കോഴിക്കോട്: വിവാഹ സൽക്കാരത്തിന്റെ വീഡിയോ വെറുതെ ഒന്ന് പകർത്തിയതാ നോക്കുമ്പോൾ അതിൽ വിളിക്കാതെ ഒരു അതിഥി നടന്ന് പോകുന്നു. സൂക്ഷിച്ച് നോക്കിയപ്പോഴാണ് അത് ഒന്നാന്തരം ഒരു പുലിയാണെന്ന് മനസ്സിലായത്. കോഴിക്കോട് പെരുവയൽ പള്ളിത്താഴത്ത് കോളാട്ട് പ്രദേശത്താണ് പുലി പ്രത്യക്ഷപ്പെട്ടത്.

ഇതിനെത്തുടർന്ന് പൊലീസെത്തി ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി. വിവാഹ വിരുന്നിനിടെ എടുത്ത ദൃശ്യങ്ങൾ കുട്ടികൾ വാട്സ്അപ്പ് ഗ്രൂപ്പിൽ ഇട്ടപ്പോളാണ് ദൃശ്യത്തിൽ പുലി പതിഞ്ഞ വിവരം കാണുന്നത്. ഉടൻ തന്നെ പൊലീസിനേയും, വനംവകുപ്പിനേയും വിവരം അറിയിക്കുകയായിരുന്നു.

വീഡിയോയിൽ കാണുന്നത് പുലി തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇതോടെ വീടുകളിൽ നിന്ന് ജനങ്ങൾ പുറത്തിറങ്ങരുതെന്ന് പൊലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്. പുലിയെ പിടിക്കാൻ അധികൃതർ കൂടും സ്ഥാപിച്ചു.