ന്യൂഡൽഹി: നരേന്ദ്ര മോദിയുടെ രാഷ്ട്രീയ വിജയങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് അമിത് ഷായാണ്. തന്റെ ബുദ്ധികേന്ദ്രവും വിശ്വസ്തനുമായ അമിത് ഷായെ മോദി ബിജെപി അദ്ധ്യക്ഷനാക്കി മാറ്റിയതും അതുകൊണ്ടാണ്. മോദി സർക്കാരിന്റെ ആദ്യവർഷം പാർട്ടി തലവനെന്ന നിലയ്ക്ക് അമിത് ഷായുടെയും ആദ്യവർഷമാണ്. അഞ്ചുവലിയ വിജയങ്ങളോടെ അമിത് ഷാ ആദ്യവർഷം മനോഹരമായി പിന്നിട്ടു. എന്നാൽ, തലവേദന ഒഴിയാതെ ഡൽഹിയിലെ കൂട്ടത്തോൽവിയും കൂട്ടിനുണ്ട്.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി നേടിയ വിജയമാണ് അമിത് ഷായുടെ തൊപ്പിയിലെ ആദ്യ പൊൻതൂവൽ. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യു.പി.യിലെ പ്രചാരണച്ചുമതല അമിത് ഷായ്ക്കായിരുന്നു. അവിടെ ബിജെപി നേടിയത് അവിശ്വസനീയമായ വിജയമായിരുന്നു. മോദി തരംഗത്തിൽ പിന്നീട് ഹരിയാണ, മഹാരാഷ്ട്ര, ജമ്മു കശ്മീർ, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപി നേട്ടമുണ്ടാക്കി. ഇതെല്ലാം മോദിക്കൊപ്പം അമിത് ഷായുടെയും വിജയമായി മാറി. കോൺഗ്രസ് ഈ സംസ്ഥാനങ്ങളിൽ നേരിട്ട തളർച്ച ബിജെപിയെ രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ കക്ഷിയാക്കി മാറ്റുകയും ചെയ്തു.

ഇതിനിടെയാണ് അപ്രതീക്ഷിതമായ തിരിച്ചടിയായി ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഏഴ് സീറ്റിലും വിജയിച്ച പാർട്ടി, നിയമസഭാ തിരഞ്ഞെടുപ്പിൽ വിരലിലെണ്ണാവുന്ന സീറ്റുകളിലേക്ക് ചുരുങ്ങി. ഈ തിരിച്ചടി ഒരു പാഠമായി കണ്ടുകൊണ്ടാണ് അമിത് ഷാ പിന്നീട് തന്ത്രങ്ങൾ മെനഞ്ഞത്.

പാർട്ടി അദ്ധ്യക്ഷനായി ചുമതലയേറ്റശേഷം ചില നിർണായകമായ ചുവടുവെയ്പുകൾ അമിത് ഷായ്ക്ക് സാധിച്ചു. മഹാരാഷ്ട്രയിലും ഹരിയാണയിലും സ്വീകരിച്ച തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ വിജയം കണ്ടത്അദ്ദേഹത്തിന്റെ കൂടി വിജയമായി. എന്നാൽ, ഡൽഹിയിലെ തോൽവി മോദി-ഷാ കൂട്ടുകെട്ടിന്റെ പരാജയമായി പാർട്ടിയിൽ വിലയിരുത്തപ്പെട്ടു.

മുതിർന്ന നേതാക്കളെ വിശ്വാസത്തിലെടുക്കാതെ അമിത് ഷാ സ്വന്തം നിലയക്ക് നടത്തിയ പ്രവർത്തനങ്ങളുടെ പരാജയമായി ഡൽഹിയിലെ തോൽവി വിലയിരുത്തപ്പെട്ടു. അമിത് ഷായുടെ അതിരുവിട്ട പ്രകടനങ്ങളിൽ അതൃപ്തരായ നേതാക്കൾക്ക് ഇതൊരു പിടിവള്ളിയായി മാറുകയും ചെയ്തു. നമോ ഫാക്ടറിന്റെ കാലം കഴിഞ്ഞുവെന്നും ചിട്ടയായ പ്രവർത്തനങ്ങളിലൂടെ പാർട്ടിയെ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത എന്താണെന്നും അമിത് ഷായെ ഡൽഹി തിരഞ്ഞെടുപ്പ് ഫലം പഠിപ്പിച്ചു.

മോദിയുടെ ഭരണനിപുണതയും അമിത് ഷായുടെ സംഘാടന മികവുമാണ് കഴിഞ്ഞ ഒരുവർഷം ബിജെപി സർക്കാരിനെ മുന്നോട്ടുകൊണ്ടുപോയത്.അസ്വാരസ്യങ്ങളില്ലാതെ സർക്കാരിനെയും പാർട്ടിയെയും മുന്നോട്ടുകൊണ്ടുപോകാൻ അമിത് ഷായ്ക്കായി. ബിഹാറിലും മറ്റും നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ, അമിത് ഷായ്ക്ക് മുന്നിലുള്ളത് കൂടുതൽ വെല്ലുവിളി നിറഞ്ഞ കാലമാണ്.