മലപ്പുറം: മുൻ മന്ത്രി കെ.ടി.ജലീലുമായി ബന്ധപ്പെട്ട ബന്ധു നിയമന വിവാദത്തിലെ ഇരയായി 20 വർഷം സർവ്വീസ് ബാക്കിനിൽക്കെ സർക്കാർ ജോലി രാജിവെച്ച സഹീർ കാലടി ഇന്ന് വിജയ മൂന്നേറ്റത്തിലാണ്. ജലീലിന്റെ ബന്ധുവായ അദീബിനെ ജോലിക്കു നിയമിക്കുമ്പോൾ നിയമപരമായി ഈ തസ്തികയിലേക്കു അർഹനായ വ്യക്തിയായിരുന്നു താനെന്നും വിഷയത്തിൽ ഇപ്പോഴും നിയമനടപടികളുമായി മുന്നോട്ടു പോവുകയാണെന്നും സഹീർ കാലടി പറയുന്നു.

ജീവിതത്തിൽ ഗുരുതര പ്രതിസന്ധി നേരിട്ട താൻ ആത്മഹത്യയെ കുറിച്ചുവരെ ചിന്തിച്ചിരുന്നിടത്തുനിന്നാണ് മുന്നോട്ടുവന്നതെന്ന് സഹീർ കാലടി പറയുന്നു. സഹീർ മലപ്പുറം ജില്ലാ സഹകരണ ആശുപത്രിയുടെ സെക്രട്ടറിയായി ചുമതലയേറ്റിട്ട് ഇന്നേക്ക് ഒരു വർഷം തികയുകയാണ്. ഇക്കാലയളവിനുള്ളിൽ മലപ്പുറം ജില്ലാ ആസ്ഥാനത്തെ ആരോഗ്യ മേഖലയിൽ നിരവധി വികസന വിപ്ലവങ്ങൾ കൊണ്ടുവന്ന് കയ്യടി നേടിക്കഴിഞ്ഞു.

സമയം നോക്കാതെ ജോലിയോട് കാണിക്കുന്ന ആത്മാർത്ഥത, ഏത് വിഷയത്തെ സംബസിച്ചും ശരിയായ പഠനം നടത്തിയതിനു ശേഷമുള്ള ഇടപെടൽ, സത്യസന്ധത, തെറ്റുകൾ കണ്ടാൽ ഉന്നതനോ ചെറിയവനോ നോക്കാതെ ശക്തമായ തീരുമാനങ്ങളും സധൈര്യമുള്ള പ്രതികരണങ്ങളുമാണ് സഹീർ കാലടി എന്ന ഉദ്യോഗസ്ഥനെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്. എം.കോം ഫിനാൻസ്, എം.ബി.എ. മാർക്കറ്റിങ് എ എന്നിവയിൽ ബിരുദാനന്തര ബിരുദ യോഗ്യതയുണ്ട്. വിദൂര വിദ്യഭ്യാസം വഴി എം.ബി.എ. ഹോസ്പിറ്റൽ മാനേജ്മെന്റിൽ ഇപ്പോൾ പഠനം നടത്തുന്നുണ്ട്.

മലപ്പുറം ശിഹാബ് തങ്ങൾ ഡയാലിസ് കേന്ദ്രം, മലപ്പുറം സി.എച്ച് സെന്റർ, കോട്ടക്കൽ സർഹിന്ദ് നഗർ ശിഹാബ് തങ്ങൾ കെയർ സെന്റർ എന്നീ ചാരിറ്റി സംഘടനകളിൽ ആശുപത്രിയിലെ ജോലിക്ക് ശേഷം ഏകോപനത്തിനായി സഹീർ സൗജന്യ സേവനം ചെയ്യുന്നുണ്ട്. ആരോഗ്യ മേഖല, സർക്കാർ ഇ ടെൻഡർ, ജി.എസ്.ടി,ടാക്സ്, സഹകരണ നിയമം, ചട്ടം, ധനകാര്യം തുടങ്ങിയ മേഖലകളിൽ നിരവധി സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾ, സഹകരണ സംഘങ്ങൾ, സഹകരണ ആശുപത്രികൾ എന്നിവക്ക് സൗജന്യ സേവനങ്ങളും മാർഗ നിർദ്ദേശങ്ങളും നൽക്കുന്ന ഉദ്യോഗസ്ഥനാണ് ഇപ്പോൾ സഹീർ കാലടി.

സഹകരണ മേഖലയിലെ വലിയ വികസന പദ്ധതികളുടെ പൂർത്തീകരണം, തുടർ നടത്തിപ്പ്, പുതിയ പദ്ധതികൾ തുടങ്ങിയവക്ക് നിരവധി സഹകരണ സ്ഥാപനങ്ങൾഇന്നു സഹീറിൽ നിന്നും ഉപദേശം തേടുന്നുതമുണ്ട്. ഒരു വർഷ കാലയളവിനുള്ളിൽ മലപ്പുറം ജില്ലാ സഹകരണ ആശുപത്രിയിൽ 25 പുതിയ വികസന പദ്ധതികൾ പൂർത്തീകരിച്ചു. 35 വർഷത്തെ മലപ്പുറം ജില്ലാ സഹകരണ ആശുപത്രിയുടെ ചരിത്രത്തിൽ 2021 കാലയളവിൽ റിക്കാർഡ് വേഗതയിലാണ് മുന്നേറ്റം നടന്നത്.

മലപ്പുറം ജില്ലാ സഹകരണ ആശുപത്രി സംസ്ഥാനത്ത് സഹകരണ മേഖലയിൽ ആദ്യത്തെ സമ്പൂർണ്ണ സൗജന്യ കോവിഡ് ചികിത്സാ കേന്ദ്രം മലപ്പുറം ടൗൺ ഹാളിൽ 107 ദിവസം തുടർച്ചയായി പ്രവർത്തിപ്പിച്ചു. ആയിരത്തോളം കോവിഡ് രോഗികൾക്ക് കിടത്തി ചികിത്സ സൗജന്യമായി നൽകി. ഈ കേന്ദ്രത്തിന്റെ നടത്തിപ്പ് ചുമതല സഹീർ കാലടിക്കായിരുന്നു. ഈ കേന്ദ്രം നടത്തിയതിനു ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ ) പുരസ്‌കാരം ലഭിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ, മലപ്പുറം നഗരസഭ, മറ്റു സാംസ്‌കാരിക സംഘടനകൾ ഉൾപ്പെടെ നിരവധി കേന്ദ്രങ്ങളിൽ നിന്നും പ്രശംസകളും ലഭിച്ചു.

ജില്ലാ ആസ്ഥാനത്ത് സംസ്ഥാന സർക്കാർ ഇൻഷൂറൻസ് പദ്ധതിയായ കാരുണ്യ ആരോഗ്യ ഇൻഷൂറൻസിലൂടെ സൗജന്യ നിരക്കിൽ ഏറ്റവും കൂടുതൽ രോഗികൾക്ക് ചികിത്സ നൽക്കുന്ന ആശുപത്രിയായി മലപ്പുറം ജില്ലാ സഹകരണ ആശുപത്രി മാറ്റി. മലപ്പുറത്തെ ആദ്യത്തെ അതിനൂതനമായ കാത്ത് ലാബോടെയുള്ള ഹൃദ്രോഗ ചികിത്സാ വിഭാഗം ആശുപത്രിയിൽ തുടങ്ങി.

90 ദിവസം കൊണ്ട് പുതിയ നിർമ്മാണ രീതി ഉപയോഗിച്ച് ന്യൂ ബ്ലോക്ക് നിർമ്മിച്ചത്, ക്യാൻസറിനുള്ള പ്രാഥമിക ചികിത്സാ കേന്ദ്രം തുടങ്ങിയത്, സൂപ്പർ സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ സേവനം ജില്ലാ ആസ്ഥാനത്ത് ലഭ്യമാക്കിയത്, വെന്റിലേറ്റർ സംവിധാനത്തോടെയുള്ള ഐ.സി.യു ഒരുക്കിയത്, ലോകോത്തര നിലവാരത്തിലുള്ള എമർജൻസി ഡിപ്പാർട്ട്മെന്റ് എന്നിവ ഉൾപ്പെടെ 25 ഓളം വികസന പദ്ധതികളാണ് സഹീർ ചുമതല ഏറ്റ് ഒരു വർഷം കൊണ്ട് റിക്കാർഡ് വേഗതയിൽ ജില്ലാ സഹകരണ ആശുപത്രിയിൽ പൂർത്തീകരിച്ചത്. നഷ്ടത്തിലേക്ക് നീങ്ങിയിരുന്ന സഹകരണ ആശുപത്രിയെ കേവലം മൂന്ന് മാസം കൊണ്ട് തിരിച്ച് ലാഭത്തിലാക്കി. സ്ഥാപനത്തിൽ സാമ്പത്തിക അച്ചടക്കവും പ്രൊഫഷണൽ മാനേജ്മെന്റും കൂടുതൽ ചികിത്സാ സംവാധാനം ഒരുക്കിയുമാണ് ലാഭത്തിലാക്കിയത്.

അഴിമതിക്ക് എതിരെ എന്നും പ്രതികരിക്കുന്ന ഉദ്യോഗസ്ഥനാണ് സഹീർ. ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷനിൽ ഡെപ്യൂട്ടേഷനിലൂടെ ജനറൽ മാനേജർ തസ്തികക്ക് അപേക്ഷിക്കുകയും കെ .ടി. ജലീലിന്റെ മന്ത്രി ബന്ധു കെ.ടി. അദീബിനെ നിയമിക്കാനായി യോഗ്യതയും പ്രവർത്തന പരിചയം ഉണ്ടായിരുന്ന സഹീറിനെ അവഗണിക്കപ്പെടുകയും തുടർന്ന് വിവാദത്തിലേക്ക് വലിച്ചെഴച്ചതിനെ തുടർന്ന് പ്രതികരിക്കാൻ നിർബന്ധിത സാഹചര്യം വന്നതിനെ തുടർന്ന് പ്രതികരിച്ച് സർക്കാരിന്റെ കണ്ണിലെ കരടായ ഉദ്യോഗസ്ഥനായി സഹീർ കാലടി മാറുകയായിരുന്നു.

13 വർഷം ജോലി ചെയ്തുവരുകയായിരുന്ന കുറ്റിപ്പുറം മാൽകോടെക്സ് സ്പിന്നിങ് മില്ലിൽ 2019 ൽ നിയമിതനായ മാനേജിങ് ഡയറക്ടർ നടത്തിയ അഴിമതികൾക്ക് തെളിവ് സഹിതം സർക്കാരിലേക്ക് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് മന്ത്രി തലങ്ങളുടെ മൗന പിന്തുണയോടെ എം.ഡിയിൽ നിന്നും തൊഴിൽ പീഡനം ഏൽകേണ്ടി വന്നതിനെ തുടർന്ന് 2019 ജൂലൈ ഒന്നിനു 20 വർഷം സർവ്വീസ് ബാക്കി നിൽകെ ഫിനാൻസ് മാനേജർ ജോലി രാജിവെച്ചു. ഇപ്പോൾ ഈ വിഷയത്തിൽ കേരള ഹൈക്കോടതിയിൽ നിയമ പോരാട്ടം നടത്തുന്നുണ്ട്. മുഖ്യമന്ത്രിക്ക് ഏഴുതവണ പരാതി നൽകി. പ്രതിപക്ഷ നേതാവിന്റെ ഇടപെടലിനെ തുടർന്ന് ഇപ്പോൾ സംസ്ഥാന ഹാന്റലൂം ഡയറക്ടറെ അന്വേഷണ ഉദ്യോഗസ്ഥനായി ചുമതലപ്പെടുത്തി സർക്കാർ ഉത്തരവിട്ടുണ്ട്. നീതി ലഭിക്കും വരെ പോരാട്ടം തുടരാനാണ് സഹീറിന്റെ തീരുമാനം.

ജില്ലയിൽ ആരോഗ്യ മേഖലയിലും സഹകരണ മേഖലയിലും ഒരു പാട് വികസന സ്വപ്ന പദ്ധതികളുമായാണ് സഹീർ ഇപ്പോൾ മുന്നോട്ട് പോവുന്നത്. ജില്ലയിൽ ആശുപത്രികൾ ഇല്ലാത്ത പിന്നോക പ്രദേശങ്ങളിൽ ആശുപത്രികൾ തുടങ്ങുവാനും പാവപ്പെട്ടവർക്കും സാധാരണകാർക്കും ഗുണമേന്മയുള്ള ചികിത്സ മിതമായ നിരക്കിൽ ജില്ലയിലെ ഗ്രാമങ്ങൾ ലഭ്യമാക്കുവാനുമുള്ള പരിശ്രമത്തിലാണ് ഇപ്പോൾ സഹീർ.

ജീവിത പ്രതിസന്ധികൾ ഒന്നും പുതിയ ജോലിയിൽ ബാധിക്കാതെ ശക്തമായി സധൈര്യമായി മുന്നേറിയതാണ് സഹീറിന്റെ വിജയ രഹസ്യം. പി. എം.എസ്.എ മലപ്പുറം ജില്ലാ സഹകരണ ആശുപത്രി പ്രസിഡന്റ് കെ.പി.എ മജീദ് എംഎ‍ൽഎ., വൈസ് പ്രസിഡന്റ് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ, എക്സിക്യുട്ടീവ് ഡയറക്ടർ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, മറ്റു ഭരണ സമിതി അംഗങ്ങൾ, ജീവനക്കാർ എന്നിവർ വലിയ പിന്തുണയാണ് ആശുപത്രി സെക്രട്ടറിയായ സഹീറിനു നൽകിവരുന്നത്.