തിരുവനന്തപുരം: പുലിമുരുകനിലെ പ്രകടനത്തിന് മോഹൻലാലിനു ദേശീയ അവാർഡ് നല്കിയതിനെചൊല്ലി സിപിഐ നേതാവ് പന്യൻ രവീന്ദ്രനും സി.പി.എം നേതാവ് ഇ.പി. ജയരാജനും തമ്മിൽ തുറന്ന പോര്. മോഹൻലാലിന് ദേശീയ അവാർഡ് നല്കിയതിനെ നിശിതമായി വിമർശിച്ച പന്യന് ശക്തമായ മറുപടിയുമായാണ് ജയരാജൻ രംഗത്തുവന്നിരിക്കുന്നത്. മോഹൻലാലിന് എന്തിനാണ് അവാർഡ് കൊടുത്തതെന്നു തനിക്കു മനസിലാകുന്നില്ലെന്നു പറഞ്ഞ പന്ന്യന് മോഹൻലാൽ മലയാളിയുടെ സ്വകാര്യ അഹങ്കാരമാണെന്ന മറുപടിയാണ് ജയരാജൻ നല്കിയത്.

പുലിമുരുകനിലെ പ്രകടനത്തിന് പ്രിയദർശൻ അധ്യക്ഷനായ ദേശീയ ജൂറിയുടെ പ്രത്യേക പരാമർശത്തിനാണ് മോഹൻലാൽ അർഹനായത്. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് കേസരി ഹാളിൽ കാക്കനാടൻ സ്മൃതിദിനത്തോട് അനുബന്ധിച്ച് നടന്ന പരിപാടിയിൽ സംസാരിക്കവേയാണ് മോഹൻലാലിനെ പന്ന്യൻ വിമർശിച്ചത്. മോഹൻലാലിനു ദേശീയ അവാർഡ് കൊടുത്തത് എന്തിനാണെന്നു തനിക്കു മനസ്സിലാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. അവാർഡുകളെ പലപ്പോളും വ്യഭിചരിപ്പിക്കുന്നത് ഇത്തരം കാര്യങ്ങളാണെന്നും പന്ന്യൻ തുറന്നടിച്ചു.

ഇതിന് ഫേസ്‌ബുക്കിലാണ് ഇ.പി. ജയരാജൻ മറുപടി നല്കിയത്. മോഹൻലാൽ മലയാളത്തിന്റെ അഭിമാനവും എല്ലാ മലയാളികളുടെയും സ്വകാര്യ അഹങ്കാരവുമാണെന്ന് ജയരാജൻ പ്രതികരിച്ചു. അദ്ദേഹത്തിന് ഇത്തവണ ദേശീയ പുരസ്‌കാരം ലഭിച്ചതുമായി ബന്ധപ്പെട്ട് ചില അൽപ്പന്മാരുടെ പ്രതികരണങ്ങൾ കണ്ടപ്പോൾ അവരോട് വല്ലാത്ത സഹതാപം തോന്നുകയാണെന്നും ജയരാജൻ വ്യക്തമാക്കി.

പഞ്ചാഗ്‌നിയിലൂടെയും വാസ്തുഹാരയിലൂടെയും ഭരതത്തിലൂടെയും ഊതിക്കാച്ചിയെടുത്ത അഭിനയമികവ് പുലിമുരുകനെന്ന നൂറ് കോടിയുടെ വിസ്മയം തീർത്തത് മൂന്നര കോടി മലയാളി മനസുകളെ അമ്മാനമാടിയാണ്. മറ്റൊരു വിസ്മയമാകാൻ പോകുന്ന രണ്ടാമൂഴം അഭ്രപാളികളിലെത്തുമ്പോൾ സഹ്യനും ഹിമഗിരിശൃംഗങ്ങൾക്കും അപ്പുറത്തേക്ക് ഗരിമയോടെ തലയുയർത്തി നിൽക്കുവാൻ കുതിക്കുന്ന അഭിനയ കുലപതിയെ അപഹസിക്കുന്നത് പരിഹാസ്യമാണ്. ഇത് സാംസ്‌കാരിക കേരളം പുച്ഛിച്ച് തള്ളുമെന്നും ജയരാജൻ പറയുന്നു.

ദേശീയ പുരസ്‌കാരം നേടിയ കേരളത്തിന്റെ മഹാനടൻ മോഹൻലാൽ, നടി സുരഭി, സംസ്ഥാന പുരസ്‌കാരം നേടിയ നടൻ വിനായകൻ തുടങ്ങി മലയാളത്തിന്റെ അഭിമാന താരങ്ങൾക്കെല്ലാം ആശംസകൾ അറിയിച്ചാണ് ജയരാജൻ സമൂഹമാധ്യമത്തിലെ കുറിപ്പ് അവസാനിപ്പിക്കുന്നത്.