ലന്നാണ് യുവതിയുടെ നിലപാട്.

മകന്റെ സംരക്ഷണം ഏറ്റെടുത്താൽ താൻ നാട്ടിലേക്ക് തിരിച്ചുപോകാൻ തയ്യാറാണെന്നും ഭർത്താവ് സ്ഥലത്തെത്താതെ ടെറസിലെ താമസം അവസാനിപ്പിക്കില്ലന്നുമാണ് യുവതിയുടെ നിലപാട്.യുവതിക്കും മകനും വേണ്ട സഹായങ്ങൾ ലഭ്യമാക്കണമെന്ന് കുന്നത്തുനാട് സി ഐ യോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും ഷിജി ശിവജി അറിയിച്ചു.

വിവരമറിഞ്ഞ് ഇന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആക്റ്റിങ് അധ്യക്ഷൻ പി. മോഹൻദാസ് യുവതിയെ സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചു.മാനുഷിക പരിഗണനകണക്കിലെടുത്ത് ഇവർക്ക് ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കണമെന്ന് കമ്മീഷൻ അധ്യക്ഷനും പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.വർഷങ്ങൾക്ക് മുമ്പ് താൻ അനിൽകുരുവിളയ്‌ക്കൊപ്പം നാല് മാസം ഐരാപുരത്തെ വീട്ടിൽ താമസിച്ചിട്ടുണ്ടെന്ന് യുവതി വെളിപ്പെടുത്തിയിരുന്നു.ഇവർ ഇരുവരും മകനുമൊന്നിച്ച് വീട്ടിൽവച്ച് എടുത്ത ചിത്രങ്ങളും ഇവർ കൈവശം സൂക്ഷിച്ചിട്ടുണ്ട്.യുവതിയുടെ വാദം ശരിയാണെന്ന് അയൽവാസികളും വ്യക്തമാക്കിയിട്ടുണ്ട്.

ബിനസസ്സ് എന്നല്ലാതെ അനിൽകരുവിളയുടെ ജോലിയെക്കുറിച്ചോ മറ്റ് ബന്ധങ്ങളെക്കുറിച്ചോ ഇവർക്ക് കാര്യമായി വിവരമില്ല. ബിസിനസ്സ് ആവശ്യത്തിന് എന്ന് വെളിപ്പെടുത്തിയാണ് വീട്ടിൽ നിന്നും യാത്ര പുറപ്പെടുക.ആദ്യഘട്ടത്തിൽ ഇടയി്ക്കിടെ തിരിച്ചെത്താറുണ്ടായിരുന്നു.അടുത്തകാലത്തായി അനിൽ തങ്ങളെ തിരിഞ്ഞുനോക്കാറെ ഇല്ലന്നാണ് യുവതിയുടെ പരാതി.

അനിൽ സംരക്ഷണം നൽകണമെന്ന് അവശ്യപ്പെട്ട് ജബിൻ ഹൈക്കോടതിയിൽ നൽകിയിരിക്കുന്ന ഹർജി ഈ മാസം 24 ന് പരിഗണിക്കും. അതിനു ശേഷമേ ടെറസിലെ ദുരിത ജീവിതം തുടരണോ എന്നകാര്യത്തിൽ താൻ തീരമാനം എടുക്കു എന്നാണ് ഇവർ തന്നേ സന്ദർശിച്ച വിവിധ വകുപ്പധികൃതരോട് വ്യക്തമാക്കിയിട്ടുള്ളത്.

ഇംഗ്ലീഷും ഹിന്ദിയും നന്നായി സംസാരിക്കുന്ന ഇവർക്ക് തന്റെ മൊബൈൽ നമ്പർ കൈമാറിയിട്ടുണ്ടെന്നും ഏതാവശ്യത്തിനും ബന്ധപ്പെടണമെന്ന് നിർദ്ദേശിച്ചാണ് താൻ മടങ്ങിയതെന്നും ഇക്കാര്യത്തിൽ ഇവർക്കാവശ്യമായ എല്ലാ നിയമസഹായവും വനിത കമ്മീഷൻ നൽകുമെന്നും ഷിജി ശിവജി കൂട്ടിച്ചേർത്തു.