- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാദങ്ങൾക്കും വിമർശനങ്ങൾക്കും വിട;സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്ത് ജോയ്സ്നയും ഷെജിനും; അഭിവാദ്യങ്ങളർപ്പിച്ച് സാന്നിദ്ധ്യമായി പ്രിയ സഖാക്കളും; വിവാഹ ചിത്രം പങ്കുവെച്ച് ഷെജിൻ
കോഴിക്കോട്: മിശ്ര വിവാഹത്തിന്റെ പേരിൽ വിവാദത്തിലകപ്പെട്ട സിപിഐഎം ലോക്കൽ കമ്മിറ്റിയംഗം ഷെജിനും ജോയ്സ്നയും വിവാഹം രജിസ്റ്റർ ചെയ്തു. കോടഞ്ചേരി സബ് രജിസ്ട്രാർ ഓഫീസിലാണ് ഇരുവരും വിവാഹം രജിസ്റ്റർ ചെയ്തത്. പ്രിയ സഖാക്കളുടെ സാന്നിധ്യത്തിൽ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്തെന്ന് ഷെജിൻ ഫേസ്ബുക്കിൽ കുറിച്ചു. സിപിഐഎം, ഡിവൈഎഫ്ഐ നേതാക്കൾക്കൊപ്പം സബ് രജിസ്ട്രാർ ഓഫീസിന് മുന്നിൽ നിൽക്കുന്ന ചിത്രവും ഷെജിൻ പങ്കുവെച്ചിട്ടുണ്ട്.
ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം ദിപു പ്രേംനാഥും തിരുവമ്പാടിയിലെ സിപിഐഎം പ്രവർത്തകരും സബ് രജിസ്ട്രാർ ഓഫീസിലെത്തി.കോഴിക്കോട് കോടഞ്ചേരി സ്വദേശികളായ ഷെജിനും ജോയ്സ്നയും വിവാഹം കഴിഞ്ഞത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഡിവൈഎഫ്ഐ നേതാവ് കൂടിയായ ഷെജിൻ ഇതരമതസ്ഥയായ ജോയ്സ്നയെ വിവാഹം ചെയ്തത് ലൗ ജിഹാദാണെന്ന ആരോപണമുയർത്തി പ്രദേശത്ത് ക്രിസ്ത്യൻ സംഘടനകളുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെ നടന്നിരുന്നു. ഇരുവരുടേയും വിവാഹം ലൗ ജിഹാദാണെന്നായിരുന്നു തീവ്രസംഘടനകളുടെ ആരോപണം.
ഇരുവർക്കുമെതിരെ സിപിഐഎം പരസ്യമായി രംഗത്തെത്തിയിരുന്നു. പ്രാദേശിക നേതാവായ ഷെജിൻ പാർട്ടിയെ അറിയിക്കാതെയാണ് വിവാഹം നടത്തിയതെന്നും ഇരുവരുടേയും വിവാഹം പ്രദേശത്ത് സാമുദായിക സംഘർഷത്തിന് വഴിവെക്കും എന്നുമായിരുന്നു കോഴിക്കോട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗവും മുൻ എംഎൽഎയുമായ ജോർജ്ജ് എം തോമസ് പരാമർശം. കേരളത്തിൽ ലൗ ജിഹാദ് യാഥാർത്ഥ്യമാണെന്നും മിശ്ര വിവാഹം നടത്തിയ ഷെജിനെതിരെ നടപടി ഉണ്ടാവുമെന്നും ജോർജ്ജ് എം തോമസ് പറഞ്ഞിരുന്നു.
എന്നാൽ, ജോർജ്ജ് എം തോമസിനെ തിരുത്തി ജില്ലാ സെക്രട്ടറി പി മോഹനൻ രംഗത്തെത്തിയിരുന്നു.ജോർജ്ജ് എം തോമസിനെ പൂർണ്ണമായും തള്ളുന്നതായിരുന്നു ഡിവൈഎഫ്ഐയുടെ നിലപാട്. ലൗ ജിഹാദ് ഒരു നിർമ്മിത കള്ളം ആണെന്ന് പ്രസ്താവനയിറക്കിയ ഡിവൈഎഫ്ഐ ഷെജിനും ജോയ്സ്നയ്ക്കും പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിരുന്നു. മതേതര വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും ഇരുവരേയും പിന്തുണയ്ക്കുന്നുവെന്നും ഡിവൈഎഫ്ഐ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.
കേരളത്തിന്റെ മത നിരപേക്ഷ സാംസ്കാരിക പൈതൃകത്തിൽ വിള്ളൽ വീഴ്ത്താൻ സ്ഥാപിത ശക്തികൾ മനഃപൂർവം കെട്ടി ചമച്ച അജണ്ടയാണ് ലൗ ജിഹാദ് എന്ന പ്രയോഗം എന്നുമായിരുന്നു ഡിവൈഎഫ്ഐ നിലപാട്.
മറുനാടന് മലയാളി ബ്യൂറോ