കോഴിക്കോട്: ഞാൻ നിഷ്പക്ഷനാണ് എന്ന് പറഞ്ഞ് രാഷ്ട്രീയ നിലപാടുകൾ പുറത്തു പറയാതെ മാറി നിൽക്കുന്നവരാണ് സിനിമാ താരങ്ങളിൽ ഭുരിഭാഗവും. എന്നാൽ അന്തരിച്ച, മലയാളത്തിന്റെ പ്രിയപ്പെട്ട നടി കെപിഎസി ലളിത അത്തരത്തിലുള്ള ഒരാൾ ആയിരുന്നില്ല. ഇടതുപക്ഷമാണ് തന്റെ പക്ഷമെന്ന് അവർ എപ്പോഴും പ്രഖ്യാപിച്ചിരുന്നു. എന്നാൽ 'അന്തംകമ്മി രാഷ്ട്രീയം' എന്ന് സോഷ്യൽ മീഡിയയിൽ പരിഹസിക്കപ്പെടുന്നതും ആയിരുന്നില്ല അവരുടെ നിലപാട്. കോൺഗ്രസിലെ പല നേതാക്കളുമായി അവർക്ക് അടുത്ത വ്യക്തിബന്ധവും സൗഹൃദവും ഉണ്ടായിരുന്നു. ബിജെപി എംപി കൂടിയായ സുരേഷ് ഗോപി, തനിക്ക് മകനെപ്പോലെയാണെന്നും, അവർ പലയിടത്തും പറഞ്ഞിരുന്നു. ലളിതച്ചേച്ചിയുടെ സഹായത്തിനായി ഏതുനിമിഷവും സുരോഷ് ഗോപി ഓടിയെത്താറുണ്ടായിരുന്നു.

'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി' എന്നത് അടക്കമുള്ള ഒട്ടേറെ വിഖ്യാത നാടകങ്ങളിലൂടെ കേരളത്തിൽ ഇടതുപക്ഷത്തിന് വേരോട്ടം നൽകിയ കെപിഎസിയിലെ നടിക്ക് രാഷ്ട്രീയം ജീവവായുപോലെ ആയിരുന്നു. തന്നെ ആദ്യമായി സഖാവ് ലളിത എന്ന് വിളിച്ചത് ഇഎംഎസ് ആണെന്ന് അവർ അഭിമാനത്തോടെ പറയുന്ന കാര്യമാണ്. ഒരിക്കൽ തന്നെ നാടകം കണ്ട് ആവേശം കയറിയ ഇഎംഎസ് സഖാവ് ലളിതയെന്ന് അനൗൺസ്ചെയ്തപ്പോൾ, കോരിത്തരിച്ചുപോയത് അവർ പലയിടത്തും വിവരിച്ചിരുന്നു.

വടക്കാഞ്ചേരിയിൽ നിന്ന് സ്വയം പിന്മാറി

ഇടത് സഹയാത്രിക ആയതുകൊണ്ടുതന്നെ പലതവണ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ഓഫറുകളും കെപിഎസി ലളിതയെ തേടിയെത്തി. ഇന്നസെന്റിനെപ്പോലെ പ്രത്യക്ഷമായ പാർട്ടി ബന്ധം ഇല്ലാത്തവർ കൂടി, എംപിയായിട്ടും ലളിതചേച്ചിയെ പരിഗണിക്കാത്ത് എന്തേ എന്ന ചോദ്യം പാർട്ടിയിലും നിരന്തരം ഉയർന്നിരുന്നു. അങ്ങനെയാണ്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വടക്കാഞ്ചേരിയിൽ ലളിതയെ മത്സരിപ്പിക്കുന്നതിന് സിപിഎം. തീരുമാനിക്കുന്നത്. എല്ലാ ഉറപ്പിച്ച് പോസ്റ്റവരെ അടിക്കാൻ തയ്യാറെടുക്കുമ്പോഴാണ് കാര്യങ്ങൾ മാറിമറിയുന്നത്. ലളിതചേച്ചിയുടെ സ്ഥാനാർത്ഥിത്വം പ്രാദേശികമായി വൻ എതിർപ്പുകൾ ഉണ്ടാക്കി. മണ്ഡലത്തിന്റെ ചിലയിടങ്ങളിൽ ഇതിനെതിരെ പോസ്റ്ററുകൾ ഉയർന്നു. പക്ഷേ സിപിഎം വഴങ്ങിയില്ല. എന്നാൽ ലോല ഹൃദയയായ ലളിതേച്ചി ഇതോടെ മടുത്തുപോയിരുന്നു. അവർ സ്വയം പിന്മാറി.

കേരള സംഗീത നാടക അക്കാദമിയുടെ അധ്യക്ഷസ്ഥാനത്തെത്തുന്ന ആദ്യത്തെ വനിത എന്ന ചരിത്രനേട്ടം സ്വന്തമാക്കിയ വ്യക്തിയാണ് കെ.പി.എ.സി. ലളിത. ഭർത്താവ് സംവിധായകൻ ഭരതന്റെ പതിനെട്ടാം സ്മൃതിദിനത്തിലാണ് ലളിതയെ തേടി ഈ ബഹുമതി എത്തിയത്. അന്ന് സഹകരണമന്ത്രിയായിരുന്ന എ.സി. മൊയ്തീനോടൊപ്പം വടക്കാഞ്ചേരി പബ്ളിക് ലൈബ്രറി ഹാളിൽ സ്മൃതി പരിപാടിയിൽ പങ്കെടുക്കുന്നതിനിടയിലാണ് എ.കെ.ജി. സെന്ററിൽനിന്നുള്ള ഇതുസംബന്ധിച്ച സന്ദേശം ലളിതയ്ക്ക് ലഭിച്ചത്.

കഴിഞ്ഞ ഏതാനും വർഷങ്ങളായി സിപിഎം. വേദികളിൽ സജീവ സാന്നിധ്യമായിരുന്നു ലളിത. തിരഞ്ഞെടുപ്പ് പ്രചാരണ സമ്മേളനത്തിലും ഇത്തവണ ലളിത നിറഞ്ഞുനിന്നു. ഇടതുമുന്നണിയുടെ മദ്യവർജ്ജന പ്രചാരണ വീഡിയോയിയലും ഇന്നസെന്റിനൊപ്പം കെപിഎസി ലളിതയും വേഷമിട്ടു. മുട്ടിന് മുട്ടിന് സർക്കാർ ബാർ അനുവദിച്ചതോടെ ആ പരസ്യം ട്രോൾ ആവുകയും ചെയ്തു.

ചികിത്സാസഹായത്തിലും രാഷ്ട്രീയ വിവാദം

കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കെപിഎസി ലളിതക്ക് സർക്കാർ ചികിത്സാസഹായം അനുവദിച്ചതും വിവാദമായിരുന്നു. സിനിമാതാരങ്ങൾക്ക് കൈയിൽ പണമില്ലേ എന്തിനാണ് സർക്കാർ സഹായം എന്നാണ് പലരും ചോദിച്ചത്. അന്ന് കോൺഗ്രസിലും ഇതുസംബദ്ധിച്ച് ഭിന്നതയുണ്ടായി.

സർക്കാർ സഹായത്തെ പിന്തുണച്ചുകൊണ്ട് കെപിസിസി വർക്കിങ് പ്രസിഡന്റ് പിടി തോമസാണ് ആദ്യം രംഗത്ത് എത്തിയത്. കെപിഎസി ലളിതക്ക് എന്തെങ്കിലും സഹായം പ്രഖ്യാപിക്കുന്നതിനെ പരിഹസിക്കുവാൻ മുന്നോട്ട് വരുന്നവർ ഒരു വട്ടം കൂടി ആലോചിക്കണമെന്ന് അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു. അവരുടെ രാഷ്ട്രീയ നിലപാടുകളെ ബഹുമാനിക്കണം. സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റിട്ട് അവരെ ആക്ഷേപിക്കുന്നവർ പിന്നീട് ദുഃഖിക്കേണ്ടി വരുമെന്നും പിടി മുന്നറിയിപ്പ് നൽകുന്നു. ഇതോടെ കോൺഗ്രസ് അണികളുടെ സൈബർ പൊങ്കാലയും പിടി തോമസ് ഏറ്റുവാങ്ങി. പക്ഷേ അദ്ദേഹം നിലപാടിൽ ഉറച്ചു നിന്നു. ആ പി ടി തോമസ് ലളിതചേച്ചിക്ക് മുന്നേ മരിച്ചതും കാലത്തിന്റെ കളി.

പിടിക്ക് പിന്തുണയുമായി അനിൽ അക്കരയും രംഗത്തെത്തി. പിടിയുടെ നിലപാടിനൊപ്പം എന്ന് തലക്കെട്ട് നൽകി പിടി തോമസിന്റെ പോസ്റ്റ് പങ്കുവച്ചുകൊണ്ടായിരുന്നു അക്കരയുടെ പിന്തുണ. അപ്പോഴേയ്ക്കു കോൺഗ്രസ് സൈബർ പോരാളികൾ അനിൽ അക്കരയ്ക്കെതിരെ തിരിഞ്ഞു. പിടി തോമസിന്റെയോ അനിൽ അക്കരയുടേയോ പേര് പറയാതെ ഇരുവരുടെയും നിലപാട് തള്ളി കെപിസിസി വൈസ് പ്രസിഡന്റ് വിപി സജീന്ദ്രനും ഫേസ്‌ബുക്കിൽ അഭിപ്രായം പങ്കുവച്ചു.

സിനിമാ മേഖലയിൽ അവശത അനുഭവിക്കുന്ന, സാമ്പത്തിക ബുദ്ധിമുട്ടുള്ള ധാരാളം കലാകാരന്മാരുണ്ടെന്നും അതിൽ കെപിഎസി ലളിതയ്ക്ക് മാത്രം സാമ്പത്തിക സഹായം നൽകാനുള്ള സർക്കാർ തീരുമാനം ദൗർഭാഗ്യകരമാണെന്നും വിപി സജീന്ദ്രൻ പറഞ്ഞത്.

അതേസമയം കെപിഎസി ലളിതയുടെ ചികിൽസാ സഹായത്തെ അനകൂലിക്കയാണ് ബിജെപി നേതാവ് കൂടിയായ സുരേഷ് ഗോപി എം പി ചെയ്തത്. ചികിൽസാ സഹായത്തെ ബിജെപി എതിർക്കുമ്പോളാണ് സുരേഷ് ഗോപിയുടെ വേറിട്ട അഭിപ്രായം. ''അവരുടെ അവസ്ഥ സർക്കാർ അറിഞ്ഞിട്ടാവാം സഹായം നൽകുന്നത്. നടി കെപിഎസി ലളിതയ്ക്ക് ചികിത്സ നൽകിയത് സർക്കാരാണ്. സർക്കാരിന്റെ മുന്നിൽ അപേക്ഷ വന്നിട്ടുണ്ടാവും. അപ്പോൾ സർക്കാർ അത് പരിശോധിച്ച് കാണും. അവർക്ക് അത് അത്യാവശ്യമാണെന്ന് തോന്നിയതുകൊണ്ടാവും ഇങ്ങനെയൊരു തീരുമാനമെടുത്തത്''- സുരേഷ് ഗോപി വ്യക്തമാക്കി.

കെപിഎസി ലളിതയ്ക്കു ചികിത്സ നൽക്കുന്നത് രാഷ്ട്രീയവൽക്കരിക്കുന്നതും അധിക്ഷേപിക്കുന്നതും ശരിയായ പ്രവണതയല്ലെന്നും പ്രതിഷേധങ്ങൾ സംസ്‌കാര ശൂന്യമാണെന്നമായിരുന്നു കെബി ഗണേശ് കുമാറിന്റെ പ്രതികരണം.'ഒരു കലാകാരിയാണവർ, അവർക്ക് ഒരുപാട് സാമ്പത്തിക ബാധ്യതയുണ്ട്. നിലവിൽ സംഗീത നാടക അക്കാദമിയുടെ ചെയർമാന്റെ പദവി വഹിക്കുന്ന കെ.പി.എ.സി ലളിത സർക്കാർ ചികിത്സാ സഹായം ലഭിക്കാൻ യോഗ്യയാണ്. ജഗതിക്കും തിലകനും ഉൾപ്പെടെ നിരവധി കലാകാരന്മാർക്ക് മുമ്പ് ധനസഹായം നല്കിയിട്ടുണ്ട്.'-ഗണേശ് കുമാർ പറഞ്ഞു.

എന്നാൽ പിണറായി സർക്കാർ കെപിഎസി ലളിതയെ കൈവിട്ടില്ല. ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുത്തതിൽ തർക്കമുണ്ടാക്കേണ്ടതില്ലെന്ന് മന്ത്രി വി.അബ്ദുറഹിമാൻ ഫേസ്‌ബുക്ക് പോസ്റ്റിലുടെ അറിയിച്ചു. ''കലാകാരന്മാരെ കയ്യൊഴിയാനാകില്ല. അവർ നാടിന്റെ സ്വത്താണ്. സീരിയലിൽ അഭിനയിക്കുന്ന തുച്ഛമായ പണം മാത്രമാണ് അവർക്ക് ലഭിക്കുന്നത്. അല്ലാതെ വലിയ സമ്പാദ്യം ഇല്ല. കെപിഎസി ലളിത ആവശ്യപ്പെട്ടതുകൊണ്ടാണ് ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുത്തത്'- മന്ത്രി വ്യക്തമാക്കി.