- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ചുഭാര്യമാർ, മൂന്ന് വിവാഹ മോചനം; 60ാംവയസ്സിൽ അഞ്ചാം വിവാഹം; രഹസ്യ ഭാര്യയുടെ വീട്ടിലേക്ക് പോകാനായി പാലം പണിതത് സർക്കാർ ചെലവിൽ; രണ്ടുഭാര്യമാർ വഴി കിട്ടിയത് കോടികളുടെ സ്വത്തുക്കൾ; പാക്ക് പധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ സ്വകാര്യ ജീവിതം ഞെട്ടിപ്പിക്കുന്നത്
ഇസ്ലാമബാദ്: ലോകത്തിലെ നമ്പർ വൺ ആക്രാന്ത രാഷ്ട്രീയക്കാരൻ എന്ന് അറിയപ്പെട്ടുന്ന വ്യക്തിയാണ് പാക്കിസ്ഥാന്റെ പുതിയ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. എന്തിലും കമ്മീഷൻ അടിക്കുന്നുവെന്ന് വൻ തോതിൽ വിമർശനം ഉയരുന്ന ഇദ്ദേഹത്തിന് ഇരുപത്തിഅയ്യായിരം കോടിയോളം രൂപയുടെ ആസ്തിയുണ്ടെന്നാണ് കരുതുന്നത്. അഴിമതിക്കേസിൽ അകത്തായി ജാമ്യത്തിലിറങ്ങിയാണ് ഷഹബാസ് പാക്കിസ്ഥാനിലേക്ക് തിരിച്ചുവന്നതും പ്രധാനമന്ത്രിയാവുന്നതും. അതുകൊണ്ടുതന്നെ സ്ഥാനമൊഴിഞ്ഞ പ്രധാാനമന്ത്രി ഇമ്രാൻഖാന്റെ അനുയായികൾ അഴിമതി ഒരു പ്രധാന വിഷയമായി എടുത്ത് ഷഹബാസിനെതിരെ കാമ്പയിൻ തുടരുകയാണ്.
നേരെത്ത ഇമ്രാൻ ഖാന്റെ വ്യക്തി ജീവിതം എടുത്തിട്ട് അലക്കിക്കൊണ്ടായിരുന്നു, ഷെരീഫിന്റെ പാർട്ടിയായ, പാക് മുസ്ലിം ലീഗ് നവാസിന്റെ വ്യക്തിഹത്യ. ഇമ്രാന് ലോകമെമ്പാടും ഭാര്യമാരും കാമുകിമാരുമുണ്ടെന്നാണ് ഇവരുടെ പ്രചാരണം. പാക് സിനിമാ നടന്മാരുമായി ഇമ്രാന് സ്വവർഗബന്ധം ഉണ്ടെന്നും, വിവാഹിതരായ സ്ത്രീകളിലായി അഞ്ചുമക്കൾ വേറെയുമുണ്ടെന്ന് രണ്ടാം ഭാര്യ പറഞ്ഞതും, പ്രേമിച്ച് മതംമാറിയ വിദേശ വനിതയെ വിട്ട് ഒരു 'ജിന്നുമ്മ'യെ ഭാര്യയാക്കിയതും തൊട്ടുള്ള ഇമ്രാന്റെ കാമകേളികൾ അവർ ചർച്ചയാക്കിയപ്പോൾ, അതേ നാണയത്തിലുള്ള അടി ഇപ്പോൾ ഷെരീഫിനും കിട്ടിയിരിക്കയാണ്. ഷഹബാസിന്റെ സുഖലോല ജീവിതവും, വിവാഹവും, പ്രണയവും ചർച്ചയാക്കിയിരിക്കയാണ് ഇമ്രാന്റെ തെഹ്രീകെ ഇൻസാഫ് പാർട്ടി പ്രവർത്തകർ.
അഞ്ചുവിവാഹം, അടിക്കടി പ്രണയം
അടിക്കടി പ്രണയങ്ങൾ ഉണ്ടാവുകയും അറുപതാം വയസ്സിലും വിവാഹിതനായ ഷഹബാസിന്റെ പാർട്ടിക്കാർക്ക് ഇമ്രാനെ കുറ്റം പറയാൻ എന്തുയോഗ്യതയാണ് ഉള്ളതെന്നാണ് ചോദ്യം. പാക്കിസ്ഥാൻ മാധ്യമങ്ങളിലെ റിപ്പോർട്ടുകൾ പ്രകാരം ഷെഹബാസ് ഷെരീഫിന്റെ ആദ്യ വിവാഹം വലിയ കുടുംബ കലഹത്തിന് ഇടയാക്കിയിരുന്നു. 1973ൽ 23ാം വയസ്സിൽ തന്റെ ബന്ധുകൂടിയായ നുസ്രത്തിനെ ജീവിത സഖിയാക്കുമ്പോൾ അദ്ദേഹത്തിന്റെ പിതാവിന് കടുത്ത എതിർപ്പുണ്ടായിരുന്നു. ഈ ബന്ധത്തിൽ നാലുകുട്ടികൾ ഉണ്ട്. സൽമാൻ, ഹംസ, പിന്നെ ഇരട്ട സഹോദരിമാരായ ജാവേരിയയും റാബിയയും. ഷെഹബാസിന്റെ വിദേശയാത്രകളും, അടിക്കടിയുള്ള രഹസ്യബന്ധങ്ങളും കാരണം ഈ ദാമ്പത്യം അത്ര നല്ല രീതിയിൽ ആയിരുന്നില്ല മുന്നോട്ടുപോയിരുന്നത്. 1993 ലാണ് നുസ്രത്ത് ഷഹബാസ് മരിച്ചത്.
ആദ്യ ഭാര്യയുടെ മരണത്തിന് തൊട്ടുപിന്നാലെ, തന്റെ 43ാം വയസ്സിൽ ഷഹബാസ് നിലോഫർ ഖോസയെ വിവാഹം കഴിച്ചു. ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി താരിഖ് ഖോസയുടെയും ജസ്റ്റിസ് ആസിഫ് സയീദ് ഖോസയുടെയും സഹോദരിയാണ് ഖോസ. അധികാരത്തിന്റെ ഉന്നതങ്ങളിൽ പിടിയുള്ളവർ. വിവാഹങ്ങൾ ഷഹബാസിന് അധികാരത്തിനും പണത്തിനും വേണ്ടിയുള്ള കുറുക്കുവഴികൾ കുടിയായിരുന്നു. പക്ഷേ ഈ ബന്ധവും അധികനാൾ നീണ്ടനിന്നില്ല. ഷെഹബാസ് അവരെ മൊഴിചൊല്ലുകയായിരുന്നു.
ആലിയ ഹണി എന്ന വളർന്നുവരുന്ന മോഡലുമായാണ് ഷഹബാസിന്റെ മൂന്നാം വിവാഹം. അത് ഒരു രഹസ്യവിവാഹം ആയിരുന്നു. വാർത്ത ചില മാധ്യമങ്ങളിലുടെ പുറത്തായപ്പോഴാണ് അദ്ദേഹം അത് അംഗീകരിക്കാൻ തയ്യാറയാത്. ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് പറയുന്നത്. ലാഹാറിൽ 'ഹണി ബ്രിഡ്ജ്' എന്ന് ഒരു പാലം തന്നെയുണ്ട്. ഷഹബാസ് പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന സമയത്താണ് ഇത് നിർമ്മിച്ചത്. തന്റെ രഹസ്യ ഭാര്യയുടെ വസതിയിലേക്ക് എളുപ്പത്തിൽ സഞ്ചരിക്കാനാണത്രേ ഇത് നിർമ്മിച്ചത്. എന്നിരുന്നാലും, അവരുടെ ദാമ്പത്യം അധികനാൾ നീണ്ടുനിന്നില്ല. മുഷറഫ് അധികാരത്തിൽ ഏറിയപ്പോൾ ഷെരീഫ് സൗദി അറേബ്യയിലേക്ക് നാടുവിട്ടു. ഈ സമയത്ത് സൗദിയിൽ വെച്ച് ആലിയ ഹണിയെ മൊഴിചൊല്ലി. ഈ ബന്ധത്തിൽ ഖദീജ ഷെരീഫ് എന്ന ഒരു പെൺകുട്ടിയുണ്ട്. വിവാഹമോചനത്തിന് ഏതാനും മാസങ്ങൾക്ക് ശേഷം ദുരൂഹ സാഹചര്യത്തിൽ ആലിയ ഹണി മരിച്ചു.
തുടർച്ചയായ രണ്ട് വിവാഹങ്ങൾ പരാജയപ്പെട്ടതിന് ശേഷം, ഷഹബാസ് ഷെരീഫ് കുറച്ച് വർഷം കാത്തിരുന്നാണ് അടുത്ത വിവാഹത്തിലേക്ക് കടന്നത്. 2003-ൽ ആക്റ്റീവിസ്റ്റും നോവലിസ്റ്റും തെഹ്മീന ദുറാനിയെ അദ്ദേഹം രഹസ്യമായി വിവാഹം ചെയ്തു. എട്ട് വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. സർക്കാർ ഉദ്യോഗസ്ഥർക്കോ ഷെരീഫ് കുടുംബത്തിനോ അടക്കം ആർക്കും ഇവരുടെ വിവാഹത്തെക്കുറിച്ച് ഒരു സൂചനയും ലഭിച്ചില്ല. പക്ഷേ വാർത്ത പുറത്തുവന്നതോടെ ഷെരീഫ് ബന്ധം അംഗീകരിച്ചു. വിവാഹ ചടങ്ങ് വലിയ ആർഭാടത്തോടെ ദുബൈയിൽ നടന്നു. ഇപ്പോഴും ഷഹബാസ് ഷരീഫിന്റെ ഔദ്യോഗിക ഭാര്യയായി അറിയപ്പെടുന്നത് തെഹ്മീന ദുറാനിയാണ്.
തെഹ്മീന ദുറാനിയുടെയും മൂന്നാം വിവാഹമായിരുന്നു ഇത്. മുൻ ഗവർണർ ഗുലാം മുസ്തഫ ഖർ ആയിരുന്നു ആദ്യ ഭർത്താവ്. അവരുടെ പുസ്‌കങ്ങളിൽ മുൻ ഭർത്താക്കന്മാരിൽനിന്ന് ഏറ്റ പീഡനത്തെക്കുറിച്ചുള്ള വിവരണങ്ങൾ പാക്കിസ്ഥാനിലെ മതമൗലികവാദികളെ പ്രകോപിപ്പിച്ചിരുന്നു. ലാഹോറിലെ തങ്ങളുടെ പൗരാണിക ഭവനത്തിലാണ് തെഹ്മീന ഇപ്പോഴും താമസിക്കുന്നത്. രേഖാമൂലം പാക്കിസ്ഥാനിലെ ഫസ്റ്റ് ലേഡി എന്ന പദവിയും ഇവർക്ക് തന്നെയാണ്.
2012ൽ, തന്റെ 60ാം വയസ്സിൽ, ഷഹബാസ് അഞ്ചാം വിവാഹം കഴിച്ചു. കൽസൂം ഹായി എന്ന യുവതിയായിരുന്നു വധു. ഈ വിവാഹവും രഹസ്യമായിരുന്നു. പക്ഷേ ഇരുവരും വൈകാതെ വിവാഹമോചനം നേടി. ഹഹബാസുമായുള്ള ബന്ധം കൽസും ഹയ നേരത്തെ നിഷേധിച്ചിരുന്നു.
ഭാര്യമാരുടെ പേരിൽ കോടികളുടെ സ്വത്ത്
പാക്കിസ്ഥാനിലെ പരമ്പരാഗത വ്യവസായ കൂടുംബത്തിലെ അംഗമായ കോടീശ്വരിയായ ആദ്യ ഭാര്യയിലൂടെയും മറ്റും വൻ തോതിലുള്ള സ്വത്താണ് ഷഹബാസ് ഷരീഫിന് കൈവന്നത്. മൂന്ന് വീടുകളും 810 കനാൽ കൃഷിഭൂമിയുമുൾപ്പെടെ 27.60 കോടി രൂപയാണ് ഹബാസ് ഷെരീഫിന്റെ ആദ്യ ഭാര്യ നുസ്രത്ത് ഷഹബാസിന്റെ ആസ്തി. സ്പിന്നിങ് മില്ലുകൾ, ഒരു വ്യാപാര കമ്പനി, ടെക്സ്റ്റൈൽ മില്ലുകൾ, പൗൾട്രി ഫാമുകൾ, പഞ്ചസാര മില്ലുകൾ, ഡയറി ഫാമുകൾ, ഊർജ്ജ കമ്പനി, ഒരു പ്ലാസ്റ്റിക് വ്യവസായ കമ്പനി എന്നിവയെല്ലാം അവരുടെ പേരിൽ ഉണ്ടായിരുന്നു. കൂടാതെ വീട്ടുപകരണങ്ങൾ, ആഭരണങ്ങൾ, കാർ എന്നിവയെല്ലാമായി 34.1 ലക്ഷം രൂപയുടെ ആസ്തികൾ വേറയും. ഇലക്ഷൻകമ്മീഷന് ഷഹബാസ് സമർപ്പിച്ച വിവരങ്ങളിൽ ഈ സ്വത്തുക്കളും പെടും.
ഷഹബാസ് ഷെരീഫിന്റെ നിലവിലെ ഔദ്യോഗിക ഭാര്യയായ തെഹ്മീന ദുറാനിയും കോടീശ്വരിയാണ്. 92.3 ലക്ഷം രൂപയാണ് അവരുടെ കണക്ക് കാണിച്ച ആസ്തി. തെല്ലാം ചേർത്ത് പധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെയും രണ്ട് ഭാര്യമാരുടെയും ആകെ ആസ്തി 41.73 കോടി രൂപയാണെന്നാണ് ഔദ്യോഗിക കണക്ക്. മൊത്തം ഇരുപത്തിഅയ്യായിരം കോടിയുടെ ആസ്തി ഇയാൾക്കുണ്ടെന്നാണ് കരുതുന്നത്. എന്നാൽ പനാമ പേപ്പറിലടക്കം വാർത്ത വന്ന വ്യക്തിയാണ് ഷഹബാസ്.
എട്ട് ഓഫ്‌ഷോർ കമ്പനികൾ ഷെഹബാസ് ശരീഫുമായി ബന്ധമുള്ളവയാണ് എന്നായിരുന്നു പനാമ പേപ്പേഴ്സ് സൂചിപ്പിച്ചത്. സെന്റ്കിറ്റ്സിലെ ഒരു ദ്വീപ് ഷെരീഫ് കുടുംബം വിലക്കുവാങ്ങി എന്നത് കേട്ട് പലരും നടുങ്ങിപ്പോയി. 2019 ൽ പാക്കിസ്ഥാനിലെ നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോ വെളിപ്പെടുത്തിയത് കോടികൾ വിലമതിക്കുന്ന 23 അനധികൃത സ്വത്തുക്കൾ ആണ് ഷഹബാസ് ഷരീഫിന്റെയും മകന്റെയും പേരിൽ ഉണ്ടെന്നാണ്. 2019 ഡിസംബറിൽ നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ ഷഹബാസിനെയും മകൻ ഹംസ ഷരീഫിനെയും അറസ്റ്റ് ചെയ്യുകയും സ്വത്തുക്കൾ മരവിപ്പിക്കുകയും ചെയ്തു. ലാഹോർ ഹൈക്കോടതി കുറ്റക്കാരനെന്ന് വിധിച്ചതോടെ ജയിലുമായി. ഷെരീഫിന്റെ മരുമകൻ ഹാറൂൺ യൂസഫിന്റെ ഉടമസ്ഥതയിലുള്ള ഒരു കമ്പനി വഴിയാണ് ഇടപാടുകൾ നടത്തിയത്. ഇപ്പോഴും ഷഹബാസിന്റെ വലം കൈയാണ് കൊടിയ അഴിമതിക്കാരനായ ഈ മരുമകൻ. ഷഹബാസിനെ ഇയാൾ വല്ലാതെ വഴിതെറ്റിക്കുന്നുവെന്ന് കുടുംബത്തിന് അകത്തുനിന്നുതന്നെ പരാതിയുണ്ട്.
ഇപ്പോൾ ഷഹബാസ് വീണ്ടും അധികാരത്തിൽ എത്തിയതോടെ പാക്കിസ്ഥാനിൽ അഴിമതിയുടെ പൂക്കാലം വീണ്ടും വന്നിരിക്കയാണെന്നാണ് ഇമ്രാൻ അനുകൂലികൾ പറയുന്നത്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ