മാന്നാർ: മുട്ട കയറ്റി വന്ന പിക് അപ്പ് വാൻ പാടത്തേക്ക് മറിഞ്ഞു. ആളപായമില്ല. മാന്നാർ മൂർത്തിട്ട മുക്കാത്താരി റോഡിൽ വാഴത്തറ ട്രാൻസ്ഫോർമറിന് സമീപമാണ് അപകടം. മുട്ടകയറ്റി വന്ന പിക്കപ്പ് വാൻ വേഴത്താർ പാടത്തിലേക്ക് മറിയുകയായിരുന്നു.

അപകടത്തിൽ റോഡിന്റെ തിട്ടയിടിഞ്ഞു. ഡ്രൈവർ ഉൾപ്പടെ രണ്ട് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ആർക്കും പരിക്കേറ്റില്ല. ശനിയാഴ്ച രാവിലെ 11 മണിയോടെ അപകടം നടന്നത്.

നാട്ടുകാരുടെ നേതൃത്വത്തിൽ വാഹനത്തിൽ ഉണ്ടായിരുന്ന മുട്ടയും ട്രേകളും കരക്കെത്തിച്ചു. പകുതിയിലേറെയും പൊട്ടിയ നിലയിലായിരുന്നു. കടകളിലേക്ക് വിതരണം ചെയ്യാൻ കൊണ്ടു വന്ന മുട്ടകളായിരുന്നു.

നാൽപതിനായിരത്തോളം രൂപയുടെ മുട്ട വാഹനത്തിലുണ്ടായിരുന്നതായി ഉടമയും മുട്ട വ്യാപാരിയുമായ ഹരിപ്പാട് സ്വദേശി ഷഫീക്ക് പറഞ്ഞു. പൊതുവെ വീതി കുറഞ്ഞ റോഡിന്റെ സൈഡിൽ സ്ഥാപിച്ചിരിക്കുന്ന ട്രാൻസ്ഫോർമർ കാരണം വാഹനങ്ങൾ ബുദ്ധിമുട്ടിയാണ് ഇതുവഴി കടന്നു പോകുന്നത്.