മേളയുടെ മൂന്നാം ദിനമായ ഞായറാഴ്ച 67 സിനിമകൾ പ്രദർശിപ്പിക്കും. അമിത് വി മസുർക്കറിന്റെ ന്യൂട്ടൻ, സഞ്ജു സുരേന്ദ്രന്റെ ഏദൻ, നിള മദ്ഹബ് പാണ്ഡെയുടെ ഡാർക്ക് വിൻഡ് എന്നിവയാണ് മത്സര വിഭാഗത്തിലെ ഇന്ത്യൻ സാന്നിധ്യങ്ങൾ. ഗ്രെയ്ൻ, വൈറ്റ് ബ്രിഡ്ജ്, വാജിബ് തുടങ്ങിയവയാണ് മത്സര വിഭാഗത്തിലെ മറ്റു ചിത്രങ്ങൾ. ഗോവൻ മേളയിൽ ശ്രദ്ധേയമായ ടേക്ക് ഓഫ്, അതിശയങ്ങളുടെ വേനൽ, കറുത്ത യഹൂദൻ എന്നിവയാണ് മലയാള സിനിമാ വിഭാഗത്തിൽ പ്രദർശിപ്പിക്കുക.

കൺട്രി ഫോക്കസിൽ ഫെർണാൻഡ പെസോവയുടെ സ്റ്റോറീസ് ദാറ്റ് ഔർ സിനേമ ഡിഡ് (നോട്ട്) ടെൽ അടക്കം നാല് ബ്രസീലിയൻ ചിത്രങ്ങൾ പ്രദർശിപ്പിക്കും. ടി.വി ചന്ദ്രന്റെ ഡാനി, അലക്സാണ്ടർ സുക്കറോവിന്റെ ദ സൺ എന്നിവയാണ് ഇന്നത്തെ ജൂറി ചിത്രങ്ങൾ. മഹ്മത് സലേ ഹാറൂണിന്റെ മൂന്ന് ഫ്രഞ്ച് ചിത്രങ്ങളും മിഷേൽ ഫ്രാങ്കോയുടെ മൂന്ന് മെക്സിക്കൻ ചിത്രങ്ങളും കണ്ടംപററി വിഭാഗത്തിൽ പ്രദർശിപ്പിക്കും.

സത്യജിത്ത് റേ സംവിധാനം ചെയ്ത ചാരുലതയുടെ പ്രത്യേക പ്രദർശനം വൈകിട്ട് 8.45 ന് ശ്രീ തിയേറ്ററിൽ നടക്കും. ടോണി ഗാറ്റ്ലിഫിന്റെ ഫ്രഞ്ച് ചിത്രം ഡ്ജാം, സദഫ് ഫൊറോഖിയുടെ ഇറാനിയൻ ചിത്രം ആവ, ജാൻ സ്പെക്കൻബച്ചിന്റെ ജർമ്മൻ ചിത്രം ഫ്രീഡം എന്നിവയടക്കം 24 ചിത്രങ്ങളാണ് ലോക സിനിമാ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്.