- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
കൂടെവരുന്നവർക്കും സൗജന്യ ടിക്കറ്റ്; സംസ്ഥാന തലസ്ഥാനങ്ങളിൽ ഗസ്റ്റ് ഹൗസ്; പലിശയില്ലാ വായ്പ: എംപിമാരുടെ പുതിയ മോഹങ്ങളിൽ 27 ആവശ്യങ്ങൾ കൂടി! എത്രകിട്ടിയാലും മതിയാവില്ലേ നമ്മുടെ എംപിമാർക്ക്
പത്തു കിട്ടുകിൽ നൂറു മതിയെന്നും. ശതമാകിൽ സഹസ്രം മതിയെന്നും...ജ്ഞാനപ്പാനയിൽ പൂന്താനം അന്നേ എഴുതിയത് നമ്മുടെ പാർലമെന്റ് അംഗങ്ങളെക്കുറിച്ചാണോ? ശമ്പളത്തിലും മറ്റലവൻസുകളിലും 300 ശതമാനത്തോളം വർധനവ് നേടിയെടുത്ത എംപിമാർ, ഇപ്പോൾ പുതിയ ആഗ്രഹങ്ങളുമായി രംഗത്തിറങ്ങിയിരിക്കുകയാണ്. വേതന പരിഷ്‌കരണത്തിന് പുറമെ, 27 ആവശ്യങ്ങളടങ്ങിയ പട്ടികയാണ് എം
പത്തു കിട്ടുകിൽ നൂറു മതിയെന്നും. ശതമാകിൽ സഹസ്രം മതിയെന്നും...ജ്ഞാനപ്പാനയിൽ പൂന്താനം അന്നേ എഴുതിയത് നമ്മുടെ പാർലമെന്റ് അംഗങ്ങളെക്കുറിച്ചാണോ? ശമ്പളത്തിലും മറ്റലവൻസുകളിലും 300 ശതമാനത്തോളം വർധനവ് നേടിയെടുത്ത എംപിമാർ, ഇപ്പോൾ പുതിയ ആഗ്രഹങ്ങളുമായി രംഗത്തിറങ്ങിയിരിക്കുകയാണ്. വേതന പരിഷ്‌കരണത്തിന് പുറമെ, 27 ആവശ്യങ്ങളടങ്ങിയ പട്ടികയാണ് എംപിമാർ സമർപ്പിച്ചിട്ടുള്ളത്. പാർലമെന്ററി പാനൽ ഇത് പഠിച്ചുകൊണ്ടിരിക്കുകയാണ്.
എംപിമാരുടെ മണ്ഡല അലവൻസ് വർധിപ്പിക്കുക, പേഴ്‌സണൽ സ്റ്റാഫിന്റെ ശമ്പളം വർധിപ്പിക്കുക, ഇന്ത്യയിലെവിടെയും യാത്രയിൽ കൂടെവരുന്നവർക്ക് സൗജന്യ ടിക്കറ്റ് അനുവദിക്കുക, പലിശയില്ലാതെ ഭവനവായ്പ നൽകുക തുടങ്ങിയവയാണ് എംപിമാർ പുതിയതായി മുന്നോട്ടുവച്ചിട്ടുള്ള ആവശ്യങ്ങൾ. നിലവിൽ, ഇന്ത്യയിലെവിടെയും എംപിമാർക്കും ജീവിത പങ്കാളിക്കും സൗജന്യ ഫസ്റ്റ് ക്ലാസ് ട്രെയിൻ ടിക്കറ്റ് ലഭിക്കുന്നുണ്ട്. ഇത് കൂടെ വരുന്ന അനുയായിക്കുകൂടി ബാധകമാക്കണമെന്നാണ് ആവശ്യം.
ബിജെപി എംപി യോഗി ആദിത്യനാഥ് നേതൃത്വം നൽകുന്ന പാനലാണ് ഇക്കാര്യങ്ങൾ പരിശോധിക്കുന്നത്. സെപ്റ്റംബറിനുശേഷം മൂന്നുതവണ പാനൽ യോഗം ചേർന്നിരുന്നു. സർക്കാരിന്റെ അഭിപ്രായം കിട്ടിയശേഷം അന്തിമ റിപ്പോർട്ട് സമർപ്പിക്കാനിരിക്കുകയാണവർ.
എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും എംപിമാർക്ക് ഗസ്റ്റ് ഹൗസുകൾ അനുവദിക്കുക, അവിടേക്ക് പോകുന്നതിന് ഔദ്യോഗിക വാഹനം അനുവദിക്കുക, ഡൽഹിക്ക് പുറത്ത് സഞ്ചരിക്കുമ്പോൾ, പാർലമെന്ററി പാനലുകളുടെ അദ്ധ്യക്ഷന്മാർക്ക് സുരക്ഷ ഏർപ്പെടുത്തുക, കേന്ദ്രീയ വിദ്യാലയങ്ങളിൽ എംപി ക്വാട്ട 15 ആയി ഉയർത്തുക, മുൻ എംപിമാർക്ക് ഡിപ്ലോമാറ്റിക് പാസ്‌പോർട്ട് നൽകുക, പ്രാദേശിക വികസന ഫണ്ട് വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചിട്ടുണ്ട്.
2010-ലാണ് എംപിമാരുടെ ശമ്പളവും അലവൻസുകളും വർധിപ്പിച്ചത്. 15,000-ൽനിന്ന് 50,000 രൂപയായാണ് ശമ്പളം വർധിപ്പിച്ചത്. മണ്ഡല അലവൻസ് 20,000-ൽനിന്നും 40,000 ആയി വർധിച്ചപ്പോൾ, ദിനബത്ത ആയിരത്തിൽനിന്ന് രണ്ടായിരമായി. ഡൽഹിയിൽ വാടകയില്ലാതെ ഫഌറ്റുകളും സബ്‌സിഡി നിരക്കിൽ ബംഗ്ലാവുകളും ലഭിക്കുന്നുണ്ട്. കുറഞ്ഞ പലിശയ്ക്ക് കാർലോണും ലഭിക്കും. പാർലമെന്റംഗങ്ങളുടെ ശമ്പള, അലവൻസുകൾ പരിഷ്‌കരിക്കുന്നത് ഇതുമായി ബന്ധപ്പെട്ട നിയമത്തിൽ ഭേദഗതി വരുത്തിക്കൊണ്ടാണ്. നാലുവർഷം മുമ്പാണ് നിയമം ഭേദഗതി ചെയ്തത്.