ന്യൂ ഡെൽഹി: ഇറാഖിലും സിറിയയിലും ഐ എസ്സിന്റെ പിടി അയയാൻ തുടങ്ങിയതോടെ അവരുടെ തടവിലാക്കപ്പെട്ടിരുന്ന നിരവധി സ്ത്രീകളാണ് രക്ഷപ്പെടുന്നത്.വർഷങ്ങളോളം തടവിലിട്ട് ലൈംഗിക അടിമകളാക്കപ്പെട്ട യുവതികൾ പലരും പിന്നീട് രക്ഷപ്പെട്ട് തങ്ങളുടെ ദുരിത കഥകൾ വെളിപ്പെടുത്തിയിരുന്നു. അത്തരമൊരു ദുരന്ത ചിത്രമാണ് എഖ്‌ലസ് എന്ന യസീദി പെൺകുട്ടിയുടെയും. പതിനാല് വയസ്സുള്ളപ്പോഴാണ് എഖ്ലസ് ഐഎസിന്റെ പിടിയിലാകുന്നത്. ആറുമാസത്തോളം അവരുടെ ലൈംഗിക അടിമയായി അവളെ അവർ പാർപ്പിച്ചു. അനുവാദം ചോദിക്കാൻ പോലും മിനക്കെടാതെ അവളുടെ കുഞ്ഞുശരീരത്തിൽ നിത്യവും കയറിയിറങ്ങി. 

തടവിലാക്കപ്പെട്ട 150 പെൺകുട്ടികളുടെ പേരെഴുതിയിട്ട് അതിൽ നിന്ന് ലോട്ടെടുത്താണ് തന്റെ ലൈംഗിക അടിമയായി എഖ്ലാസിനെ ഐഎസിലൊരാൾ തിരഞ്ഞെടുത്തത്. 'അയാൾ വളരെ വിരൂപനായിരുന്നു. ഒരു രാക്ഷസനെപ്പോലെയാണ് എനിക്ക് തോന്നിയത്. നീണ്ട മുടിയുള്ള ഒരു വികൃതരൂപം. അയാൾക്ക് ഒരു വൃത്തികെട്ട മണമായിരുന്നു. ഞാൻ വല്ലാതെ ഭയന്നിരുന്നു. എനിക്ക് അയാളെ ഒന്നു നോക്കാൻ പോലും കഴിയുന്നുണ്ടായിരുന്നില്ല.' എഖ്ലസ് ബിബിസിയോട് പറഞ്ഞു.

ആറുമാസം നിത്യവും അയാളാൽ എഖ്ലസ് പീഡിപ്പിക്കപ്പെട്ടു. ആത്മഹത്യയെ കുറിച്ച് വരെ ചിന്തിച്ചിരുന്നതായി എഖ്ലസ് പറയുന്നു. ഒടുവിൽ ഐഎസിന്റെ പിടിയിൽ നിന്നും രക്ഷപ്പെട്ട എഖ്ലസ് ഒരു അഭയാർത്ഥി ക്യാമ്പിലാണ് എത്തിയത്. ഇന്ന് ജർമനിയിലുള്ള ഒരു മാനസികാരോഗ്യകേന്ദ്രത്തിലാണ് അവൾ. പഠനവും തെറാപ്പിയും നടക്കുന്നുണ്ട്. കഴിഞ്ഞുപോയ ഇരുണ്ട ദിനങ്ങളെ ജീവിതത്തിൽ നിന്നും എന്നന്നേക്കുമായി മായ്ച്ചുകളയണം. പിന്നെ നല്ലൊരു അഭിഭാഷകയാകണം. എഖ്ലസിന്റെ മോഹങ്ങൾ ചിറകുവിരിക്കുകയാണ്.

2014-ൽ ആണ് ഐഎസ് യസീദികളെ ഉന്നമിടാൻ തുടങ്ങിയത്. യസീദി പുരുഷന്മാരെ അവർ കൊന്നൊടുക്കി. സ്ത്രീകളേയും കുട്ടികളെയും തട്ടിക്കൊണ്ടുപോയി തടവിലാക്കി. ബഹുഭൂരിപക്ഷം സ്ത്രീകളും അവരുടെ ലൈംഗിക അടിമകളായിരുന്നു.