ലഖ്‌നോ: കുടുംബപ്പോരിൽ പൊട്ടിത്തെറിച്ചു പിളർപ്പിലേക്കു നീങ്ങുന്ന സമാജ് വാദി പാർട്ടിയിൽ ഉയർന്നുവരുന്ന പുതിയ രാഷ്ട്രീയ താരമാണ് അപർണ യാദവ്. പാർട്ടിയുടെ അഖിലേന്ത്യാ അധ്യക്ഷൻ മുലായം സിങ് യാദവിന്റെ രണ്ടാമത്തെ മകൻ പ്രതീഖിന്റെ ഭാര്യ. അച്ഛനുമായുള്ള പോരിൽ മൂത്തമകനും ഉത്തർപ്രദേശ് മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് പാർട്ടിക്കു പുറത്താകുമ്പോൾ അടുത്ത മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരെന്ന ചോദ്യത്തിന് ഉത്തരമായി പലരും ചൂണ്ടിക്കാട്ടുന്നത് ഇരുപത്തിയാറുകാരിയെയാണ്.

ഒരുമാസത്തിനകം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി പട്ടികയുമായി ബന്ധപ്പെട്ട് മുലായവും അഖിലേഷ് യാദവും തമ്മിലുള്ള പോരാണ് സംസ്ഥാനം ഭരിക്കുന്ന സമാജ് വാദി പാർട്ടിയിൽ പൊട്ടിത്തെറി സൃഷ്ടിച്ചിരിക്കുന്നത്. തന്നെ വെല്ലുവിളിച്ച് സമാന്തര സ്ഥാനാർത്ഥി പട്ടിക തയാറാക്കിയ അഖിലേഷിനെ പാർട്ടിയിൽനിന്നു തന്നെ പുറത്താക്കിയാണ് മുലായം പ്രതികാരം ചെയ്തത്.

മുലായം സിങ് യാദവ് സ്വന്തം കുടുംബപാർട്ടിയായി കൊണ്ടു നടക്കുന്ന സമാജ് വാദിയിൽ കലഹം രൂപംകൊണ്ടിട്ട് ഏറെ നാളായി. മുലായവും അദ്ദേഹത്തിന്റെ സഹോദരനും പാർട്ടി സംസ്ഥാന അധ്യക്ഷനുമായ ശിവപാൽ യാദവും ഒരു വശത്തും അഖിലേഷും അദ്ദേഹത്തിന്റെ അമ്മാവനായ രാംഗോപാൽ യാദവും മറുവശത്തും നിന്നാണ് പോരടിക്കുന്നത്.

അഖിലേഷിനെ പുറത്താക്കിയ സാഹചര്യത്തിൽ ഒരു മാസത്തിനകം നടക്കാൻപോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ആരെയായിരിക്കും സമാജ് വാദി പാർട്ടി ഉയർത്തിക്കാട്ടുകയെന്ന ചോദ്യം ഉയരുന്നു. ഇതിനുത്തരമായി പലരുടെയും വിരലുകൾനീളുന്നത് മുലായത്തിന്റെ മരുമകൾ അപർണയ്ക്കു നേരെയാണ്.

അഖിലേഷ് പോലും ബഹുമാനിക്കുന്ന വ്യക്തിത്വമാണ് അപർണയുടേത്.
235 റിബൽ സ്ഥാനാർത്ഥികളെ അഖിലേഷ് പ്രഖ്യാപിച്ചപ്പോഴും അതിൽ ലഖ്നൗ കന്റോൺമെന്റ് സീറ്റ് ഒഴിച്ചിട്ടിരുന്നു. അപർണയാണ് ഇവിടെ സ്ഥാനാർത്ഥിയെന്ന് മുലായം ഒരു വർഷം മുമ്പേ പ്രഖ്യാപിച്ചിരുന്നു.

അഖിലേഷ് വിരുദ്ധ ചേരിയുടെ നായകനും മുലായത്തിന്റെ അനുജനുമായ ശിവ്പാൽ യാദിവനൊപ്പമാണ് അപർണ നിലയുറപ്പിച്ചിരിക്കുന്നത്. പാർട്ടിയുടെ പുതിയ മുഖമായി അപർണയെ അവതരിപ്പിക്കാനാണു ശിവ്പാൽ പക്ഷത്തിന്റെ ശ്രമം. അഖിലേഷിനു പകരം പാർട്ടിയുടെ പുതിയ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അപർണയെ അവരോധിക്കുമെന്ന വിലയിരുത്തലുകളാണ് ഇതോടൊപ്പം സജീവമാകുന്നത്.

അപർണ മൽസരിക്കാനിരിക്കുന്ന ലഖ്നൗ സീറ്റിൽ ഇതുവരെ സമാജ്വാദി പാർട്ടി വിജയിച്ചിട്ടില്ല. ബിജെപിയുടെ റീത്ത ബഹുഗുണ ജോഷിയാണിവിടെ സിറ്റിങ് എംഎൽഎ. അപർണയുമായി അത്ര രസത്തിലല്ലാത്ത അഖിലേഷിന്റെ ഭാര്യ ഡിംപിളാകട്ടെ അപർണ പോരെന്ന അഭിപ്രായക്കാരിയാണ്. നിലവിൽ പാർലമെന്റംഗമാണ് ഡിംപിൾ.

അപർണയുടെ ഭർത്താവും ഫിറ്റ്നസ് ബിസിനസുകാരനുമായ പ്രതീഖ് രാഷ്ട്രീയത്തിൽ അത്ര സജീവമായിരുന്നില്ല. എന്നാൽ, മൂത്ത ജ്യേഷ്ഠനെയും അച്ഛനെയും തെറ്റിച്ചതിനു പിന്നിൽ പ്രതീഖിന്റെ പങ്കും തള്ളിക്കളയാനാവില്ലെന്ന വാദമാണ് അഖിലേഷ് ക്യാമ്പിൽ നിന്ന് ഉയരുന്നത്. നേരത്തെ 2015 ൽ നരേന്ദ്ര മോദിക്കൊപ്പം സെൽഫിയെടുത്ത ഘട്ടത്തിൽ അപർണയും പ്രതീഖും ബിജെപിയോട് അടുക്കുകയാണെന്ന തരത്തിൽ വാർത്തകളുണ്ടായിരുന്നു.

കുടുംബവഴക്കിൽ മുലായത്തിന്റെ രണ്ടാം ഭാര്യയും അഖിലേഷിന്റെ രണ്ടാനമ്മയുമായ സാധന ഗുപ്തയുടെ പങ്കും പലരും ഉയർത്തിക്കാട്ടുന്നുണ്ട്. മാസങ്ങൾക്കു മുമ്പ് അഖിലേഷ്- ശിവ്പാൽ ഏറ്റുമുട്ടൽ രൂക്ഷമായ ഘട്ടത്തിൽ അഖിലേഷ് പക്ഷത്തെ ഒരു എംഎ‍ൽഎ. ഇക്കാര്യത്തിലുള്ള ആശങ്ക മുലായത്തെ ധരിപ്പിക്കുകയും ചെയ്തു. മുഖ്യമന്ത്രിയെ ഉന്നം വയ്ക്കുന്നത് കുടുംബത്തിലെതന്നെ ഒരാളാണെന്ന ആരോപണം മുലയാത്തെയും വിഷമിപ്പിച്ചു.