ചെന്നൈ: ജയലളിതയുടെ പിൻഗാമിയായി തോഴിയും എഐഎഡിഎംകെ ജനറൽ സെക്രട്ടറി ശശികലയെ വാഴിക്കുന്നതിനെതിരെ കടുത്ത എതിർപ്പുമായി മുഖ്യ മന്ത്രി പനീർശെൽവം രംഗത്തെത്തിയതിനെ തുടർന്ന് ഈ വിഷയത്തിലെ ജനഹിതമറിയാൻ ദി ഹിന്ദു ദിനപത്രം ഒരു സർവേ നടത്തിയിരുന്നു. ഇതനുസരിച്ച് ശശികലയ്ക്ക് അണു പോലും ജനപിന്തുണയില്ലെന്നാണ് വെളിപ്പെട്ടിരിരക്കുന്നത്. പനീർ ശെൽവത്തിനെ മുഖ്യമന്ത്രിയാക്കുകയോ പുതിയ തെരഞ്ഞെടുപ്പ് നടത്തുകയോ വേണമെന്നാണ് സർവേയിൽ പങ്കെടുത്ത ഭൂരിപക്ഷം പേരും ആവശ്യപ്പെട്ടിരിക്കുന്നത്.

പനീർ ശെൽവത്തിനെ മുഖ്യമന്ത്രിയാക്കുക, ശശികലയെ മുഖ്യമന്ത്രിയാക്കുക, പ്രസിഡന്റ് ഭരണമേർപ്പെടുത്തുക, പുതിയ തെരഞ്ഞെടുപ്പ് നടത്തുക,എന്നീ ഓപ്ഷനുകളാണ് സർവേയിൽ പങ്കെടുത്തവർക്ക് നൽകിയിരുന്നത്. പനീർ ശെൽവത്തിനെ മുഖ്യമന്ത്രിയാക്കുന്നതിനെയാണ് ട്വിറ്ററിലൂടെ പ്രതികരിച്ചിരിക്കുന്ന 59 ശതമാനം പേരും അനുകൂലിച്ചിരിക്കുന്നത്. ദി ഹിന്ദു വെബ്സൈറ്റിലൂടെ സർവേയിൽ വോട്ട് ചെയ്ത 55 ശതമാനം പേരും പനീർശെൽവത്തിനെയാണ് പിന്തുണച്ചിരിക്കുന്നത്.

എന്നാൽ ശശികലെയെ ട്വിറ്ററിലൂടെ പിന്തുണച്ചിരിക്കുന്നത് മൂന്ന് ശതമാനം പേരും ദി ഹിന്ദു വെബ്സൈറ്റിലൂടെ പിന്തുണച്ചിരിക്കുന്നത് 2 ശതമാനം പേരും മാത്രമാണ്. ശരാശരി 30 ശതമാനം പേർ സംസ്ഥാനത്ത് പുതിയ തെരഞ്ഞെടുപ്പ് നടത്തുന്നതിനെയാണ് അനുകൂലിച്ചിരിക്കുന്നത്. സർവേയുടെ ഭാഗമായി ട്വിറ്ററിലൂടെ 7188 വോട്ടുകളും, ദി ഹിന്ദു വെബ്സൈറ്റിലൂടെ 12,401 വോട്ടുകളുമാണ് രേഖപ്പെടുത്തിയിരുന്നത്.