തിരുവനന്തപുരം : കുതിരാൻ തുരങ്കത്തിന്റെ ഒരു ടണൽ ഓഗസ്റ്റിൽ തന്നെ തുറക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് . നിർമ്മാണ പ്രവൃത്തി വിലയിരുത്താൻ മന്ത്രിമാരുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് യോഗം ചേർന്നു.

നിർമ്മാണ പ്രവർത്തനങ്ങളെല്ലാം പൂർത്തിയാക്കി ഒരു ടണൽ തുറക്കുന്നതിന് വേണ്ടിയുള്ള മിനുക്കുപണികളാണ് ഇപ്പോൾ നടക്കുന്നതെന്ന് ദേശീയപാതാ അഥോറിറ്റി അധികൃതർ യോഗത്തെ അറിയിച്ചു. ജോലികൾ വേഗത്തിലാണ് മുന്നോട്ട് പോകുന്നത്. 29 ന് ട്രയൽ റൺ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. അതിന് ശേഷം ദേശീയപാതാ അഥോറിറ്റിയുടെ സുരക്ഷാ സർട്ടിഫിക്കറ്റ് ലഭ്യമാകണം.

സുരക്ഷാ സർട്ടിഫിക്കറ്റ് ലഭിച്ചതിന് ശേഷം മുഖ്യമന്ത്രിയുമായും തൃശ്ശൂർ, പാലക്കാട് ജില്ലകളിലെ മറ്റ് മന്ത്രിമാരുമായും ചർച്ച നടത്തും. തുടർന്ന് ഓഗസ്റ്റിൽ തന്നെ തുരങ്കത്തിന്റെ ഒരു ടണൽ തുറക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു.

തിരുവനന്തപുരത്ത് ചേർന്ന യോഗത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് പുറമെ മന്ത്രിമാരായ കെ രാജൻ, കെ കൃഷ്ണൻകുട്ടി, ജില്ലാ കളക്ടർ ഹരിത വി കുമാർ, സ്പെഷ്യൽ ഓഫീസർ ഇൻ ചാർജ് ഷാനവാസ് ഐഎഎസ്, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ആനന്ദ് സിംങ് ഐഎഎസ്, ദേശീയപാതാ അഥോറിറ്റി പ്രതിനിധികൾ, നിർമ്മാണ കമ്പനി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.