രാപ്പാർട്ടികൾക്കും സംഗീതപ്പെരുമഴപ്പെയ്യുന്ന ആഘോഷങ്ങൾക്കും പേരു കേട്ട സ്‌പെയ്‌നിലെ ദ്വീപായ എവിസ്സയെ വെല്ലുന്ന ഒരു മനുഷ്യ നിർമ്മിത ദ്വീപ് പേർഷ്യൻ ഉൾക്കടലിൽ ഒരുങ്ങുന്നു. ആധൂനിക അറേബ്യൻ രാത്രികളുടെ തലസ്ഥാനമായ ദുബായിൽ നിന്നും 40 മിനിറ്റ് ദൂരം യാത്ര ചെയ്താൽ എത്തുന്ന യുഎഇയിലെ മറ്റൊരു എമിറേറ്റ് ആയ റാസൽ ഖൈമയിലാണ് സർവ്വസ്വാതന്ത്ര്യങ്ങളും അനുവദിക്കുന്ന ആഢംബര ദ്വീപ് ജന്മം കൊള്ളുന്നത്. ഡ്രീം അയലന്റ് എന്നു പേരിട്ടിരിക്കുന്ന ഈ ദ്വീപിന് 20,000 പേരെ ഉൾക്കൊള്ളാനാകും. മദ്യപാനോത്സവങ്ങൾക്കും രാപ്പാർട്ടികൾക്കും വിനോദത്തിനും മാത്രമായുള്ള ഇവിടെ രണ്ടു മെഗാ ക്ലബുകളും നാലു ബീച്ച് ക്ലബുകളും അഞ്ച് ഹോട്ടലുകളും 100 റെസ്ട്രന്റുകളുമാണ് അണിഞ്ഞൊരുങ്ങുന്നത്.

യുഎഇയിൽ താരതമ്യേന കൂടുതൽ സ്വാതന്ത്ര്യം അനുവദിക്കുന്ന ദുബയിൽ പോലും മദ്യപിക്കാൻ വ്യക്തികൾ സ്വന്തമായി ലൈസൻസെടുക്കണമെങ്കിൽ ഈ ദ്വീപിൽ കുടി തടയുന്ന ഒരു നിയമവും ചട്ടങ്ങളുമില്ല. മദ്യത്തിനും അൽപ്പ വസ്ത്രധാരണത്തിനും കടുത്ത നിയന്ത്രണങ്ങളുള്ള അറേബ്യൻ ഗൾഫിൽ സന്ദർശകർക്ക് എന്തിനും സ്വാതന്ത്രമുണ്ടായിരിക്കും ഇവിടെ എന്നാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്. ഈ ദ്വീപിനെ ഒരു ചെറു എവിസ്സയാക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് മാർക്കെറ്റിങ് ഡയറക്ടർ ജോർജ് സാദ് പറയുന്നു. പാർട്ടികൾക്കായി സന്ദർശകരെ ഇങ്ങോട്ടു ആകർഷിക്കുകയും ലോകത്ത് ചെയ്യാൻ പറ്റുന്നതൊക്കെ ഇവിടെയും അനുവദിക്കുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വമ്പൻ ആഘോഷങ്ങൾക്ക് ആതിഥ്യമരുളാനുള്ള സംവിധാനങ്ങളും ഇവിടെ ഒരുക്കുന്നുണ്ട്.

അൽ മർജാൻ എന്നു പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഭാഗമായി നാലു കൊച്ചു ദ്വീപുകളാണ് നിർമ്മാതാക്കൾ ആസൂത്രണം ചെയ്തിരിക്കുന്നത്. ഏതാണ്ട് മൂന്ന് മൈലുകളോളം കടലിലേക്ക് വ്യാപിച്ചു കിടക്കുന്ന ഇവയുടെ മൊത്തം വിസ്തൃതി 2.7 ലക്ഷം ചതുരശ്ര അടി വരും. ഇവയിൽ മൂന്നാം ദ്വീപിന്റെ നിർമ്മാണ പദ്ധതികൾക്കായി ബ്രിട്ടീഷ് നിക്ഷേപകരെ തേടി ദുബയ് പ്രൊപർട്ടി ഷോ ലണ്ടനിൽ നടന്നു വരുന്നുണ്ട് ഇപ്പോൾ. ദുബയ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ മഖ്തൂം അൽ മഖ്തൂം ആണ് ഈ ഷോ കഴിഞ്ഞ ദിവസം ഉൽഘാടനം ചെയ്തത്. രാപ്പാർട്ടികൾക്ക് മാത്രമായി ഒരുങ്ങുന്ന 400 ചതുരശ്ര അടി വിസ്തീർണമുള്ള ദ്വീപിൽ വീടുകൾ ഉണ്ടാകില്ല. അയൽ ദ്വീപുകളിൽ നിന്നുള്ളവർക്കും പുറത്തു നിന്നുള്ള സന്ദർശകർക്കും മാത്രമായിരിക്കും പ്രവേശനം. 2013-ൽ തുടങ്ങിയ നിർമ്മാണം 2018-ൽ പൂർത്തിയാക്കുമെന്നാണ് നിർമ്മാതാക്കൾ പറയുന്നത്.