തിരുവനന്തപുരം: ഓഖി ദുരിത ബാധിതർക്കായി തിരുവനന്തപുരം ആക്കുളത്തുള്ള ദ സ്‌കൂൾ ഓഫ് ദ ഗുഡ് ഷെപ്പേർഡ് സമാഹരിച്ച അഞ്ച് ലക്ഷം രൂപയുടെ ചെക്ക് സ്‌കൂൾ പ്രിൻസിപ്പൽ ശ്രീ ജോയ് എം വർഗീസ് തിരുവനന്തപുരം ലത്തീൻ അതിരൂപത ധനകാര്യ മേധാവി റെവറന്റ് ഫാദർ യേശുദാസ് മത്യാസിനു കൈമാറി.

ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ലളിതമായ രീതിയിൽ സ്‌കൂൾ അങ്കണത്തിൽ സംഘടിപ്പിച്ച ക്രിസ്തുമസ് ആഘോഷവേളയിലാണ് ധനസഹായം കൈമാറിയത് . സ്‌കൂൾ മാനേജ്മന്റ് അംഗങ്ങൾ, സ്റ്റാഫ്, രക്ഷകർത്താക്കൾ, വിദ്യാർത്ഥികൾ എന്നിവർ ചേർന്ന് സമാഹരിച്ച തുകയുടെ ചെക്കാണ് ഡിസംബർ 22ന് നടന്ന ചടങ്ങിൽ കൈമാറിയത്.

ക്രിസ്തുമസ് സന്ദേശം പകർന്ന ഫാദർ യേശുദാസ് മത്യാസ് സ്‌കൂളിന്റെ സാമൂഹിക പ്രതിബദ്ധതയെയും സേവന തൽപ്പരതയേയും പ്രകീർത്തിച്ചു. ആഘോഷങ്ങൾ ലളിതമായിരുന്നെങ്കിലും പുത്തൻ പ്രതീക്ഷയുടെയും സമാധാനത്തിന്റെയും സന്ദേശം ഉൾക്കൊണ്ട് ഗാനവും നിശ്ചല ദൃശ്യവും നൃത്തവും ആഘോഷത്തിൽ ഉൾപ്പെടുത്തി. സ്‌കൂൾ പ്രിൻസിപ്പൽ വിദ്യാർത്ഥികൾക്ക് ക്രിസ്തുമസ് - പുതുവരസരാശംസകൾ നേർന്നു.