ന്യൂഡൽഹി: ഒരുജോലി ഏൽപിച്ച് കഴിഞ്ഞാൽ പിന്നെ സീമ ധാക്കയ്ക്ക് വേറൊന്നും ചിന്തയില്ല. പരമാവധി റിസൽറ്റുണ്ടാക്കുക. അതുകൊണ്ട് തന്നെ ഡൽഹി പൊലീസിന് സീമയ്ക്ക് വേണ്ടി ചട്ടങ്ങളെല്ലാം മാറ്റി മറിയ്‌ക്കേണ്ടി വന്നു. ഹെഡ് കോൺസ്റ്റബിൾ ആയിരുന്ന സീമയ്ക്ക് പൊടുന്നനെ അസിസ്റ്റന്റ് സബ് ഇൻസ്പക്ടറായി പ്രമോഷൻ. കാണാതായ 76 കുട്ടികളെ രണ്ടര മാസത്തിനുള്ളിൽ കണ്ടുപിടിച്ചു. അതിൽ 56 പേർ 14 വയസിൽ താഴെയുള്ളവർ. തങ്ങൾ ഇനി ഒരിക്കലും കാണില്ലെന്ന് കരുതിയ കുട്ടികളെ തിരിച്ചുകിട്ടുമ്പോൾ എന്തൊരു സന്തോഷമായിരിക്കും. അതേ സന്തോഷം തന്നെയാണ് ഒരമ്മ കൂടിയായ സീമയ്ക്ക്. ഡൽഹി പൊലീസ് കമ്മീഷണർ പ്രഖ്യാപിച്ച ഒരു ഇൻസന്റീവ് സ്‌കീമിന്റെ ഭാഗമായിരുന്നു കാണാതായ കുട്ടികൾക്കായുള്ള അന്വേഷണം.

'ഒരുവിശ്രമവും ഇല്ലാതെയായിരുന്നു ജോലി. എനിക്ക് കിട്ടുന്ന വിവരങ്ങൾ പ്രകാരം മുമ്പോട്ട് പോയി. തീർച്ചായും ഞാൻ സന്തോഷവതിയാണ്', ഡൽഹി പൊലീസിൽ ഇങ്ങനെ ഒരു പ്രമോഷൻ കിട്ടുന്ന ആദ്യ ഉദ്യോഗസ്ഥയായ സീമ ധാക്ക പറഞ്ഞു.

സമയ്പൂർ ബദ്‌ലി പൊലീസ് സ്റ്റേഷനിലാണ് സീമ ഇപ്പോൾ ജോലി ചെയ്യുന്നത്. ഓഗസ്റ്റ് 7 നാണ് ഡൽഹി പൊലീസ് കമ്മീഷണറായ എസ്എൻ ശ്രീവാസ്തവ പുതിയ പദ്ധതി പ്രഖ്യാപിച്ചത്. അക്കൂട്ടത്തിൽ 12 മാസത്തിനുള്ളിൽ 14 വയസിൽ താഴെയുള്ള കാണാതായ 50 ൽ അധികം കുട്ടികളെ രക്ഷിക്കുന്ന കോൺസ്റ്റബിളിനോ, ഹെഡ് കോൺസ്ബിളിനോ ആനുകൂല്യം പ്രഖ്യാപിച്ചിരുന്നു. പദ്ധതി പ്രകാരം രക്ഷപ്പെടുത്തുന്ന പതിനഞ്ചോളം കുട്ടികളെങ്കിലും എട്ടിൽ താഴെ വയസുള്ളവരായിരിക്കണം. 12 മാസത്തിനുള്ളിൽ 14 വയസിൽ താഴെയുള്ള 15 കുട്ടികളെയോ അതിൽ കൂടുതലോ രക്ഷിക്കുന്നവർക്ക് അസാധാരൺ കാര്യ പുരസ്‌കാറും പ്രഖ്യാപിച്ചിരുന്നു.

ഈ അന്വേഷണ മികവിനും കുടുംബങ്ങൾക്ക് സന്തോഷം തിരിച്ചുനൽകിയതിനും സീമ ധാക്കയ്ക്ക് അഭിനനന്ദനങ്ങൾ: ശ്രീവാസ്തവ ട്വീറ്റ് ചെയ്തു. ഡൽഹിയിൽ നിന്ന് മാത്രമല്ല, മറ്റുസംസ്ഥാനങ്ങളിൽ നിന്നും സീമകുട്ടികളെ രക്ഷിച്ചിട്ടുണ്ട്. ബംഗാളിൽ നിന്ന് രണ്ടുകുട്ടികൾ, പഞ്ചാബിലെ ഹോഷിയാർപൂരിൽ നിന്ന് രണ്ടുപേർ, ഗൂർഗോൺ, ഗസ്സിയാബാദ്, നോയിഡ, പാനിപ്പത്ത്, ബിഹാർ എന്നിവിടങ്ങളിൽ നിന്നെല്ലാം നിരവധി കുട്ടികളെ രക്ഷപ്പെടുത്തി.

ബംഗാളിൽ നിന്ന് ഏഴുവസുകാരനായ ഒരുകുട്ടിയെ രക്ഷിച്ച വിഷമകരമായ അനുഭവം പറയുന്നു സീമ.' 2018 ലാണ് വീട്ടിൽ നിന്നും കുട്ടിയെ കാണാതായത്. ബംഗാളിൽ നിന്ന് 2020 ഒക്ടോബറിൽ കുട്ടിയെ രക്ഷിച്ചു. ഏഴുവയസുകാരനെ കാണാതായതായി അമ്മ പരാതി നൽകി. ഇവർ അടിക്കടി മേൽവിലാസവും മൊബൈൽ നമ്പറും മാറ്റിയതോടെ, ബന്ധപ്പെടാൻ വലിയ ബുദ്ധിമുട്ടായിരുന്നു. ഒരുതരത്തിലാണ് ബംഗാളിൽ നിന്നും പയ്യൻസിനെ കണ്ടുപിടിച്ചത്. രണ്ട് നദികൾ കടന്നാണ് ഞങ്ങൾ ഗ്രാമത്തിൽ എത്തിയത്. എന്നാൽ, അവൻ മാതാപിക്കളുടെ അടുത്തേക്ക് പോകാൻ തയ്യാറായിരുന്നില്ല. കുട്ടിയുടെ അമ്മ മറ്റൊരാളെ വിവാഹം കഴിച്ചിരുന്നു. രണ്ടാനച്ഛന് അവനെ ഇഷ്ടമല്ലായിരുന്നു. കൂടെ കൂടെ തല്ലും. അതോടെയാണ് അവൻ വീട് വിട്ടിറങ്ങിയത്'-സീമ ധാക്ക പറഞ്ഞു.

'ഞാനും ഒരമ്മയാണ്. ആർക്കും കുട്ടികളെ നഷ്ടപ്പെടുന്നത് ഓർക്കാനേ വയ്യ. അതുകൊണ്ട് തന്നെ രാപകലെന്നില്ലാതെ അന്വേഷണമായിരുന്നു.' വീട്ടുകാരുമായി വഴക്കുകൂടി മയക്കുമരുന്നിലേക്കും മദ്യത്തിലേക്കും വഴുതി വീണ പല കൗമാരക്കാരുടെ പ്രശ്‌നങ്ങളും സീമയ്ക്ക് കൈകാര്യം ചെയ്യേണ്ടി വന്നിട്ടുണ്ട്. കുട്ടികളെ രക്ഷിച്ചുകഴിഞ്ഞാൽ കൗൺസലിങ് നൽകിയ ശേഷം പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയാണ് പതിവ്.

2006 ജൂലായ് മൂന്നിനാണ് സീമ ഡൽഹി പൊലീസിൽ ചേർന്നത്. 2014 ൽ പ്രമോഷൻ കിട്ടി ഹെഡ് കോൺസ്റ്റബിളായി. തെക്ക് -കിഴക്കൻ ഡൽഹിയിലായിരുന്നു പോസ്റ്റിങ്. 2012 വരെ അവിടെ തുടർന്നു. പിന്നീട് രോഹിണിയിലേക്കും വടക്കൻ ഡൽഹിയിലേക്കും.