പൂർവ്വമായിരുന്നു ആ നിമിഷം. മനുഷ്യായുസിൽ വല്ലപ്പോഴും മാത്രം കാണാൻ ഭാഗ്യം ലഭിക്കുന്ന അപൂർവ്വ നിമിഷം. പകലിന്റെ തുടക്കത്തിൽ അതി ശക്തമായ സൂര്യന് സ്വന്തം ശക്തി ചിറകിനുള്ളിൽ ഒതുക്കി കുറച്ച് നേരത്തേയ്ക്ക് ഇരുട്ടിലേയ്ക്ക് മറയുവാനുള്ള ദൗത്യം നേരിട്ട് കാണാൻ ഭാഗ്യം ലഭിച്ച നിമിഷം. അതിശക്തമായ വികിരണം ഭയന്ന് ആരും സൂര്യനിലേയ്ക്ക് നോക്കാൻ ഭയന്നില്ലെങ്കിലും കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് പലയിടവും കാഴ്ച മങ്ങിയ പോലെ ആയിരുന്നെങ്കിലും ബ്രിട്ടനിൽ അങ്ങോളമിങ്ങോളം ഈ ആപൂർവ്വ പ്രതിഭാസം അരങ്ങേറി. വേനൽ അറുതിയുടെ മദ്ധ്യ രാത്രി ജനിക്കുന്നതിനേക്കാൾ വേഗത്തിലും കറുപ്പിലും പകൽ ഇരുട്ട് പിറന്നു. ആകാശത്ത് ചന്ദ്രന്റെയും നക്ഷത്രങ്ങളുടെയും തിളക്കത്തോടെ സൂര്യന്റെ വിട വാങ്ങൽ.

ഈ നൂറ്റാണ്ടിലെ ആദ്യ സൂര്യഗ്രഹണം ദർശിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആയിരങ്ങളാണ് മായകാഴ്ചയിൽ മതിമറന്നത്. രാവിലെ എട്ടരമുതലാണ് യൂറോപ്പിലും അമേരിക്കയിലും സൂര്യഗ്രഹണം ദൃശ്യമായിതുടങ്ങിയത്. രാവിലെ 8.30തോടെയാണ് ബ്രിട്ടനിൽ ഗ്രഹണം ആരംഭിച്ചത്. 9.30തോടെയാണ് ഗ്രഹണം മൂർധന്യത്തിലെത്തി, തുടർന്ന് 10.30തോടെ അവസാനിച്ചു. എന്നാൽ ബ്രിട്ടന്റെ വിവിധ ഭാഗങ്ങളിലുള്ള പലർക്കും കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് ഗ്രഹണം കാണാൻ സാധിച്ചില്ല.

യൂറോപ്പ്, വടക്കൻ ആഫ്രിക്ക, വടക്കൻ ഏഷ്യ എന്നീ പ്രദേശങ്ങളിൽ 30 ശതമാനം മുതൽ 98 ശതമാനം വരെയുള്ള തോതിലാണ് സൂര്യഗ്രഹണം ഉണ്ടായത്. പ്രദേശങ്ങൾക്കനുസരിച്ച് ഇതിൽ ഏറ്റക്കുറച്ചിലുണ്ടായി. ഗ്രഹണസമയത്ത് സൂര്യനിൽനിന്ന് പുറപ്പെടുന്ന രശ്മികൾ അത്യന്തം അപകടകാരികളായതിനാൽ, നേരിട്ട് നോക്കുന്നത് കാഴ്ചശക്തിയെപ്പോലും പ്രതികൂലമായി ബാധിക്കുമെന്ന വിദഗ്ധരുടെ റിപ്പോർട്ടിനെതുടർന്ന് സുരക്ഷ ഉറപ്പാക്കിയ ശേഷമാണ് ഭൂരിപക്ഷം ആളുകളും ഗ്രഹണം ദർശിച്ചത്. പ്രത്യേക ഗ്ലാസുകളും, സോളാർ ഫിൽറ്റർ ഗ്ലാസ്സുകളും ടെലിസ്്‌കോപുകളുമൊക്കെയായിട്ടാണ് മിക്കയിടത്തും ഗ്രഹണം കാണാൻ ആളെത്തിയത്.

രാവിലെ 8.20-തോടെയാണ് ഗ്രഹണത്തിന്റെ ആദ്യ ദൃശ്യങ്ങൾ ലഭ്യമായിത്തുടങ്ങിയത്. ചന്ദ്രൻ പൂർണമായും സൂര്യന് കുറുകെയെത്തിയത് 9.32-നാണ്. 10.41 വരെ ഗ്രഹണം നീണ്ടുനിൽന്നു. ബ്രിട്ടനിൽ കനത്ത മൂടൽ മഞ്ഞും പുകയുമുള്ളതിനാൽ, പലേടത്തും ഗ്രഹണം ദൃശ്യമാകാതിരുന്നു. ഡെവണിന്റെ വടക്കൻ തീരത്തും കോൺവാളിലും തെക്കൻ വെയ്ൽസിലും മൂടലില്ലാതെ ഗ്രഹണം ദൃശ്യമായി. ഇനി 2026ലായിരിക്കും ഇതുപോലുള്ള ഒരു സൂര്യഗ്രഹണമുണ്ടാവുകയെന്നും ഗവേഷകർ പറയുന്നു.

എന്നാൽ ഗ്രഹണത്തിനൊപ്പം നിന്നു സെൽഫിയെടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് താരമാവാമെന്ന് കരുതിയവർക്ക് അത് ഒഴിവാക്കണമെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകിയിരുന്നു. സൂര്യരശ്മികൾ നേരിട്ട് കണ്ണിൽ പതിക്കാനുള്ള സാധ്യത കൂടുതലാണ് എന്നതുകൊണ്ടാണ്. മൊബൈൽ ഫോണുകൾ സർവസാധാരണമല്ലാതിരുന്ന 1999-ലാണ് ഇതിനുമുമ്പ് സൂര്യഗ്രഹണമുണ്ടായത്. അന്ന് ഫോണിൽ ദൃശ്യം പകർത്താൻ ശ്രമിച്ച 60-ലേറെപ്പേരാണ് കാഴ്ചപ്രശ്‌നങ്ങളുമായി ബ്രിസ്റ്റോൾ കണ്ണാശുപത്രിയിലെത്തിയത്. ഫോട്ടോ ശരിയാക്കാനുള്ള ശ്രമത്തിനിടെ നിങ്ങൾ സൂര്യനിലേക്ക് അറിയാതെ നോക്കിപ്പോകാൻ ഇടയുണ്ടെന്നതുകൊണ്ടാണ് സെൽഫിക്ക് ശ്രമിക്കരുതെന്ന് പറഞ്ഞതെന്ന് ഒപ്‌റ്റോമെട്രിസ്റ്റ്‌സ് കോളേജിലെ ക്ലിനിക്കൽ അഡൈ്വസർ ഡാനിയേൽ ഹാർഡിമാൻ മക്കാർട്ടിനി പറഞ്ഞു. ഗ്രഹണസമയത്തെ രശ്മികൾ കണ്ണിൽ പതിക്കുന്നത് റെറ്റിനയിലെ കോശങ്ങളെ തകരാറിലാക്കുമെന്നും അന്ധതയുൾപ്പെടെയുള്ള പ്രശ്‌നങ്ങൾക്ക് വഴിവെക്കുമെന്നും അദ്ദേഹം പറയുന്നു.

സ്‌കൂളുകൾ ഗ്രഹണ സമയത്ത് കുട്ടികളെ പുറത്തിറക്കരുതെന്ന് നിർദ്ദേശം അദ്ധ്യാപകർക്ക് നൽകിയിരുന്നെങ്കിലും അപൂർവ്വ പ്രതിഭാസമായ ഗ്രഹണം പലയിടങ്ങളിലും അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും നിരീക്ഷണത്തിൽ കുട്ടികളും സോളാർ ഫിൽറ്റർ ഗ്ലാസ്സുകളിലൂടെ കണ്ടു. ഗ്രഹണം ഒരു അപൂർവ പ്രതിഭാസമാകയാൽ, അത് കാണാതെ പോകുന്നത് തീരാ നഷ്ടമായാണ് കണക്കാക്കുന്നത്. വടക്കോട്ടുപോകും തോറുമാണ് ഗ്രഹണദൃശ്യം കൂടുതൽ മിഴിവോടെ കാണാനായി. ഏറ്റവും വ്യക്തമായി ഗ്രഹണം കാണാൻ സാധിച്ചത് ഐൽ ഓഫ് ലൂയിയുടെ പടിഞ്ഞാറൻ തീരത്താണ്. 9.36-ഓടെയാണ് ഇവിടെ പൂർണ സൂര്യഗ്രഹണം ദൃശ്യമായത്. ഐൽ ഓഫ് സ്‌കൈ, ഓർക്‌നീസ് എന്നിവിടങ്ങളാണ് ഗ്രഹണം നല്ലരീതിയിൽ കാണാനായ മറ്റു സ്ഥലങ്ങൾ. ഇവിടങ്ങളിൽ 97 ശതമാനം ഗ്രഹണം ദൃശ്യമായി. ലണ്ടനിൽ ഏറ്റവും മികച്ച ഗ്രഹണക്കാഴ്ച 9.31നാണ് നടന്നത്.

പെൻസൻസിൽ 9.28-നും കാർഡിഫിൽ 9.28-നും നോർവിച്ചിൽ 9.34-നും മാഞ്ചസ്റ്ററിൽ 9.32-നും ഹള്ളിൽ 9.34-നും ബെൽഫാസ്റ്റിൽ 9.30നും എഡിൻബറോയിൽ 9.35-നും ഇൻവേർനെസിൽ 9.36-നും സ്‌റ്റോണെവേയിൽ 9.36-നും ഗ്രഹണം ദൃശ്യമായി. ലണ്ടനിൽ 84 ശതമാനം ഗ്രഹണമാണ് ദൃശ്യമായപ്പോൾ, സ്‌റ്റോണെവേയിൽ എത്തുമ്പോൾ അത് 98 ശതമാനമായി.

വർഷത്തിൽ ശരാശരി 2.4 പ്രാവശ്യം സൂര്യഗ്രഹണം ഉണ്ടാകാറുണ്ട്. എന്നാൽ സമ്പൂർണസൂര്യഗ്രഹണമുണ്ടാകുന്നത് അപൂർവ പ്രതിഭാസമാണ്. 2009ന് ശേഷം യുകെയിൽ ദൃശ്യമാകുന്ന സമ്പൂർണസൂര്യഗ്രഹണമാണ് ഇന്ന് നടന്നത്. 2003, 2006, 2008, 2011 എന്നീ വർഷങ്ങളിലും ഇവിടെ സൂര്യഗ്രഹണമുണ്ടായിരുന്നുവെങ്കിലും അതെല്ലാം ഭാഗിക ഗ്രഹണങ്ങളായിരുന്നു. 1999ന് ശേഷമുള്ള ഏറ്റവും വലിയ സൂര്യഗ്രഹണത്തിനാണ് യൂറോപ്പാകമാനം ഇന്ന് സാക്ഷ്യം വഹിച്ചത്.

ഏറ്റവും കൂടുതൽ നേരം സമ്പൂർണ സൂര്യഗ്രഹണം നിലനിന്നത് ഐസ്ലാൻഡിന് കിഴക്ക് നോർവീജിയൻ കടലിലാണ്. ഇവിടെ രണ്ട് മിനുറ്റും 47 സെക്കൻഡുമായി സമ്പൂർണ സൂര്യഗ്രഹണം നിലനിന്നു. സൂര്യഗ്രഹണം ഗ്രീൻലാൻഡ് ഉപഭൂഖണ്ഡത്തിന് തൊട്ട് താഴെ നിന്ന് തുടങ്ങി വടക്കോട്ട് ആർട്ടിക് സർക്കിൾ വരെ ദൃശ്യമായി. ഭാഗിക സൂര്യഗ്രഹണം ആയിരക്കണക്കിന് മൈലുകൾ വിസ്തീർണത്തിൽ ഒരേ സമയം ദൃശ്യമായി. യുകെയുടെ വടക്ക് പടിഞ്ഞാറൻ ഭാഗങ്ങളിൽ സമ്പൂർണ സൂര്യഗ്രഹണമുണ്ടായി. ഫറോയ് ഐസ്ലാൻഡിലും സ്വാൽബാർഡിലുമുണ്ടായ സമ്പൂർണ സൂര്യഗ്രഹണം പിന്നിട് ഉത്തരധ്രുവഭാഗത്തേക്ക് നീങ്ങി. എയർഡ് ഉയിഗിന് സമീപത്തുള്ള ലെവിസ് ദ്വീപിന്റെ പടിഞ്ഞാറൻ തീരത്തും സമ്പൂർണ സൂര്യഗ്രഹണമുണ്ടായി.

വടക്ക് പടിഞ്ഞാറൻ സ്‌കോട്ട്‌ലൻഡ്, ഹെബ്‌റൈഡ്‌സ്, ഓർക്ക്‌നേസ്, ഷെട്ട്‌ലാൻഡ് ഐസ്ലാൻഡ് എന്നിവിടങ്ങളിൽ 95 ശതമാനമായിരുന്നു ഗ്രഹണം. സൂര്യഗ്രഹണം ഇന്ത്യയിലുമുണ്ടായെങ്കിലും വളരെ നേരിയതോതിലെ ബാധിക്കുകയുള്ളുവെന്നതിനാൽ അത് ദൃശ്യമായില്ല. അതേസമയം ഇന്ന് യൂറോപ്പിലാകെ ദൃശ്യമായ സൂര്യഗ്രഹണം പലരിലും ചില ആശങ്കകൾ വിതച്ചുതുടങ്ങിയിട്ടുണ്ട്. ഏതാനും ആഴ്ചകൾക്കുശേഷം ചന്ദ്രഗ്രഹണം കൂടി വരാനിരിക്കെ, ഇത് ലോകാവസാനത്തിന്റെ ആദ്യ അടയാളമാണെന്നാണ് പലരും വിശ്വസിക്കുന്നത്.