മുഖ്യമന്ത്രി പിണറായി വിജയന്റെ 'നാം മുന്നോട്ട് ' എന്ന പ്രതിവാര ചാനൽ പരിപാടിയിൽ പങ്കെടുത്ത കെ.പി.എം.എസ്. ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ മുന്നോട്ടുവെച്ച നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിപാടിയാണ് തിരുവനന്തപുരത്ത് നടന്ന നവോത്ഥാന പാരമ്പര്യമുള്ള സാമൂഹ്യ സംഘടനകളുടെ സമ്മേളനം. പുന്നല ശ്രീകുമാർ ചൂണ്ടിക്കാട്ടിയതിപ്രകാരമാണ്: 'ദേശീയ പ്രസ്ഥാനമായ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ (?)നടന്ന വൈക്കം സത്യാഗ്രഹത്തിന് സാമുദായിക വിഭാഗങ്ങളുടെ പിന്തുണയുണ്ടായിരുന്നതിനാലാണ് ഗോവിന്ദപ്പണിക്കർ, ബാഹുലേയൻ, കുഞ്ഞപ്പി ( നായർ, ഈഴവ, പുലയ) എന്നിവർ പങ്കെടുത്തത്. ഇതേ നിലപാടാണ് കമ്യൂണിസ്റ്റ് പാർട്ടി പാലിയം സമരത്തിലും സ്വീകരിച്ചത്. ഇന്ന് സാമുദായിക സംഘടനകൾക്ക് അപചയം സംഭവിച്ചിട്ടുണ്ടെങ്കിലും കേരളത്തെ ഭ്രാന്താലയമാക്കാൻ നടത്തുന്ന നീക്കങ്ങൾക്കെതിരെ സാമുദായിക സംഘടനകളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള പ്രവർത്തനത്തിന് സർക്കാർ മുൻകൈയെടുക്കണം.' ഈ നിർദ്ദേശം അംഗീകരിച്ചാണ് സമ്മേളനം നടന്നത് .

സമ്മേളനാനന്തരം നടന്ന ചാനൽ ചർച്ചയിൽ പുന്നല ശ്രീകുമാർ പറഞ്ഞു: 'ഞാൻ കൺവീനറും പി.കെ.സജീവ് ജനറൽ സെക്രട്ടറിയുമായ 35 ദളിത് -ആദിവാസി സംഘടനകൾ കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ 1 ലക്ഷം സ്ത്രീകളുടെ സമ്മേളനം നടത്താൻ തീരുമാനിച്ചിരുന്നു. ഇക്കാര്യം തിരുവനന്തപുരം സമ്മേളനത്തിൽ അവതരിപ്പിച്ചപ്പോൾ വെള്ളാപ്പള്ളി നടേശനാണ് വനിതാ മതിൽ - എന്ന നിർദ്ദേശം മുന്നോട്ടുവെച്ചത്. കാര്യങ്ങൾ ഇപ്രകാരമാണ് നടന്നത്. എങ്കിലും ബിജെപിയും കോൺഗ്രസ്സും വസ്തുതകൾ മൂടിവെക്കുകയാണ്.'

ശബരിമല പ്രശ്‌നത്തിന്റെ രാഷ്ട്രീയം വിമോചന സമരത്തിൽ കണ്ടെത്താനാവും. 1957-ൽ കമ്യൂണിസ്റ്റ് സർക്കാർ രൂപംകൊണ്ട നാൾ മുതൽ ദലിതരും ഈഴവരിലെ ഭൂരിപക്ഷവുമൊഴിച്ചുള്ള ക്രൈസ്തവ - നായർ - മുസ്ലിം മതമേധാവികളും സംഘടനകളും ഗവൺമെന്റിനെതിരായിരുന്നു. കാരണമായി ചൂണ്ടിക്കാണിച്ചത് നിരീശ്വരവാദം വളർത്തുന്നു എന്നത്രേ ! അക്കാലത്ത് പ്രാർത്ഥനായജ്ഞവുമായി (ഇന്നത്തെ നാമജപം) തെരുവിലിറങ്ങിയ വിശ്വാസി കൂട്ടങ്ങളുടെ നേതൃത്വം എൻ.എസ്.എസ്.നേതാവ് മന്നത്ത് പത്മനാഭൻ ഏറ്റെടുത്തതോടെയാണ് വിമോചന സമരം ആളിപ്പടരുന്നത് . സമരം കമ്യൂണിസത്തിനും നിരീശ്വരവാദത്തിനും എതിരായിരുന്നെങ്കിലും സംസ്ഥാനത്തുടനീളം ആക്രമണത്തിനും അടിച്ചമർത്തലിനും വിധേയരായത് ദലിതരും ഈഴവരുമായിരുന്നു. സംശയമുള്ളവർ മാതൃഭൂമി പ്രസിദ്ധീകരിച്ച അഡ്വ.എ.ജയശങ്കറിന്റെ 'കമ്യൂണിസ്റ്റ് ഭരണവും വിമോചന സമരവും' (രണ്ടാം പതിപ്പ്), നിർമ്മല ബുക്‌സ് പ്രസിദ്ധീകരിച്ച പള്ളി മുതൽ പാർട്ടി വരെ ( സമാഹാരം) എന്നീ കൃതികൾ വായിക്കുക .

കമ്യൂണിസ്റ്റ് സർക്കാരിന്റെ രൂപീകരണത്തിന് കളമൊരുക്കിയത് നവോത്ഥാനങ്ങളായിരുന്നു. ആ നവോത്ഥാനത്തിന്റെ വീണ്ടെടുപ്പിലൂടെ സർക്കാരിനനുകൂലമായ സാമൂഹ്യ ശക്തിയെ അണിനിരത്താതെ സമരത്തെ നേരിടാൻ പൊലീസിനെ മാത്രം ആശ്രയിച്ചു. ഫലമോ 15 പേരുടെ മരണവും നിരവധി പേർക്ക് ഏറ്റുവാങ്ങേണ്ടി വന്ന മർദ്ദനവും. ഈ പൊലീസ് അതിക്രമങ്ങളെ ചൂണ്ടിക്കാട്ടി ജാതിമതമേധാവികൾക്ക് വിജയം കൊയ്‌തെടുക്കാൻ കഴിഞ്ഞു.

സമാനമായൊരു സാഹചര്യമാണ് സംസ്ഥാനത്തിപ്പോൾ ഉയർന്നു വന്നിരിക്കുന്നത്. പ്രശ്‌നം വിശ്വാസവും അവിശ്വാസവും തന്നെ. വിശ്വാസ സംരക്ഷകരാകട്ടെ ബ്രാഹ്മണരും ( തന്ത്രിമാർ ) ക്ഷത്രിയരും ( പന്തളത്തെ വർമ്മമാർ) ആണ്. മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഏറെക്കുറെ അകന്നുനില്ക്കുമ്പോൾ മന്നത്തിന്റെ സ്ഥാനത്തുള്ളത് ജി.സുകുമാരൻ നായരാണ് . ഈ സവർണ മേധാവികളുടെ മുന്നിൽ സംഘപരിവാറും പിന്നിൽ കോൺഗ്രസ്സുമാണുള്ളത്. ഇവരുടെ വാദം ദലിതർക്കും പിന്നോക്കക്കാർക്കും ജാതിയുണ്ട് നായർക്ക് ജാതിയില്ലെന്നതാണ് . സാമൂഹ്യ സംഘടനാ നേതൃത്വങ്ങളിൽ സ്ത്രീകളില്ലാത്തത് നവോത്ഥാനത്തിന്റെ വിമർശിക്കപ്പെടേണ്ട പരിമിതിയാണ്. മറ്റൊരു കാര്യം നവോത്ഥാന കാലത്ത് കമ്യൂണിസ്റ്റ് പാർട്ടിയില്ലായിരുന്നു എന്നതാണ്. ക്രിസ്തുവിന്റെ കാലത്തുള്ളവരാണോ ക്രിസ്ത്യാനികൾ? രാമന്റെ കാലത്തുള്ളവരാണോ സംഘപരിവാറുകാർ? ചരിത്രവും ജ്ഞാനവും സാർവലൗകികമായ പൊതുസമ്പത്താണ്. നവോത്ഥാനം ചരിത്രവും ജ്ഞാനവുമായതിനാലാണ് കമ്യൂണിസ്റ്റുകാർ സ്വീകരിക്കുന്നതെന്ന് കരുതിയാൽ മതി.

ഇത്തരമൊരവസ്ഥയിലാണ് അവർണർ സ്വാഭാവികമായും ഗവൺമെന്റിന്റെ സാമൂഹ്യശക്തിയായതെന്ന് തിരിച്ചറിയുകയാണ് വേണ്ടത്. ഈ അവർണ്ണർ ഒരു ജനശക്തിയാകേണ്ടതുള്ളതുകൊണ്ടാണ് എസ്.എൻ.ഡി.പി.യേയും കെ.പി.എം.എസ്സിനെയും കൂടെ നിർത്തുന്നത് . അതേ സമയം ബുദ്ധിജീവികളെയും ചെറുസംഘങ്ങളെയും ആശ്രയിച്ചാലോ! ( അവരുടെ പങ്ക് ചെറുതായി കാണുന്നില്ല). ഇപ്പോൾ എസ്.എൻ.ഡി.പി.യും കെ.പി.എം.എസ്സും നല്കുന്ന പിന്തുണ പ്രശ്‌നാധിഷ്ഠിതവും താല്കാലികവുമാണ്. അനന്തകാലത്തേക്കുള്ളതല്ല. തന്മൂലം അവരുടെ ജാതകം നോക്കേണ്ടതില്ല. (എന്നാൽ സി.പി.സുഗതന്റെ കാര്യം വ്യത്യസ്തമാണ്. അത് കൈകാര്യം ചെയ്യേണ്ടത് പുന്നലയും വെള്ളാപ്പള്ളിയുമാണ്). സുപ്രീം കോടതി വിധി ഒരു രാഷ്ട്രീയ പ്രശ്‌നമായി മാറിയിട്ടുണ്ട്. അതിലന്തർലീനമായിരിക്കുന്നത് ഹിന്ദു സമുദായത്തിലെ സ്ത്രീകളുടെ പ്രശ്‌നം മാത്രമല്ല പൗരാവകാശ പ്രശ്‌നം കൂടിയാണ്. ഇക്കാര്യം തിരിച്ചറിയാതിരിക്കുന്നതിനാലാണ് ക്രിസ്ത്യൻ-മുസ്ലിം സാമൂഹ്യ സംഘടനകളുടെ പങ്കാളിത്തം പ്രസ്തുത യോഗത്തിൽ നിഷേധിക്കപ്പെട്ടത്. ശബരിമല പ്രശ്‌നത്തിലെ സാമൂഹ്യ നിലപാടുകളും അതിന്നാധാരമായ നവ ജനാധിപത്യ പരികല്പനകളെയും കുറിച്ച് ഞാൻ പിന്നീടെഴുതുതുന്നതാണ്.