കൊച്ചി: പറവൂരെ ചിത്രാഞ്ജലി തിയറ്റർ ഉടമയ്ക്കു ദേശീയ ഗാനത്തിന്റെ പവർ എന്തെന്ന് ഇന്നു മനസിലായിക്കാണുമെന്നാണു സംവിധായകൻ സജിൻ ബാബു പറയുന്നത്. ദുൽഖർ സൽമാൻ ചിത്രം 'ജോമോന്റെ സുവിശേഷങ്ങൾ' കളിച്ച തിയറ്ററിൽ ആദ്യ പാർട്ടിനു പകരം രണ്ടാം പാർട്ടു പ്ലേ ചെയ്ത അബദ്ധം തിരിച്ചറിഞ്ഞ പ്രേക്ഷകർ തെറിവിളി തുടങ്ങിയപ്പോൾ 'ദേശീയ ഗാനം' പ്ലേ ചെയ്താണത്രെ തിയറ്റർ ഉടമ രക്ഷപ്പെട്ടത്.

വാട്‌സ്ആപ്പിൽ വന്നൊരു കഥയെന്ന പേരിലാണു സജിൻ ബാബു ദുൽഖർ ചിത്രം കളിച്ച തിയറ്ററിൽ പറ്റിയ അബദ്ധം വിവരിച്ചിരിക്കുന്നത്. ദുൽഖറിന്റെ കിടിലം എൻട്രിയും തകർപ്പൻ പാട്ടുകളും പ്രതീക്ഷിച്ചിരുന്ന ആരാധകർക്കു മുന്നിലേക്ക് അത്ര ഗംഭീരമല്ലാത്ത എൻട്രിയാണത്രെ വന്നത്. പാട്ടുകളും എത്തിയില്ല. അന്തംവിട്ടിരിക്കുന്നതിനിടെ ഒരു മണിക്കൂറിനുള്ളിൽ പടം വിടുകയും ചെയ്തു.

നന്ദി എഴുതിക്കാണിച്ചപ്പോൾ ആകെ വട്ടായ കാണികൾ തിയറ്ററിൽ ബഹളം കൂട്ടാനും തുടങ്ങി. ഇതോടെയാണ് അബദ്ധം പറ്റിയെന്നു തിയറ്റർ ജീവനക്കാർ മനസിലാക്കിയത്. ക്ഷമാപണം അറിയിച്ചെങ്കിലും തെറിവിളിയും ഒച്ചപ്പാടുകളുമൊക്കെയായി തീയറ്ററിൽ സംഘർഷാവസ്ഥയായി. അപ്പോഴാണ് രക്ഷപ്പെടാനായി ഒരാശയം തിയറ്റർ ഉടമയ്ക്കു തോന്നിയത്. ഉടൻ തന്നെ ദേശീയ ഗാനം ഇട്ടു. കാണികളൊക്കെ നിശബ്ദരായി എഴുന്നേറ്റു നിൽക്കാനും തുടങ്ങിയത്രെ. ഈ അവസരം മുതലെടുത്തു സിനിമ ആദ്യം മുതൽ പ്രദർശിപ്പിച്ചാണു തിയറ്റർ ഉടമ രക്ഷപ്പെട്ടതെന്നു സജിൻ പറയുന്നു.

സജിൻ ബാബുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ദേശീയഗാനത്തിന്റെ പവർ എന്താണെന്ന് ആർക്കും മനസ്സിലായില്ലെങ്കിലും വടക്കൻ പറവൂരിലെ ചിത്രാഞ്ജലി സിനിമ തിയറ്ററിന്റെ മാനേജർക്ക് ഇന്ന് മനസ്സിലായി കാണണം .
ഇന്നലെ ജോമോന്റെ സുവിശേഷങ്ങൾ 1st ഷോ തന്നെ കാണാൻ നിറയെ DQ ഫാൻസ് ആയിരുന്നു തിയറ്ററിൽ.1st show കൃത്യസമയത്ത് തന്നെ തുടങ്ങി.DQ ന്റെ കിടിലം എൻട്രി പ്രതീക്ഷിച്ചിരുന്ന ഫാൻസിന് അത് ഫീൽ ചെയ്തില്ലെങ്കിലും കൈയിൽ കരുതിയിരുന്ന പേപ്പർ കക്ഷണങ്ങളും പൂക്കളും ആർപ്പ് വിളികളോടെ സ്‌ക്രീനിലേക്കെറിഞ്ഞ് അവരാഘോഷിച്ചു...പടം പുരോഗമിക്കുന്തോറും എല്ലാവർക്കും ഒരു പന്തികേട് ഫീൽ ചെയ്തു തുടങ്ങി . ഒരു മണിക്കൂർ കഴിഞ്ഞപ്പോ സിനിമയും കഴിഞ്ഞ് സ്‌ക്രീനിൽ നന്ദിയും എഴുതി കാട്ടി. പടം കണ്ടവരൊക്കെ ഇതെന്ത് പടം എന്നാലോചിച്ച് തിയറ്ററിൽ ഇരിക്കുമ്പോ കുറച്ച് ഫാൻസുകാർക്ക് സംശയം പടത്തിന്റെ പേരും , മറ്റ് വിവരങ്ങളൊന്നുമെഴുതി കാണിച്ചതുമില്ല, ഹിറ്റായ പാട്ടുകളും കാണിക്കാതെ പടം തീർന്നതെങ്ങിനെയാണ് ??
2nd part തെറ്റി ആദ്യം ഇട്ടതാണ്ണെന്ന് മിക്കവർക്കും മനസ്സിലായത് അപ്പോഴാണ്. കുറേ പേർ വേഗം മാനേജറുടെ ക്യാബിനിലേക്ക് ഓടി ചെന്നപ്പോൾ മാനേജരുടെ ക്യാബിൻ പുറത്ത്ന്ന് ലോക്ക് ചെയ്‌തേക്കുന്നു . വേഗം പ്രൊജക്ടർ ഓപ്പറേറ്ററുടെ റൂമിൽ ചെന്നപ്പോ ഓപ്പറേറ്ററുടെ മുഖത്ത് ചോരമയമില്ല . പേടിച്ച് വിളറിയിരിക്കുന്നു അയാളുടെ മുഖം . സംഭവം തെറ്റ് പറ്റിപോയെന്ന് തിയറ്ററുകാർക്കും മനസ്സിലായിട്ടുണ്ടായിരുന്നു . വന്നവരോട് അവര് ക്ഷമ പറഞ്ഞു , 1st part ഇപ്പോ തന്നെ ഇടാമെന്ന് വേഗം തീരുമാനിച്ചു .
അപ്പോഴേക്കും തിയറ്റർ മൊത്തം ബഹളമായി...തെറിപാട്ടും ഒച്ചപ്പാടും ആയി dq ഫാൻസും കാണികളും ... തിയറ്ററിനകത്ത് കാര്യങ്ങൾ മൊത്തം കൈവിട്ടു പോകുന്നപോലെ വല്ലാത്തൊരു അന്തരീക്ഷമായി .
പെട്ടെന്ന് ആരുടേയോ ബുദ്ധി അനുസരിച്ച് തിയറ്ററിൽ ദേശീയഗാനം പ്ലേ ചെയ്തു . തകർത്തു പെയ്യുന്ന പേമാരിയും കൊടുങ്കാറ്റും പെട്ടെന്ന് നിന്ന പോലൊരു അന്തരീക്ഷം ആയി തിയറ്ററിൽ . സകല കാണികളും നിശബ്ധരായി എഴുന്നേറ്റ് നിന്നു . അതിന്റെ തൊട്ടു പുറകെ ഒട്ടും സമയം കളയാതെ പടവും തുടങ്ങി . അത്ര നേരം ബഹളമായിരുന്ന കാണികൾ പെട്ടെന്ന് തന്നെ പടം ആസ്വാദിച്ചും തുടങ്ങി .
സിനിമ തിയറ്ററിൽ ദേശീയഗാനം നിർബന്ധമാക്കിയതു കൊണ്ട് ഇങ്ങനേയും ഒരു ഗുണം കൂടി ഉണ്ടാകുമെന്ന് ആ തിയറ്റർ മാനേജർ സ്വപ്നത്തിൽ പോലും കരുതീട്ടുണ്ടാവില്ല.....
( കടപ്പാട്: പേരറിയാത്ത വാട്‌സ് ആപ്പ് സുഹൃത്തിന്)