തിരുവല്ല: യുദ്ധഭീതിയിൽ എല്ലാ പ്രതീക്ഷയും അസ്തമിച്ച ഒന്നേമുക്കാൽ ലക്ഷം ഇന്ത്യയ്ക്കാരുടെ രക്ഷകനായി ജനമനസുകളിൽ ഇടംപിടിച്ച പ്രിയ സണ്ണിച്ചന് നാടു വിടന നല്കി. ഞായറാഴ്ച അന്തരിച്ച കുവൈത്തിലെ പ്രമുഖ മലയാളി വ്യവസായി മാത്തുണ്ണി മാത്യൂസിന്റെ (ടൊയോട്ട സണ്ണി) സംസ്‌കാരം കുമ്പനാട്ടെ എലീം പള്ളിയിൽ നടന്നു. ഹീറോ പരിവേഷവുമായി ജീവിച്ച സണ്ണിച്ചനെ അവസാനമായി ഒരു നോക്കു കണ്ട് അന്ത്യാഞ്ജലി അർപ്പിക്കനാനായി ആയിരങ്ങൾ കുമ്പനാട്ടേയ്ക്ക് ഒഴുകിയെത്തി.

കുവൈത്തിൽനിന്ന് എത്തിച്ച മൃതദേഹം തിരുവല്ല, കുമ്പനാടുള്ള ഫെലോഷിപ്പ് മിഷൻ ഹോസ്പിറ്റലിൽ പൊതുദർശനത്തിന് വച്ചശേഷമാണ് വസതിയിലെത്തിച്ചത്. പ്രവാസി മലയാളികളുടെ രക്ഷകനായ സണ്ണിച്ചന് ആദരാജ്ഞലി അർപ്പിക്കാൻ നൂറ് കണക്കിന് പേരാണ് ഇവിടെയും എത്തിയത്.

ബുധനാഴ്ച രാവിലെ 11 മുതൽ ഒരു മണിക്കൂർ കുവൈത്ത് നാഷണൽ ഇവാൻജലിക്കൽ ചർച്ചിലെ ചർച്ച് ആൻഡ് പാരിഷ് ഹാളിൽ പൊതുദർശനത്തിനു വച്ചശേഷം വെള്ളിയാഴ്ച വൈകുന്നേരമാണ് മൃതദേഹം കുമ്പനാട് ഫെല്ലോഷിപ്പ് ആശുപത്രിയിൽ എത്തിച്ചത്.

കുവൈത്തിലെ വീട്ടിൽ അനുശോചനം രേഖപ്പെടുത്താൻ നിരവധിപ്പേരാണ് എത്തിയത്. മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മന്ത്രിമാരായ മാത്യു ടി തോമസ്, തോമസ് ചാണ്ടി, രാജ്യസഭ ഉപാധ്യക്ഷൻ പിജെ കുര്യൻ, ആന്റോ ആന്റണി എംപി, സ്ഥലം എംഎൽഎ വീണാ ജോർജ് തുടങ്ങി നിരവധി പ്രമുഖരാണ് സണ്ണിച്ചായന് അന്തിമോപചാരം അർപ്പിക്കാൻ എത്തിയത്.

കുവൈത്ത് യുദ്ധകാലത്ത് ഒന്നേമുക്കാൽ ലക്ഷം ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന് മുൻപന്തിയിൽ നിന്ന സണ്ണിച്ചായൻ അങ്ങനെ അനേകായിരം മലയാളികളുടെ രക്ഷകനായി. ഇത് മാധ്യമങ്ങളിൽ വൻ വാർത്തയായതോടെ മാത്തുണ്ണി മാത്യൂസ് ജനമനസ്സുകളിലും ഇടംപിടിച്ചു. നിസ്തുല സേവനം അനുഷ്ഠിച്ച സണ്ണിയുടെ ജീവിതം എയർലിഫ്റ്റ് എന്ന പേരിൽ ബോളിവുഡ് സിനിമയുമായി. അക്ഷയ് കുമാറാണ് ചിത്രത്തിൽ അഭിനയിച്ചത്.

ദീർഘകാലമായി അസുഖബാധിതനായിരുന്ന സണ്ണിയുടെ അന്ത്യം കഴിഞ്ഞ ശനിയാഴ്ച കുവൈത്ത് ഖാദിസിയയിലെ വീട്ടിൽവച്ചായിരുന്നു. ഇരവിപേരൂർ സ്വദേശിയായ സണ്ണി 1956ൽ ആണ് കുവൈത്തിലെത്തുന്നത്. ടൊയോട്ട കാറിന്റെ ഏജന്റായിരുന്നു. സ്വന്തം സ്ഥാപനം തുടങ്ങിയപ്പോഴും ആളുകൾ ടൊയോട്ട സണ്ണിയെന്ന് വിളിച്ചു.

സദ്ദാം ഹുസൈന്റെ ഇറാഖ് സൈന്യം കുവൈത്തിൽ നാശം വിതച്ചപ്പോൾ ഇന്ത്യക്കാർ സണ്ണിയെയാണ് രക്ഷകനായി കണ്ടത്. അവിടത്തെ അഞ്ച് ഇന്ത്യൻ സ്‌കൂളുകളിൽ ക്യാമ്പ് ഒരുക്കുകയും 125 ബസുകളിൽ ജോർദാനിലെ അമ്മാനിൽ എത്തിച്ചുമാണ് ഇന്ത്യക്കാർക്ക് സണ്ണി രക്ഷകനായത്. എയർഇന്ത്യ അമ്മാനിൽനിന്ന് ഇടതടവില്ലാതെ സർവീസ് നടത്തി ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു.

 

 

കുവൈത്തിലെ പ്രമുഖ ഓട്ടോ മൊബയിൽ കമ്പനിയായ അൽ സായർ ഗ്രൂപ്പിന്റെ ഇന്നത്തെ വളർച്ചക്ക് അടിത്തറ പാകിയത് സണ്ണിയാണ്. അദ്ദേഹം 1989ൽ സ്ഥാപനത്തിന്റെ ഉന്നത പദവിയിൽ ഇരിക്കവേ സ്വയം വിരമിച്ച ശേഷവും ടൊയോട്ട സണ്ണി എന്ന പേരിലാണു മലയാളി സമൂഹത്തിനിടയിൽ അറിയപ്പെട്ടത്.