ന്യൂഡൽഹി: സ്‌പൈനൽ മസ്‌കുലർ അട്രോഫി (എസ്എംഎ) മരുന്നിന് നികുതി ഒഴിവാക്കി. സോൾജിൻസ്മ ഇഞ്ചക്ഷൻ ഉൾപ്പെടെയുള്ള മരുന്നുകൾക്ക് ഇത് ബാധകമാണ്. ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് നിർണായക തീരുമാനം. ഇറക്കുമതി ചെയ്യുന്ന എസ്എംഎ മരുന്നിന് കോടികളാണ് വില.

ബയോ ഡീസലിന്റെ നികുതി കുറച്ചതായി ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി. 12 ശതമാനം ഉണ്ടായിരുന്ന നികുതി അഞ്ച് ശതമാനമാക്കിയാണ് കുറച്ചത്. ക്യാൻസർ മരുന്നുകളുടെ ജിഎസ്ടി കുറയ്ക്കാനും കൗൺസിലിൽ തീരുമാനമായിരുന്നു. ഇതോടെ ക്യാൻസർ മരുന്നുകളുടെ വില കുറയും.

ഓൺലൈൻ ആപ്പുകൾ വഴിയുള്ള ഭക്ഷണ വിതരണം ജിഎസ്ടി പരിധിയിൽ ആക്കാൻ നേരത്തെ യോഗത്തിൽ തീരുമാനമുണ്ടായിരുന്നു. നികുതി ചോർച്ച തടയുകയാണ് ലക്ഷ്യം. 2022 ജനുവരി ഒന്ന് മുതൽ ആപ്പ് വഴിയുള്ള ഭക്ഷണ വിതരണത്തിന് ജിഎസ്ടി ഈടാക്കാൻ ആരംഭിക്കും. ആപ്പുകളിൽ നിന്നായിരിക്കും നികുതി ഈടാക്കുക. ഹോട്ടലിൽ നൽകുന്ന ഭക്ഷണത്തിന് സമാനമായി അഞ്ച് ശതമാനം ജിഎസ്ടിയായിരിക്കും ഓൺലൈൻ ഭക്ഷണത്തിനും ഈടാക്കുക.

അതിനിടെ പെട്രോളിയം ഉൽപ്പന്നങ്ങളെ ജിഎസ്ടി പരിധിയിൽ ഉൾപ്പെടുത്തുന്നതിൽ തീരുമാനമായില്ല. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ എതിർപ്പ് ഉന്നയിച്ചതിനെ തുടർന്നാണ് തീരുമാനമെടുക്കുന്നത് നീട്ടിവെച്ചത്. വിഷയം പിന്നീട് ചർച്ച ചെയ്യാമെന്ന് ജിഎസ്ടി കൗൺസിൽ യോഗം തീരുമാനിച്ചു.