ന്യൂഡൽഹി: അർണാബ് ഗോസ്വാമിയുടെ റിപബ്ലിക് ചാനൽ ബിജെപി നേതാക്കളെ അത്യാനന്ദത്തിലാഴ്‌ത്തിയിരിക്കുകയാണ്. ചാനൽ പുറത്തുകൊണ്ടുവന്ന രണ്ട് വൻ ആരോപണങ്ങളാണ് ബിജെപി നേതാക്കളെ സന്തോഷത്തിലാക്കിയിരിക്കുന്നത്. ആദ്യത്തേത് മുൻ കേന്ദ്രമന്ത്രിയും ആർജെഡി നേതാവുമായ ലാലു പ്രസാദ് യാദവിനെതിരേയുള്ളതായിരുന്നു. കൊടും ക്രിമിനലായ ഷഹാബുദ്ദീനിൽനിന്ന് ലാലു ഉത്തരവുകൾ സ്വീകരിക്കുന്നതിന്റെ ഓഡിയോ ആണ് അർണാബിന്റെ ചാനൽ പുറത്തുവിട്ടത്.

രണ്ടാമത്തേത് മുൻ കേന്ദ്രമന്ത്രിയും തിരുവനന്തപുരം എംപിയുമായ ശശി തരൂരിനെതിരേയായിരുന്നു. തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിനെ ഡൽഹിയിലെ ലീല ഹോട്ടലിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ വൻ ഗുഡാലോചന നടന്നുവെന്നാണ് അർണാബ് ആരോപിക്കുന്നത്. സുനന്ദയുടെ മരണം നടന്നദിവസവും തലേന്നും തരൂരിന്റെ അനുയായി നാരായണനുമായി മാധ്യമപ്രവർത്തക പ്രേമ നടത്തിയ ഫോൺ സംഭാഷണങ്ങൾ പുറത്തുവിട്ടുകൊണ്ടാണ് അർണാബ് ആരോപണം ഉന്നയിച്ചത്. 19 ഓഡിയോ ടേപ്പുകളാണ് റിപബ്ലിക് ചാനൽ പുറത്തുവിട്ടിരിക്കുന്നത്. ആരോപണം നിഷേധിച്ച തരൂർ കോടതിയിൽ തെൡയിക്കാൻ അർണാബിനെ വെല്ലുവിളിച്ചിരിക്കുകയാണ്. എന്നാൽ ഉപരാഷ്ട്രപതി സാധ്യതപോലും കല്പിക്കപ്പെട്ട തരൂരിന്റെ പലവിധ സാധ്യതകൾ ഇതോടെ അസ്തമിച്ചുവെന്ന് വിലയിരുത്തപ്പെടുന്നുണ്ട്.

എന്തായാലും തങ്ങളുടെ രാഷ്ട്രീയ എതിരാളികളെ അർണാബ് മുൾമുനയിൽ നിർത്തുന്നതിൽ മുതിർന്ന ബിജെപി നേതാക്കൾ അഭിനന്ദനം ചൊരിഞ്ഞു രംഗത്തെത്തിക്കഴിഞ്ഞു. കേന്ദ്ര മന്ത്രിമാർ അടക്കമുള്ളവരുടെ ട്വിറ്ററിലെ സന്ദേശങ്ങൾ ഇക്കാര്യം വ്യക്തമാക്കുന്നു. കേന്ദ്ര മന്ത്രിമാരായ വെങ്കയ്യ നായിഡു, സുരേഷ് പ്രഭു, പീയൂഷ് ഗോയൽ തുടങ്ങിയ പ്രമുഖ നേതാക്കളാണ് അർമാബിനും റിപബ്ലിക് ടിവിക്കും അഭിനന്ദനം ചൊരിഞ്ഞു രംഗത്തെത്തിയിരിക്കുന്നത്. പ്രധാനമന്ത്രി മോദിയുടെയും ബിജെപിയുടെയും കുഴലൂത്തുകാരനാണ് അർണാബ് എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

അർണാബ് ചാനൽ രംഗത്തേക്കു തിരിച്ചുവന്നതിൽ അതിസന്തോഷമെന്നാണ് കേന്ദ്ര ഊർജ സഹമന്ത്രിയായ പീയൂഷ് ഗോയൽ ട്വിറ്ററിൽ കുറിച്ചത്. ഇന്ത്യൻ മാധ്യമരംഗത്ത് പുതിയ ഉയരങ്ങൾ കീഴടക്കുന്ന അർമാബിന് ഭാവുകങ്ങൾ നേരുന്നതായും പീയൂഷ് കുറിച്ചു.

അർണാബിന് അഭിവയോധികി നേർന്നാണ് കേന്ദ്ര റെയിൽവേമന്ത്രി. പുതിയ സംരംഭത്വത്തിന് അർണാബിന് നല്ലതു നേരുന്നു. കീഴടക്കാനായി പുതിയ ഉയരങ്ങൾ നിശ്ചയിക്കുന്ന നിങ്ങൾ ഏവരെയും അതിശയിപ്പിക്കുന്നുവെന്നും സുരേഷ് പ്രഭു കൂട്ടിച്ചേർക്കുന്നു.

റിപബ്ലിക് ടിവിയുടെ ലോഞ്ചിംഗിൽ അർണാബ് ഗോസ്വാമിക്കും അദ്ദേഹത്തിന്റെ ടീമിനും ഭാവുകങ്ങൾ നേരുന്നതായി കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവും ട്വിറ്ററിൽ കുറിച്ചു.

ടൈംസ് നൗ ചാനലിൽ ആയിരിക്കവേ തീവ്രദേശീയതയും മോദി അനുകൂല നിലപാടുകളാലും കുപ്രസിദ്ധിയാർജിച്ച മാധ്യമപ്രവർത്തകനാണ് അർണാബ്. പുതിയ ചാനൽ തുടങ്ങി അദ്ദേഹം മടങ്ങിയെത്തിയതിനെ മുതിർന്ന നേതാക്കൾ മാത്രല്ല, ബിജെപിയുടെ പാർലമെന്റ് അംഗങ്ങളും സ്വാഗതം ചെയ്തിട്ടുണ്ട്. അനുരാഗ് താക്കൂർ, നൂപുർ ശർമ, തേജീന്ദർപാൽ ബാഗ തുടങ്ങിയ നേതാക്കളാണ് അർണാബിന്റെ മടങ്ങിവരവിനെ സ്വാഗതം ചെയ്തിരിക്കുന്നത്.

റിപബ്ലിക് ടിവിയുടെ കാര്യത്തിൽ അത്ര സന്തോഷത്തിലല്ലാത്ത ഏക ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി മാത്രമാണ്. അർണാബിന്റെ ചാനലിന് റിപബ്ലിക് എന്നു പേരു നല്കിയതിൽ സ്വാമി നേരത്തേ പരാതി നല്കിയിരുന്നു. തുടർന്നാണ് റിപബ്ലിക് ടിവി എന്നാക്കി മാറ്റിയത്. അർണാബിനെ അജ്ഞനെന്നും വിഡ്ഡിയെന്നും നുണയനെന്നും മുമ്പു വിളിച്ചിട്ടുണ്ട് സ്വാമി.

ചാനൽ തുടങ്ങിയ മെയ്‌ ആറിനും അർണാബിനെ വിമർശിച്ച് സ്വാമി ട്വീറ്റ് ചെയ്തു. അർണാബ് തട്ടിപ്പുമായാണ് തുടങ്ങിയിരിക്കുന്നത്. റിപബ്ലിക് വിപുലമാണ്. ടിവി മൈക്രോസ്‌കോപിക്കും. ചാനലിന്റെ റിപ്പോർട്ടർമാർ റിപബ്ലിക് എന്നു മാത്രമാണു പറയുന്നത്. ഇതിനെതിരേ ആരും ക്രിമിനൽ പരാതി നല്കുന്നില്ലേയെന്നും സ്വാമി ചോദിച്ചു. ചാനലിനോ അതിന്റെ ഉടമസ്ഥർക്കോ എതിരേയല്ല തന്റെ പ്രതിഷേധമെന്നും സ്വാമി വിശദീകരിക്കുന്നു.