മിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി സംവിധായിക പ്രിയദർശിനി ഒരുക്കുന്ന 'അയേൺ ലേഡി' യുടെ ഫസ്റ്റ്ലുക്ക് പുറത്ത്. നിത്യ മേനോനാണ് ജയലളിതയായി വെള്ളിത്തിരയിലെത്തുന്നത്. ഫസ്റ്റ്ലുക്ക് പോസ്റ്ററിലെ നിത്യയുടെയും ജയലളിതയുടേയും അസാമാന്യ രൂപസാദൃശ്യമാണ് സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്. 

വെളുത്ത സാരിയും കറുത്ത വട്ടപ്പൊട്ടുമിട്ട് ജയലളിതയെ ഓർമ്മപ്പെടുത്തും വിധമുള്ളതാണ് ചിത്രത്തിന് വേണ്ടിയുള്ള നിത്യയുടെ ഫസ്റ്റ്‌ലുക്ക്. ജയലളിതയുടെ രണ്ടാം ചരമ വാർഷികത്തിലാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിടുന്നത്.

സംവിധായകൻ മിഷ്‌കിന്റെ അസോഷ്യേറ്റായിരുന്ന പ്രിയദർശിനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രിയദർശിനിയുടെ ആദ്യ സ്വതന്ത്ര സംരംഭമാണ് ചിത്രം. ആദ്യമായി അഭിനയിച്ച ചിത്രം 'വെൺനിറ ആടൈ' മുതൽ അപ്പോളോ ആശുപത്രിയിലെ അവസാന നാളുകൾ വരെയുള്ള ജയലളിതയുടെ സിനിമാ-രാഷ്ട്രീയ ജീവിതമാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിയായി ചിത്രീകരിക്കുന്ന സിനിമ 2019 ഫെബ്രുവരി മാസത്തിലായിരിക്കും റിലീസ് ചെയ്യുക. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.

ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി സംവിധായകൻ ആർഎൽ വിജയ്യും ചിത്രം ഒരുക്കുന്നുണ്ട്. ബൃന്ദ പ്രസാദാണ് ചിത്രം നിർമ്മിക്കുന്നത്. മദ്രാസ് പട്ടണം, ദൈവത്തിരുമകൾ, തലൈവാ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് ആർഎൽ വിജയ്. ചലച്ചിത്രതാരമായി വന്ന് ഇന്ത്യൻ രാഷ്ട്രീയത്തിനെ ഏടായി മാറിയ ജയലളിതയുടെ ജീവിതം തന്നെയാണ് ഈ ചിത്രവും കൈകാര്യം ചെയ്യുക.