മലപ്പുറം: യു.എ.ഇയിൽ ജോലിക്കുപോയ കോട്ടയ്ക്കൽ പൂക്കിപ്പറമ്പ് സ്വദേശി സൈഫുദ്ദീൻ (32)പിന്നീട് ഐ.എസിൽ ചേർന്നുവെന്നും അഫ്ഗാനിസ്ഥാനിൽ നടന്ന യുദ്ധത്തിൽ കൊല്ലപ്പെട്ടുവെന്ന വിവരവുമാണ് 2019ൽ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗങ്ങളിൽ നിന്നും കേരളാ പൊലീസിന് ലഭിച്ചത്. എന്നാൽ യുവാവ് മരണപ്പെട്ടുവെന്ന് രഹസ്യാന്വേഷണ വിഭാഗങ്ങളിൽ നിന്നും വിവരം ലഭിച്ചെങ്കിലും മരണപ്പെട്ടതായി സ്ഥിരീകരിക്കുന്നതിനുള്ള തെളിവുകളൊന്നും ലഭ്യമായിട്ടില്ലെന്ന് പൊലീസും സൈഫുദ്ദീന്റെ പിതാവും പറയുന്നു.

മകൻ മരണപ്പെട്ടതായി പറയപ്പെടുന്നുണ്ടെങ്കിലും ഇന്നോ നാളെയോ അവൻ തങ്ങളെ കാണാനെത്തുമെന്ന പ്രതീക്ഷയിൽ കഴിയുകയാണ് 65കാരനായ പിതാവ് മുഹമ്മദ്കുട്ടിയും മാതാവ് ഖദീജയും. അതേ സമയം സൈഫുദ്ദീന്റെ നാട്ടുകാരനും സുഹൃത്തുമായിരുന്ന പുക്കിപ്പറമ്പ് സ്വദേശി മാട്ടാൻ സലീം നിലവിൽ അഫ്ഗാനിലെ ജയിലിലുണ്ടെന്നാണ് കേന്ദ്ര അന്വേഷണ ഏജൻസികളിൽനിന്നും കേരളാ പൊലീസിന് ലഭിച്ച വിവരം.

ഇതിനെ തുടർന്നു കേരളാ പൊലീസ് സലീമിന്റെ വീടിലെത്തി പിതാവ് സെയ്തലവിയിൽനിന്നും വിവരങ്ങൾ ശേഖരിച്ചിരുന്നു. സലീമും സൈഫുദ്ദീനും നാട്ടിൽ വെച്ച് തന്നെ വളരെ അടുപ്പമുണ്ടായിരുന്നു. അയൽവാസികളുമാണ്. സൈഫുദ്ദീനെ സലീമാണ് ഈ മേഖലയിലേക്ക് കൊണ്ടുപോയതെന്നാണ് സൈഫുദ്ദീന്റെ ബന്ധുക്കൾ കരുതുന്നത്.

സൗദിയിലെ ജോലി അവസാനിപ്പിക്കാനും പിന്നീട് ദുബായിലേക്ക് സൈഫുദ്ദീനെ കൊണ്ടുപോയതിന് പിന്നിലും സലീമിന്റെ ഇടപെടലുകളുണ്ടായതായാണ് ഇവർ വിശ്വസിക്കുന്നത്. ദുബായിയിൽ നേരത്തെ പോയിരുന്ന സലീം പിന്നീട് അവന്റെ അടുത്തേക്കെന്ന് പറഞ്ഞാണ് സൈഫുദ്ദീനെ കൊണ്ടുപോയതെന്ന് പറയുന്നു. നാട്ടിലെ പള്ളികളിൽ വെള്ളിയാഴ്‌ച്ചത്തെ ജുമഅക്കൊന്നും ഇവർ വരാറില്ലായിരുന്നുവെന്നും പലപ്പോഴും വിവിധ ഇടങ്ങളിൽ ക്ലാസുകളുണ്ടെന്ന് പറഞ്ഞ് പോകുന്നതും പതിവായിരുന്നുവെന്ന് നാട്ടുകാരും പറയുന്നു.

നാട്ടിൽപന്തൽപണിയും, മറ്റുകൂലിപ്പണികളും ചെയ്ത് ജീവിച്ചിരുന്ന സൈഫുദ്ദീന് നാലു സഹോദരികളും ഒരുസഹോദരനുമാണുള്ളത്. സാമ്പത്തികമായ പ്രയാസംനേരിടുന്ന ഈകുടുംബത്തിന് വലിയപ്രതീക്ഷയും സൈഫുദ്ദീൻ തന്നെയായിരുന്നു. കൂലിവേല ചെയ്താണെങ്കിലും കുടുംബം നോക്കിയിരുന്നതും സൈഫുദ്ദീൻ തന്നെയായിരുന്നു. നാട്ടിൽ തെങ്ങ് കയറ്റംപടിക്കാനും ഇടക്ക് തേങ്ങയിടാനും സൈഫുദ്ദീൻ പോയിരുന്നു.

മൂത്തസഹോദരൻ ഗൾഫിലാണെങ്കിലും സാമ്പത്തികമായി കഷ്ടപ്പാടിലാണ്. ഇതോടെ നിലവിൽ ജീവിക്കാനായി സൈഫുദ്ദീന്റെ പിതാവ് കുഞ്ഞഹമ്മദ്കുട്ടിയും, മാതാവ് ഖദീജയും വീട്ടിൽ പത്തിരിയും ചപ്പാത്തിയും ഉണ്ടാക്കി വിറ്റാണ് ഉപജീവനം നടത്തിയിരുന്നതെങ്കിലും ലോക്ഡൗൺ ആയതോടെ ഓർഡറുകൾ ലഭിച്ചിരുന്നതും നിലച്ചു. ആളുകളുടെ ഓർഡറുകൾക്കനുസരിച്ച് വീട്ടിൽവെച്ചുതന്നെ ഇവ ചുട്ട് വിൽപന നടത്തുകയാണ് ചെയ്തിരുന്നത്. നിലവിൽ അങ്ങാടികൾ തോറും ചപ്പാത്തിക്കമ്പനികളും മറ്റും വന്നതോടെ ഈകച്ചവടവും ഇപ്പോൾ കാര്യമായി നടക്കുന്നില്ല.

ഓർഡറുകൾ ലഭിക്കുകയാണെങ്കിൽ ഇവ ഇനിയും എത്തിച്ചുകൊടുക്കുമെന്നും ഈ പ്രായമായ ദമ്പതികൾ പറഞ്ഞു. സൈഫുദ്ദീൻ ആദ്യം പോയത് സൗദിയിലേക്കാണ് അവിടെ ചായമക്കാനിയിലായിരുന്നു ജോലി. തുടർന്ന് രണ്ടുവർഷം അവിടെ ജോലിചെയ്തു. ഇതിനിടയിൽ ചില സുഹൃത്തുക്കളോടൊപ്പം ചേർന്ന് കടയിട്ടു. ആദ്യമെല്ലാം നല്ല രീതിയിൽ കച്ചവടം നടന്നിരുന്നെങ്കിലും പിന്നീട് മോശമായി. ഇതോടെ വിസ റദ്ദാക്കി നാട്ടിലേക്കുവരികയായിരുന്നു.

പിന്നീടാണ് ദുബായിലേക്ക് പോയത്. നാട്ടുകാരനും സൈഫുദ്ദീന്റെ സുഹൃത്തുമായിരുന്ന മാട്ടാൻ സലീമാണ് ദുബായിലേക്കും പിന്നീട് ഐ.എസ് ആശയത്തിലേക്കും മകനെ കൊണ്ടുചാടിച്ചതെന്നാണ് കുടുംബം വിശ്വസിക്കുന്നത്. ഇതിന്റെ യാഥാർഥ്യം പുറത്തുകാണ്ടുവരണമെന്നും സൈഫുദ്ദീൻ സൗമനും, സൽസ്വഭാവിയുമായ വ്യക്തിയായിരുന്നുവെന്നും പിന്നീട് ഐ.എസ് ആശയത്തിലേക്ക് എങ്ങിനെ എത്തപ്പെട്ടുവെന്നും ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തണമെന്നും കുടുംബം പറഞ്ഞു. സൈഫുദ്ദീൻ ദുബായിയിൽ പോയശേഷം രണ്ടു തവണ മൂത്തസഹോദരിക്ക് ഫോൺ വിളിച്ചിരുന്നു. ഈ ഫോൺവിളികളിൽ ഐ.എസ് ചതിയിൽപ്പെട്ടതായ വിവരങ്ങൾ പറഞ്ഞിരുന്നുവെന്നും പിതാവ് കുഞ്ഞഹമ്മദ്കുട്ടി പറഞ്ഞു.

യു.എ.ഇ. വഴിയാണു സൈഫുദ്ദീൻ അഫ്ഗാനിലെത്തിയതെന്നു രഹസ്യാന്വേഷണവിഭാഗം പറയുന്നു. ദുബായിൽ നിന്നും മതപഠനത്തിനായി സിറിയയിലേക്കു പോകുകയാണെന്ന് ചില അടുത്ത ബന്ധുക്കളെ ധരിപ്പിച്ചിരുന്നു. മകന് ഇത്തരത്തിലൊരു ആശയത്തിൽ വിശ്വസിക്കുന്നതായി തങ്ങൾ അറിഞ്ഞിരുന്നില്ലെന്നും ഇക്കാര്യങ്ങൾ അറിയാമായിരുന്നെങ്കിൽ അവന്റെ പാസ്പോർട്ട് കീറിയിട്ട് വീട്ടിൽ തന്നെ ഇരുത്തുമായിരുന്നുവെന്നും പിതാവ് പറഞ്ഞു.