ലോകത്തിൽ എല്ലാവർക്കും തുല്യ അവകാശമുള്ളപ്പോൾ ഇത്രമാത്രം ദുരിതം തിന്നാൻ ഈ കുട്ടികൾ മാത്രം എന്തുപിഴച്ചു. ഭക്ഷണവും വെള്ളവും ഇല്ലാതെ ഉടുതുണിക്ക് മറുതുണി ഇല്ലാതെ തണുപ്പിനെ അകറ്റാൻ ഒരു കഷണം പുതപ്പ് പോലും ഇല്ലാതെ ദുരിതം തിന്നാൻ ഈ കുട്ടികൾ ചെയ്ത തെററ് റോഹിങ്യ എന്ന വർഗത്തിൽ ജനിച്ചതാണോ?

ഹൃദയം തകർക്കുന്ന കാഴ്ചയാണ് മാന്മാറിൽ റോഹിങ്ക്യകൾ അനുഭവിച്ചു കൊണ്ടിരിക്കുന്നത്. മിക്ക സ്ത്രീകളുടെയും ഭർത്താക്കന്മാർ ബലികഴിക്കപ്പെട്ടു. ബർമീസ് സൈന്യം ഗർഭിണികളാക്കിയ സ്ത്രീകൾ അനാഥരാക്കപ്പെട്ട കുഞ്ഞുങ്ങൾക്ക് ജന്മം നൽകാൻ ഒരുങ്ങുന്നു. ഈ ലോകത്ത് ഇത്രയും ദുരിതം അനുഭവിക്കുന്ന മറ്റാരും ഉണ്ടാവില്ലെന്ന് ഒറ്റ നോട്ടത്തിൽ തന്നെ ആരും പറഞ്ഞ് പോകും. തീക്കുണ്ഡത്തിലേക്ക് പ്രസവിച്ചിട്ടതു പോലെയാണ് പലർക്കും സ്വന്തം മക്കളുടെ ദയനീയമായ മുഖം കാണുമ്പോൾ തോന്നുന്നത്.

ബംഗ്ലാദേശിലും സമാനമായ ദുരിതമാണ് ഇവർ അനുഭവിച്ചു കൊണ്ടിരിക്കുന്നത്്. മൺസൂൺ മഴയും കൊടുങ്കാറ്റുമാണ് ബംഗ്ലാദേശിൽ ഇവർ്കക് ദുരിതമായിമാറിയിരിക്കുന്നത്. ബംഗ്ലാദേശിൽ ഇവർ കഴിയുന്ന അഭയാർത്ഥി ക്യാമ്പുകളും നശിച്ച നിലയിലാണ്. കഴിഞ്ഞ വർഷം ഓഗസ്റ്റ് മുതൽ 700,000ത്തോളം റോഹിങ്ക്യകളാണ് ബംഗ്ലാദേശിലേക്ക് കുടിയേറിയത്.

കയ്യിൽ വളരെ കുറച്ച് സമ്പാദ്യവുമായാണ് ഇവർ മ്യാന്മാറിൽ നിന്നും ബംഗ്ലാദേശിലേക്ക് എത്തിയത്. ഇതിൽ ഭൂരിഭാഗവും യാത്രാ ചെലവിനായി തന്നെ ചെലവാക്കേണ്ടി വന്നു. മുള വടികളും പ്ലാസ്റ്റിക്ക് ഷീറ്റുകളും കൊണ്ട് മറച്ച ഒരു കാറ്റു വീശിയാലും താഴെ വീഴുന്ന അഭയാർത്ഥി ക്യാമ്പുകളിലാണ് ഇവർ കഴിയുന്നത്. ശക്തമായ കാറ്റിൽ ഇത് ഏത് സമയം വേണമെങ്കിലും താഴെ വീഴാമെന്ന നിലയിലാണ്.

കോക്‌സ്ബസാറിലെ കാട്ടുഭൂമിയിൽ ഇവരെ അധിവസിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെങ്കിലും ഒരു മഴവന്നാൽ മണ്ണിടിച്ചിൽ ഉണ്ടാവുകയും അനുഭവിച്ചതിലും വലിയ ദുരന്തം ഉണ്ടാവുകയും ചെയ്യുന്ന സ്ഥലമാണിത്. ബംഗ്ലാദേശ് അവരാൽ കഴിയുന്നത് റോഹിങ്യകൾക്ക് വേണ്ടി ചെയ്യുന്നുണ്ടെങ്കിലും ഒരു അവികസിത രാജ്യമായതിനാൽ ഇവർക്ക് ഒരുക്കി നൽകുന്ന സൗകര്യങ്ങളിൽ പരിമിതികൾ ഉണ്ടെന്നതാണ് സത്യം.

ബംഗ്ലാദേശ് ദുരന്ത നിവാരണ ഉദ്യോഗസ്ഥർ ഐക്യരാഷ്ട്ര സംഘടനയുമായി ചേർന്ന് ഉയർന്ന വെള്ളപ്പൊക്കം നിലനിൽക്കുന്ന പ്രദേശങ്ങളിലെ 133,000 മാറ്റിപാർപ്പിക്കാനുള്ള ശ്രമത്തിലാണ്. ദുരന്ത മുന്നറിയിപ്പ് നൽകാൻ റോഹിങ്യാ ഭാഷയിൽ റേഡിയോ നിലയവും ആരംഭിച്ചിട്ടുണ്ട്. മൂന്ന് വർഷം കൂടുമ്പോൾ ശക്തമായ കൊടുങ്കാറ്റുകൾ ബംഗ്ലാദേശിനെ പിടിച്ചു കുലുക്കാറുണ്ട്. ഇതാണ് ഇപ്പോൾ റോഹിങ്യകൾക്ക് ദുരിതമായി മാറിയിരിക്കുന്നത്.