- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാത്രി മൂന്നുവരെ ജോലി, ഉച്ച 12 മണി വരെ ഉറക്കം; പിന്നെ നീന്തലും കസർത്തും; മദ്യത്തോട് താൽപ്പര്യമില്ല; കമ്പ്യൂട്ടറും സ്മാർട്ട് ഫോണും ഉപയോഗിക്കുന്നത് കുറവ്; ചുളിവ് മാറ്റാൻ ബോട്ടോക്സും; 69ാംവയസ്സിലും പുടിൻ ചുള്ളനായിരിക്കുന്ന രഹസ്യം
ന്യൂയോർക്ക്: ലോകമെമ്പാടുമുള്ള രാഷ്ട്രത്തലവന്മാരിൽ ഇന്ന് ഏറ്റവും ശാരീരകക്ഷമതയുള്ള നേതാവ് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ എന്നതിൽ ആർക്കും തകർക്കമില്ല. ഈ മുൻ ജൂഡോ ചാമ്പ്യൻ ഇടക്കിടെ പർവതം കയറിയും, കുതിരപ്പുറത്ത് നീന്തിയുമൊക്കെ തന്റെ കരുത്ത് പ്രകടിപ്പിക്കാറുണ്ട്. തനിക്ക് ചുറ്റം ഒരു അതിമാനുഷ പരിവേഷം കൂടിയുണ്ടാക്കാൻ അദ്ദേഹം എന്നും ശ്രദ്ധാലുവായിരുന്നു. കടുവകളുമായി കുശലം പറച്ചിൽ, വേട്ട, ഷർട്ടില്ലാതെ കരുത്തുറ്റ പേശികൾ കാണിച്ചുള്ള ഫോട്ടോകൾ, ജിമ്മിൽ പോയി വർക്കൗട്ട് ചെയ്യുന്നതിന്റെ ഫോട്ടോകൾ വിഡിയോകൾ എന്നിവയെല്ലാം അദ്ദേഹത്തിന്റെ ആരാധകർ പ്രചരിപ്പിച്ചു.
യുക്രൈൻ യുദ്ധം തുടങ്ങിയതോടെ പുടിന്റെ അസാധാരണ ശാരീരിക കരുത്തിനെ കുറിച്ചുള്ള നിറം പിടിപ്പിച്ച കഥകളും പ്രചരിക്കയാണ്. പ്രായം കാര്യമായി ബാധിക്കാത്ത ചുരുക്കം ചില നേതാക്കളിൽ ഒരാളാണ് പുടിൻ. വയസ്സ് 69 ആയെങ്കിലും, ഇന്നും ആ ചുറുചുറുക്കിന് ഒരു കുറവും വന്നിട്ടില്ല. അതേസമയം, അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചും, ദിനചര്യയെ കുറിച്ചും ആളുകൾക്ക് വളരെയൊന്നും അറിയില്ല. 'ന്യൂസ് വീക്ക്' മാഗസിനിലെ മാധ്യമപ്രവർത്തകനായ ബെൻ ജൂഡ, പുടിന്റെ ജീവിതത്തെ കുറിച്ച് ഒരു പുസ്തകം എഴുതിയിട്ടുണ്ട്. മൂന്ന് വർഷം ഗവേഷണം നടത്തിയ ശേഷം 2014ലാണ് 'ഫ്രാഗൈൽ എംപയർ: ഹൗ റഷ്യ ഫെൽ ഇൻ ആൻഡ് ഔട്ട് ഓഫ് ലവ് വിത്ത് വ്ളാദിമിർ പുടിൻ' എന്ന പേരിൽ പുസ്തകം ഇറക്കിയത്. അതിൽ പുടിന്റെ ദിനചര്യകളെ കാര്യങ്ങളെ കുറിച്ച് ജൂഡ വിശദമായി തന്നെ എഴുതിയിട്ടുണ്ട്. ഇതിലെ വിവരങ്ങൾ ഇപ്പോൾ നവമാധ്യമങ്ങളിൽ വൈറലാണ്.
എഴുന്നേറ്റ ഉടനെ ഓംലറ്റ്; പിന്നെ നീന്തൽ
പുടിൻ രാത്രി വൈകി ജോലി ചെയ്യാൻ ഇഷ്ടപ്പെടുന്നയാളാണ് എന്നാണ് ജൂഡ പറയുന്നത്. അതുകൊണ്ട് തന്നെ രാവിലെ ഉണരുന്നതും വൈകിയാണ്. ഉച്ചയ്ക്ക് 12 മണിക്കാണ് അദ്ദേഹം എഴുന്നേൽക്കുന്നത്.എഴുന്നേറ്റ ഉടൻ തന്നെ ഭക്ഷണം കഴിക്കുന്ന പുടിൻ ഒരു വലിയ പ്ലേറ്റ് ഓംലെറ്റോ, ഒരു വലിയ ബൗൾ ഓട്സോ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നു. ഇതോടൊപ്പം കോട്ടേജ് ചീസും, കാടമുട്ടയും നിർബന്ധമാണ്. അവസാനം ഒരു കപ്പ് കാപ്പിയും കുടിക്കുന്നു. റഷ്യയിലെ മത നേതാവായ പാത്രിയാർക്കീസ് കിറിലിന്റെ കൃഷിഭൂമിയിൽ നിന്ന് കൊണ്ടുവരുന്ന പച്ചക്കറികളാണ് പുടിൻ ദിവസവും കഴിക്കുന്നത്.
സ്റ്റീവൻ ലീ എഴുതിയ 'ദ ന്യൂ സാർ: ദി റൈസ് ആൻഡ് റെയിൻ ഓഫ് വ്ളാദിമിർ പുടിൻ' എന്ന പുസ്തകത്തിലും ഇക്കാര്യം പറയുന്നുണ്ട്. പ്രസിഡന്റ് പുടിൻ ദിവസവും ബീറ്റ്റൂട്ട്, റാഡിഷ് എന്നിവയുടെ ജ്യൂസ് കുടിക്കാറുണ്ടെന്ന് അതിൽ പറയുന്നു. ഭക്ഷണമൊക്കെ കഴിച്ചാൽ പിന്നെ വ്യായാമത്തിനുള്ള സമയമായി. നീന്തൽക്കുളത്തിൽ സമയം ചെലവഴിക്കാൻ ഇഷ്ടപ്പെടുന്ന പുടിൻ ദിവസവും രണ്ടു മണിക്കൂർ നീന്തുന്നു. നീന്തലിനുശേഷം ഭാരമുയർത്തിയുള്ള വ്യായാമങ്ങളും ചെയ്യുന്നു. ജനങ്ങൾക്കിടയിലുള്ള പ്രതിച്ഛായ സൂക്ഷിക്കാൻ പുടിൻ തന്റെ ശാരീരികക്ഷമതയിൽ വളരെയധികം ശ്രദ്ധിക്കാറുണ്ടെന്ന് പുസ്തകം പറയുന്നു.
സാധാരണയായി പ്രഭാതങ്ങളിൽ പുടിൻ തനിച്ചായിരിക്കും. പുടിന്റെ നായ കോണിയാണ് അദ്ദേഹത്തിന്റെ അപ്പോഴുള്ള കൂട്ട്. പുടിൻ നീന്താൻ തുടങ്ങുമ്പോൾ കോണി നീന്തൽക്കുളത്തിനരികിൽ കാത്തിരിക്കുന്നു എന്ന് സ്റ്റീവൻ പറയുന്നു. ഭക്ഷണവും, വ്യായാമവും ഒക്കെ കഴിയുമ്പോൾ, സമയം ഉച്ചകഴിയും. അതിനുശേഷം മാത്രമേ അദ്ദേഹം തന്റെ ഔദ്യോഗിക ജോലി ആരംഭിക്കുകയുള്ളൂ.
വ്യായാമത്തിന് ശേഷമുള്ള യോഗത്തിൽ ബ്രാൻഡഡ് വസ്ത്രങ്ങൾ ധരിച്ചാണ് അദ്ദേഹം എത്താറുള്ളത്, അതും പ്രശസ്ത ഇറ്റാലിയൻ കമ്പനിയായ കിറ്റൻ ആൻഡ് ബ്രിയോണിയുടെ ഡിസൈനർ വസ്ത്രങ്ങൾ. തുടർന്ന്, അദ്ദേഹത്തിന്റെ ജീവനക്കാർ തയ്യാറാക്കിയ ലഘു കുറിപ്പുകൾ പുടിനെ വായിച്ച് കേൾപ്പിക്കും. ഈ ഹ്രസ്വ കുറിപ്പുകളിൽ വിദേശകാര്യ മന്ത്രാലയത്തിൽ നിന്നുള്ള അപ്ഡേറ്റുകളും ഇന്റലിജൻസ് ഇൻപുട്ടുകളും ഉൾപ്പെടുന്നു. ഇത് കൂടാതെ, റഷ്യൻ മാധ്യമങ്ങളിൽ നിന്നും അന്താരാഷ്ട്ര മാധ്യമങ്ങളിൽ നിന്നുമുള്ള ക്ലിപ്പുകളും അദ്ദേഹം കാണും. ഇങ്ങനെയാണെങ്കിലും, പുടിൻ സാങ്കേതികവിദ്യയിൽ നിന്ന് അകന്നു നിൽക്കാൻ ആഗ്രഹിക്കുന്ന ഒരാളാണ്. കംപ്യൂട്ടറും സ്മാർട്ട്ഫോണും കുറച്ച് മാത്രം ഉപയോഗിക്കാൻ താൽപര്യപ്പെടുന്ന, പേപ്പർ ഡോക്യുമെന്റുകളും, ഇ-മെയിലിനു പകരം ലാൻഡ്ലൈനിൽ നേരിട്ട് സംസാരിക്കാൻ ആഗ്രഹിക്കുന്ന ഒരാളാണ് അദ്ദേഹം.
പ്രഭാതഭക്ഷണം മാറ്റിനിർത്തിയാൽ അദ്ദേഹത്തിന്റെ ബാക്കി ആഹാര ശീലങ്ങളെ കുറിച്ച് കാര്യമായ അറിവില്ല. എന്നാൽ സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ പ്രാവ്ദ അവകാശപ്പെടുന്നത്, പുടിൻ തക്കാളി, വെള്ളരി, ചീര എന്നിവ അടങ്ങിയ ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുന്നു എന്നാണ്. മറ്റേതൊരു മാംസത്തേക്കാളും ആട്ടിറച്ചിയെ ഇഷ്ടപ്പെടുന്ന പുടിൻ എന്നാൽ മത്സ്യമാണ് കൂടുതലും കഴിക്കുന്നത്. മധുരപലഹാരങ്ങൾ മെനുവിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കുമെന്നും പറയപ്പെടുന്നു.
വിദേശ യാത്രയ്ക്കിടെ റഷ്യൻ പ്രസിഡന്റിന്റെ ഷെഡ്യൂൾ കൂടുതൽ കർശനമാണ്. അദ്ദേഹം താമസിക്കുന്നിടത്തെല്ലാം, ഷീറ്റുകൾ, ടോയ്ലറ്ററികൾ മുതൽ പഴ പാത്രങ്ങൾ വരെ എല്ലാം പുതിയതാണ് വയ്ക്കുന്നത്. അദ്ദേഹം കഴിക്കുന്ന എല്ലാ ആഹാര സാധനങ്ങളും, വിഷം കലർന്നിട്ടില്ലെന്ന് ഉറപ്പാക്കാൻ ഒരു ഫുഡ് ടെസ്റ്റർ ആദ്യം അത് രുചിച്ച് നോക്കുന്നു.
രാത്രി ഏറെ വൈകിയിരുന്ന് പുസ്തകങ്ങൾ വായിക്കുന്ന ശീലം പുടിനുണ്ട്. അത്താഴത്തിന് ശേഷം, പിസ്ത ഐസ്‌ക്രീം കഴിക്കാൻ അദ്ദേഹം ഇഷ്ടപ്പെടുന്നു. ഒരു കൂടിക്കാഴ്ചയ്ക്കിടെ ചൈനീസ് പ്രസിഡന്റിന് അദ്ദേഹം ഈ ഐസ്‌ക്രീം സമ്മാനിച്ചിരുന്നു. അതേസമയം, പുടിൻ ദൂര യാത്ര ചെയ്യുമ്പോൾ പാൽ ഉൽപന്നങ്ങൾ കഴിക്കാറില്ല.
പുടിൻ വീട് വിട്ട് പോകാൻ താല്പര്യമില്ലാത്ത ഒരാളാണെന്നും ന്യൂസ് വീക്ക് പറയുന്നു. മദ്യത്തിനോടും അദ്ദേഹത്തിന് വലിയ താല്പര്യമില്ല. പ്രത്യേക ഔദ്യോഗിക പരിപാടികളിൽ മാത്രമാണ് അദ്ദേഹം മദ്യപിക്കുന്നത്. രാത്രി വൈകുവോളം വായിക്കുന്ന അദ്ദേഹം ഏകദേശം 3 മണിക്ക് ഉറങ്ങാൻ കിടക്കുന്നതായി ഈ പുസ്തകം പറയുന്നു.
കരുത്തിന് പിന്നിൽ ആത്മാക്കളുടെ പാനീയമോ?
്എന്നാൽ പുട്ടിന്റെ മനസ്സുകീഴടക്കിയ വിഭവം ഇതൊന്നുമല്ല, അതൊരു പാനീയമാണ്...കെഫീർ. പുടിന്റെ അതിമാനുഷനെപ്പോലുള്ള ശക്തിക്ക് പിന്നിൽ ഈ ആത്മാക്കളുടെ പാനീയം എന്ന് അറിയപ്പെട്ടുന്ന ഈ സാധനം ആണെന്നാണ് സോഷ്യൽ മീഡിയയിൽ അടക്കം അഭ്യൂഹങ്ങൾ ഉയരുന്നത്. ഇക്കാര്യം അദ്ദേഹത്തിന്റെ ചില കാമുകിമാരും ശരിവെക്കുന്നുണ്ട്.
വൈകുന്നേരങ്ങളിലാണത്രേ പുട്ടിൻ കെഫീർ കുടിക്കുന്നത്. ഒരു ഗ്ലാസ് കെഫീർ കൊടുത്താൽ എത്ര തിരക്കിലും പുട്ടിന്റെ ശ്രദ്ധ ലഭിക്കുമെന്ന് അദ്ദേഹത്തിന്റെ മുൻ ഭാര്യ ല്യുദ്മില നേരത്തെ പറഞ്ഞിട്ടുള്ള കാര്യമാണ്. റഷ്യയുടെ വടക്കൻ കോക്കാസസ് മേഖലയിൽ നിന്നുള്ള പാനീയമാണ് കെഫീർ. പാലും യീസ്റ്റ് പോലുള്ള കെഫീർ തരികളും തമ്മിൽ മിശ്രണം ചെയ്താണ് ഈ പാനീയം ഉണ്ടാക്കുന്നത്. കെഫീർ തരികൾ വീണ്ടും വീണ്ടും ഉപയോഗിക്കാം. വടക്കൻ കോക്കസസ് മേഖലയിൽ കെഫീർ വളരെ സവിശേഷമായാണു കരുതപ്പെടുന്നത്. ഒരുവീട്ടിലെ കെഫീർ തരികൾ മറ്റൊരു വീട്ടിലേക്കു കൈമാറ്റം ചെയ്യരുതെന്നു പോലും അവർ വിശ്വസിക്കുന്നു. കെഫീർ തരികൾ ആത്മാക്കൾക്കു പ്രിയപ്പെട്ടതാണത്രേ...അവ കൈമാറ്റം ചെയ്താൽ അത് ആത്മാക്കളെ വേദനിപ്പിക്കും. അവർ ശപിക്കുകയും ചെയ്യും.
1884ൽ കെഫീർ നോർത്ത് കോക്കസസ് മേഖലയിൽ നിന്നും റഷ്യയിലെമ്പാടും പ്രശസ്തമായി. പിന്നീട് സോവിയറ്റ് യൂണിയൻ കാലഘട്ടത്തിൽ യൂറോപ്പിലും ജപ്പാനിലും ഒടുവിൽ യുഎസിലുമെത്തി. കെഫീർ ഉണ്ടാക്കുന്നതെങ്ങനെയെന്നു വിശദീകരിക്കുന്ന ലേഖനങ്ങളും വിഡിയോകളുമൊക്കെ ഇന്ന് ഇന്റർനെറ്റിൽ സുലഭമാണ്. കെഫീറിൽ പ്രോബയോട്ടിക്സിന്റെ സാന്നിധ്യം ഏറെയുള്ളതിനാൽ അതിനു പോഷകമൂല്യമുണ്ടെന്നും ചില ഭക്ഷണ വിദഗ്ദ്ധർ പറയുന്നുണ്ട്
ബോട്ടോക്സില്ല; പുടിന്റെ മുഖത്തും ചുളിവ് വീഴും
തൊലിയിൽ ചുളിവുകൾ വീഴുന്നതു തടയാനായി ലോകത്ത് സെലിബ്രിറ്റികളുൾപ്പെടെ പ്രമുഖർ ഉപയോഗിക്കുന്ന മാർഗമാണു ബോട്ടോക്സ്.പ്രായം കുറഞ്ഞതായി തോന്നാനായി ഒടിയൻ സിനിമയിൽ, നമ്മുടെ ലാലേട്ടൻ വരെ എടുത്ത ബോട്ടോക്സ് ഇഞ്ചക്ഷൻ ഓർമ്മയില്ലേ? ഇതിന്റെ പാർശ്വഫലം മൂലമാണ് മരയ്ക്കാറിലെ നിർവികാര മുഖം എന്നുവരെ ആരോപണം ഉണ്ടായിരുന്നു. നമ്മുടെ പുടിനും 69ാം വയസ്സിലും മുഖം ചുള്ളനാക്കി നിർത്തുന്നത്, ഈ ഇഞ്ചക്ഷനിലുടെയാണ്.
വ്ളാഡിമിർ പുടിനെ വ്യക്തിപരമായി ഈ ഉപരോധം ബാധിച്ചേക്കാമെന്നാണ് ഉയരുന്ന അഭ്യൂഹങ്ങൾ. കാരണം റഷ്യക്കെതിരായ ഉപരോധം മൂലം ഇനി ഇതൊന്നും ഇവിടെക്ക് എത്താൻ ഇടതില്ലെന്നാണ്. ഇതിന്റെ ഭാഗമായി സ്വന്തമായി ബോട്ടോക്സ് ഇഞ്ചക്ഷൻ ഉണ്ടാക്കാനും റഷ്യ ശ്രമം നടത്തുന്നുണ്ട്.
ഡോ. ജേക്ക് സ്ലോനെപ്പോലെയുള്ള കോസ്മെറ്റിക് വിദഗ്ദ്ധർ പറയുന്നത് പ്രകാരം പുട്ടിൻ ബോട്ടോക്സിനു പുറമേ കവിളിനെ പുഷ്ടിപ്പെടുത്താനും തുടുത്തു നിൽക്കാനുമായി ഫില്ലറുകൾ ചീക്ക് ബോണുകളിൽ ഉപയോഗിച്ചിട്ടുണ്ടെന്നാണ്. പ്രായമാകുന്നതിന് അനുസരിച്ച് ആളുകളുടെ മുഖങ്ങൾ മെലിഞ്ഞു വരുന്നതാണു സാധാരണ കണ്ടുവരുന്നതെങ്കിൽ പുട്ടിന്റെ കാര്യത്തിൽ അദ്ദേഹത്തിന്റെ മുഖവും കവിളുകളും മനോഹരമായി തുടുത്ത് പുഷ്ടിപ്പെട്ട് ഇരിക്കുകയാണെന്നും ഇത് സൗന്ദര്യവർധക പ്രക്രിയകളുടെ ഫലമായാണെന്നും ജെറാർഡ് ലാംബിയെപ്പോലുള്ള കോസ്മറ്റിക് സർജന്മാർ പറയുന്നു.
ബോട്ടോക്സ് ഇൻജക്ഷനുകൾ ലോകവ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. ചുളിവുകൾ നേരെയാക്കാൻ മാത്രമല്ല, കഴുത്തുവേദന, ഇടതടവിട്ടുള്ള മൂത്രശങ്ക, അമിത വിയർക്കൽ എന്നിവയുടെയെല്ലാം ചികിത്സയിൽ ബോട്ടോക്സ് ഉപയോഗിക്കുന്നുണ്ട്. ഓനോ ബോട്ടുലിനം എന്ന വിഷവസ്തുവാണു ബോട്ടോക്സ് ഇൻജക്ഷനിൽ ഉപയോഗിക്കുന്നത്. ബോട്ടുലിസം എന്ന ഭക്ഷവിഷബാധയ്ക്കു കാരണമാകുന്ന ഒരു സൂക്ഷ്മകോശജീവിയാണ് ഇത് ഉത്പാദിപ്പിക്കുന്നത്. എന്നാൽ ചെറിയ അളവുകളിൽ നിയന്ത്രിതമായ തോതിൽ ഈ രാസവസ്തു നൽകിയാൽ അത് ഗുണകരമാണ്. ബോട്ടോക്സ് ഇൻജക്ഷനുകൾ നൽകിയാൽ ശരീരത്തിലെ ചില രാസ സിഗ്നലുകളെ അതു തടയും. പേശികളെ സങ്കോചിപ്പിക്കുന്ന സിഗ്നലുകളാണ് ഇവ. ഈ പ്രക്രിയ നടക്കുന്നതോടെ പേശികൾ അയയും. ചുളിവുകൾ ഉൾപ്പെടെ മാറുന്നത് ഈ പ്രവർത്തനം മൂലമാണ്.
എന്തായാലും ഉടനെയൊന്നും റഷ്യക്ക് സ്വന്തമായി ഇത് ഉണ്ടാക്കാൻ കഴിയില്ല. അതിന് ചുരുങ്ങിയത് ഒരു വർഷത്തെയെങ്കിലും സമയം വേണം. യുക്രൈനിൽ റഷ്യ ജയിച്ചാലും പുടിന്റെ മുഖത്ത് ചുളിവ് വീഴുമെന്ന് ഉറപ്പായിക്കഴിഞ്ഞു.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ