- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രോഗികളോട് കനിവോടെ സൗമ്യമായ പെരുമാറ്റം; കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്നതിനിടെ ഡോ. ഇജാസ് അവധി എടുത്ത് കുടുംബത്തോട് ഒപ്പം പോയത് മതപഠനത്തിനെന്ന പേരിൽ; ഐ.എസിൽ പോയ ഡോക്ടറുടെ കഥ
കണ്ണൂർ: ആതുരമേഖലയിലെ സൗമ്യമുഖം കുടുംബത്തോടൊപ്പം ഐ.എസിൽ ചേർന്നത് കാസർകോട് പടന്നക്കാർക്ക് ഇപ്പോഴും പൂർണമായി വിശ്വസിക്കാനായിട്ടില്ല. 2016 മെയ്-ജൂണിലാണ് കാസർകോട് നിന്ന് പടന്ന സ്വദേശികളായ റാഷിദ് അബ്ദുള്ളയും ഡോക്ടർ ഇജാസും, സഹോദരനും ഇവരുടെ ഭാര്യമാരും അടക്കം 16 പേരും, കണ്ണൂരിൽ നിന്ന് 21പേരും അഫ്ഗാനിലേക്ക് ഐഎസിൽ ചേരാൻ പോയത്. ഇവരിൽ ഇജാസ് ഉൾപ്പെടെ അഞ്ചുപേർ കുടുംബസമേതമാണ് ഐ.എസിൽ ചേർന്നത്.
സംഘത്തിൽ ഇജാസിന്റെ കുഞ്ഞ്, ഇജാസിന്റെ അനുജൻ എൻജിനീയറിങ് ബിരുദധാരി ഷിയാസ്, ഷിയാസിന്റെ ഭാര്യ അജ്മല, തൃക്കരിപ്പൂരിലെ അബ്ദുൾറഷീദ് അബ്ദുള്ള, ഭാര്യ ആയിഷ, രണ്ടുവയസ്സുള്ള കുട്ടി, ഹഫീസുദ്ദീൻ, മർവാൻ ഇസ്മയിൽ, അഷ്ഫാഖ് മജീദ്, ഫിറോസ്, പാലക്കാട് സ്വദേശി ബെസ്റ്റിൻ എന്ന യഹിയ, ഭാര്യ മെറിൻ മറിയം, ബെസ്റ്റിന്റെ സഹോദരൻ ബെക്സൺ എന്ന ഈസ, ഭാര്യ നിമിഷ എന്ന ഫാത്തിമ തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.
അഫ്ഗാനിലേക്ക് കടക്കുന്നതിന് മുമ്പ് കല്ലുകെട്ടിയ പുരയിൽ ഡോ. ഇജാസ് കോഴിക്കോട് തിരുവള്ളൂർ മെഡിക്കൽ സെന്ററിലാണ് ജോലി ചെയ്തിരുന്നത്. ഈസമയത്തു തന്നെ ഭീകരവാദ ആശങ്ങളോടായിരുന്നു ഇജാസിന് താൽപര്യമെന്ന് പിന്നീട് നടത്തിയ അന്വേഷണത്തിൽ രഹസ്യാന്വേഷണ വിഭാഗങ്ങൾക്ക് വിവരം ലഭിച്ചു.
സൗമ്യനായി പെരുമാറിയിരുന്ന ഡോക്ടറെക്കുറിച്ച് സ്ഥാപനയുടമ ഉൾപ്പെടെ നേരിട്ടറിയാവുന്നവർക്കെല്ലാം നല്ല അഭിപ്രായമാണുള്ളത്. പുറമേയുള്ളവരോട് അത്ര അടുപ്പം പുലർത്തിയിരുന്നില്ല. ഇതിനായി ജോലിയിൽ നിന്ന് വിട്ട് നിന്ന് പ്രവർത്തിച്ചിരുന്നതായും സഹപ്രവർത്തകർ പറയുന്നു. ഐഎസിൽ ചേർന്ന തിരുവനന്തപുരം സ്വദേശിനി നിമിഷ എന്ന ഫാത്തിമ ഇജാസിന്റെ ഭാര്യയായ റഫീലയുടെ സഹപാഠിയാണ്.
കാസർകോട് പൊയ്‌നാച്ചി ഡെന്റൽ കോളജിലെ വിദ്യാർത്ഥികളായിരുന്നു ഇവർ. അജാസും റാഷിദുമാണ് കേരളത്തിലുള്ളവരെ ഐ.എസിലേക്ക് റിക്രൂട്ട് ചെയ്തതിന് പിന്നീട് അന്വേഷണത്തിൽ വ്യക്തമായി. നിമഷയെ മതം മാറ്റി വിവാഹം കഴിപ്പിച്ചതും ഐ.എസിൽ ചേരാൻ നിർബന്ധിച്ചതും ഇജാസായിരുന്നുവെന്ന റിപ്പോർട്ടും പിന്നീട് പുറത്തുവന്നു. സംഘം ആദ്യം ഹൈദരബാദ് വഴി മസ്‌കറ്റിലേക്ക് പോവുകയും പിന്നീട് അഫ്ഗാനിലേക്ക് പോവുകയുമായിരുന്നു.
സിറിയയിലും ഇറാഖിലും ഭരണകൂടങ്ങൾക്കെതിരേ പോരാടുകയായിരുന്നു ഐഎസ് ലക്ഷ്യം വച്ചിരുന്നത്. അതിനിടെ കുറച്ചുപേരെ കാണാതായതായി ഇന്റലിജൻസിന് വിവരം ലഭിച്ചിരുന്നു. അനധികൃതമായി കടന്നതിന് അഫ്ഗാനിസ്താനിൽ പിടിയിലായി നാടുകടത്തപ്പെട്ട മലയാളി നഷീദുൽ ഹംസഫറിനെ ചോദ്യംചെയ്യുന്നതിനിടയിലാണ് കാസർകോട് സ്വദേശികൾ ഐ.എസിൽ എത്തിയെന്ന കാര്യം എൻ.ഐ.എക്കു വിവരം ലഭിച്ചത്.
കണ്ണൂരിൽ നിന്ന് ഐഎസിൽ ചേരാൻ പോയവർ സിറിയയിൽ നിന്ന് വീട്ടുകാർക്കയച്ച ശബ്ദസന്ദേശങ്ങൾ പിന്നീട് പൊലീസിനു ലഭിച്ചു. ഇതിൽ നിന്നാണ് നിരവധി സ്ത്രീകളും, കുട്ടികളും ഐ.എസിൽ ഉണ്ടെന്ന് വ്യക്തമായത്. പിന്നീട് എൻ.ഐ.എ ഇവർ ഐഎസിൽ ചേർന്നതായി സ്ഥിരീകരിക്കുകയായിരുന്നു. കഴിഞ്ഞ ഓഗസ്റ്റിൽ ജലാലാബാദ് ജയിലിൽ നടന്ന ഭീകരാക്രമണത്തിന് പുറമേ അഫ്ഗാനിൽ നടന്ന പല ആക്രമണങ്ങളിലും ഇജാസ് പങ്കാളിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
അതേസമയം ഇജാസിന്റെ ഭാര്യ റിഹൈല കാബൂൾ സൈന്യത്തിന്റെ പിടിയിലാണെന്ന സൂചനകളും രഹസ്യാന്വേഷണ വിഭാഗങ്ങൾക്ക് ലഭിച്ചിരുന്നു. ഇജാസ് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി നേരത്തെ മെസ്സേജുകൾ വന്നിരുന്നു. നാല് പാലക്കാട് സ്വദേശികളുൾപ്പെടെ 23 പേരാണ് ഈ സംഘത്തിലുണ്ടായിരുന്നത്. സംഘത്തിലെ പ്രധാനി അബ്ദുൾ റാഷിദ് ഉൾപ്പെടെ ആറുപേർ അമേരിക്കൻ സൈനിക ആക്രമണത്തിൽ നേരത്തെ കൊല്ലപ്പെട്ടിരുന്നു.
കോഴിക്കോട് തിരുവണ്ണൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്നതിനിടെയാണ് ഡോ. ഇജാസിനെയും സഹോദരനെയും അവരുടെ ഭാര്യമാർക്കൊപ്പം കാണാതായയത്. മതപഠനത്തിനെന്നു പറഞ്ഞാണ് ഇവിടെ നിന്നും ഇയാൾ അവധിയെടുത്തു പോയത്. പിന്നീട് കാണാനില്ലെന്ന പരാതിയുമായി ബന്ധുക്കൾ പൊലീസിനെ സമീപിക്കുകയായിരുന്നു.
2014 ഓഗസ്റ്റിൽ അക്യൂറ ക്ലിനിക്ക് എന്ന ആശുപത്രി തുടങ്ങിയത് മുതൽ ഇജാസ് അവിടെ ഡോക്ടറായിരുന്നു. ചൈനയിൽ നിന്നുള്ള എം.ബി.ബി.എസ് സർട്ടിഫിക്കറ്റാണ് കൈവശമുണ്ടായിരുന്നതെന്ന് ആശുപത്രി അധികൃതർ അന്ന് പൊലീസിനോട് പറഞ്ഞിരുന്നു. ആശുപത്രിയുടെ മുകളിൽ നിലയിലായിരുന്നു താമസം. നാല് മാസത്തോളം ഭാര്യ റഫീലയും കുഞ്ഞും ഒപ്പമുണ്ടായിരുന്നു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്