ഗാന്ധിധാം: സൈന്യത്തിലെ ക്രമക്കേടുകളും പീഡനങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ ഉന്നയിക്കുന്നത് സൈനിക മേധാവി വിലക്കിയതിന് പിന്നാലെ വീണ്ടുമൊരു പരാതി ഫേസ്‌ബുക്കിൽ പ്രത്യക്ഷപ്പെട്ടത് അധികൃതർക്ക് തലവേദനയാകുന്നു. പട്ടാളക്കാർക്കു നൽകുന്ന മദ്യം പുറത്തു വിൽക്കുന്നതായി ആരോപിക്കുന്ന വിഡിയോ ആണ് പ്രചരിക്കുന്നത്. അതിർത്തി രക്ഷാ സേനയിൽ (ബിഎസ്എഫ്) ക്ലാർക്കായ നവരതൻ ചൗധരിയാണ് ആരോപണം ഉന്നയിച്ചിട്ടുള്ളത്.

പലതവണ പരാതി നൽകിയിട്ടും ഫലമുണ്ടായില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ചൗധരി ഫെയ്‌സ് ബുക്കിൽ പോസ്റ്റ് നൽകിയിട്ടുള്ളത്. അതേസമയം, സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് അധികൃതർ അറിയിച്ചു. രാജസ്ഥാനിലെ ബിക്കാനിർ സ്വദേശിയായ നവരതൻ ചൗധരി ഗുജറാത്തിലെ 150 ബറ്റാലിയനിലാണ് ജോലി ചെയ്യുന്നത്. ജനുവരി 26ന് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത വിഡിയോകളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. സാധാരണ ജനങ്ങൾക്ക് മദ്യം വിൽക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവിട്ടതിലുണ്ട്. മദ്യനിരോധനം നിലനിൽക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത് എന്നിരിക്കെ ആരോപണത്തിന് ഗൗരവമേറുന്നു.

എല്ലാവരും അഴിമതി ഇല്ലാതാകണമെന്ന് ആഗ്രഹിക്കുന്നു. എന്നാൽ ആരും ഇതില്ലാതാക്കാൻ മുന്നോട്ടുവരുന്നില്ല. ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിക്കുന്ന ഒരാൾ എപ്പോഴും ഇരയാകും. എന്നാൽ അഴിമതി കാണിക്കുന്ന ആൾക്ക് ഒന്നും സംഭവിക്കുന്നില്ല. രാജ്യത്തെ സത്യസന്ധരായ ജവാന്മാരിൽ ഒരാളാണ് താൻ. തെറ്റായ കാര്യങ്ങൾ കാണുമ്പോൾ അതിനെതിരെ പരാതി നൽകിയാലും നടപടി ഉണ്ടാകുന്നില്ലെന്നും പകരം തന്നെ സ്ഥലം മാറ്റുകയാണ് ചെയ്യുന്നതെന്നും ആരോപിച്ചാണ് ജവാൻ പോസ്റ്റിട്ടിട്ടുള്ളത്.

എന്നാൽ സൈനികർ ഇത്തരം പരാതികൾ സോഷ്യൽ മീഡിയയിലും മറ്റും ഉന്നയിക്കരുതെന്നും ഇത് സൈന്യത്തിന്റെ അച്ചടക്കത്തെ ബാധിക്കുമെന്നും വ്യക്തമാക്കി പുതിയ കരസേനാ മേധാവി റാവത്ത് തന്നെ സ്ഥാനമേറ്റതിന് പിന്നാലെ നടത്തിയ പത്രസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. സൈനികർക്ക് നൽകുന്ന ഭക്ഷണം മോശമാണെന്നും മറ്റും പരാതിപ്പെട്ട് ഒരു സൈനികൻ ഫെയ്‌സ് ബുക്ക് പോസ്റ്റ് നൽകിയതിന് പിന്നാലെയായിരുന്നു ഇത്.

ഇതിനു ശേഷം കഴിഞ്ഞദിവസം ഇത്തരം പരാതികൾ അറിയിക്കാൻ അധികൃതർ ഒരു വാട്‌സ് ആപ് നമ്പരും പുറത്തിറക്കി. എന്നാൽ അതുകൊണ്ടൊന്നും പ്രശ്‌നം തീരുന്നില്ലെന്ന് വ്യക്തമാക്കിയാണ് പുതിയ പരാതിയും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്.

സൈനികർക്ക് അവരുടെ പ്രശ്‌നങ്ങൾ കരസേനാമേധാവി ജനറൽ ബിപിൻ റാവത്തുമായി നേരിട്ട് പങ്കുവയ്ക്കാനാണു സൈന്യം വാട്‌സ്ആപ്പ് സൗകര്യം ഏർപ്പെടുത്തിയത്. പരാതികൾ +91 9643300008 എന്ന നമ്പറിലേക്കാണ് അയക്കേണ്ടതെന്നും. സമൂഹമാദ്ധ്യമങ്ങൾ വഴി സൈനികരും അർധസൈനികരും പ്രശ്‌നങ്ങൾ ഉന്നയിക്കരുതെന്നുമായിരുന്നു നിർദ്ദേശം. 

സമൂഹമാദ്ധ്യമങ്ങളിലൂടെ ജോലിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും പരാതികളും പ്രചരിപ്പിക്കുന്ന സൈനികർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കരസേനാ മേധാവി ബിപിൻ റാവത്ത് മുന്നറിയിപ്പു നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ സംവിധാനം ഒരുക്കിയത്.

സൈനികർക്ക് നിലവിൽ പരാതികൾ ഉന്നയിക്കാൻ പലമാർഗങ്ങളും നൽകുന്നുണ്ട്. ഇതിലൊന്നും തൃപ്തരാവാത്തവർക്ക് കരസേനാമേധാവിയുടെ ഓഫിസുമായി നേരിട്ട് ബന്ധപ്പെടാനാണ് പുതിയ വാട്‌സ്ആപ്പ് നമ്പറെന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചത്. എന്നാൽ, പുതിയ നീക്കം പ്രായോഗികമല്ലെന്ന് അന്നുതന്നെ ചില സൈനികർ പ്രതികരിച്ചിരുന്നു.

1.3 മില്യൺ വ്യക്തികളുടെ കരുത്തുള്ള ഇന്ത്യൻ സൈന്യത്തിലെ ആളുകളുടെ പരാതി കേൾക്കാൻ ഒരു നമ്പർ കൊണ്ട് സാധിക്കില്ലെന്നും കൂടാതെ ഈ നമ്പറിലേക്ക് ലോകത്ത് ആർക്കുവേണമെങ്കിലും സന്ദേശം അയക്കാമെന്നിരിക്കെ ഇത്തരത്തിൽ എത്ര സന്ദേശങ്ങൾ പരിഗണിക്കപ്പെടുമെന്നും ചോദിച്ചായിരുന്നു പ്രതികരണം. ഇതിന് പിന്നാലെയാണ് വീണ്ടും സോഷ്യൽ മീഡിയയിൽ പരാതി ഉയർന്നിട്ടുള്ളത്. 

ആദ്യ വീഡിയോ റിപ്പബ്ലിക്ക് ദിനത്തിനാണ് നൽകിയതെങ്കിൽ വീണ്ടും പ്രശ്‌നം തുടങ്ങിയെന്ന് വ്യക്തമാക്കി ഇന്ന് വീണ്ടുമൊരു വീഡിയോ കൂടി ചൗധരി പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതോടെ നിരവധി പേരാണ് ചൗധരിയെ അഭിനന്ദിച്ചുകൊണ്ടും ഇത്തരം തട്ടിപ്പുകൾ തുറന്നുകാട്ടുന്നതിനും അഭിനന്ദിച്ച് രംഗത്തെത്തുന്നത്.