തിരുവനന്തപുരം: സാമൂഹ്യമാധ്യമങ്ങളിൽ ഇപ്പോൾ താരം വട്ടിയൂർക്കാവിലെ പുതിയ ആൾദൈവമാണ്. ചിത്രാനന്ദമയി അമ്മ എന്ന പേരിൽ സ്വന്തമായി പൂജകളും പ്രവചനങ്ങളുമൊക്കെ നടത്തുന്ന ഇവരുടെ വിവിധ ഭാവങ്ങളിലുള്ള ഫോട്ടോകളും വീഡിയോകളുമൊക്കെ സാമൂഹ്യമാധ്യമങ്ങളിൽ ഹിറ്റോട് ഹിറ്റ്.

രണ്ട് മാസം മുമ്പ് തന്നെ വട്ടിയൂർക്കാവിലെ വീടിന് മുന്നിൽ ചിത്രാനന്ദമയി അമ്മ ഫൗണ്ടേഷന്റെ ബോർഡ് ഉയർന്നെങ്കിലും രണ്ടാഴ്‌ച്ച മുമ്പ് മാത്രമാണ് ചിത്രാനന്ദമയി വട്ടിയൂർക്കാവിലെത്തുന്നത്. അതിന് മുമ്പ് കരമന, പാപ്പനംകോട് തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു ഫൗണ്ടേഷൻ പ്രവർത്തിച്ചിരുന്നത്. എന്നാൽ വട്ടിയൂർക്കാവ് ചിത്രാനന്ദമയിക്ക് ലക്കിപ്ലെയ്സ് ആകുകയായിരുന്നു. ഫേസ്‌ബുക്കിൽ ആരോ ഇട്ട ഫൗണ്ടേഷന്റെ ബോർഡിന്റെ ചിത്രം മണിക്കൂറുകൾ കൊണ്ടാണ് വൈറലായത്.

തുടർന്ന് ചിത്രാനന്ദമയിയുടെ ധ്യാനത്തിന്റെ ചിത്രങ്ങളും വീഡിയോകളും പുറത്തുവന്നതോടെ ട്രോളന്മാർ അമ്മയെ ഏറ്റെടുക്കുകയായിരുന്നു.

അമ്മയാകും മുമ്പെ...

ഇപ്പോൾ തന്റെ ഭൂതകാലത്തെ പറ്റിയുള്ള അമ്മയുടെ വാക്കുകളാണ് വൈറലാകുന്നത്. ഒരുപാട് കഷ്ടപ്പാടുകൾ അനുഭവിച്ചിരുന്ന ഭൂതകാലമായിരുന്നു തന്റേതെന്ന് അവർ തന്നെ പറയുന്നു. ഒരുപാട് ദാരിദ്ര്യം അനുഭവിച്ചിട്ടുണ്ട്. ജീവി്ക്കാനായി ഒരുപാട് ജോലികൾ ചെയ്തിട്ടുണ്ട്. ആദ്യം പതിമൂന്ന് വർഷം ആയുർവ്വേദവുമായി ബന്ധപ്പെട്ട ജോലിയായിരുന്നു. അതിനുശേഷം പത്മനാഭ സ്വാമി ക്ഷേത്രത്തിന് മുന്നിൽ പൊതിച്ചോറ് വിൽക്കാനും പോയിട്ടുണ്ട്. ഒടുവിൽ ജീവിക്കാൻ മാർഗമില്ലാതെ ഹോട്ടലിൽ പാത്രം കഴുകാൻ വരെ പോയിട്ടുള്ളതായും ചിത്രാനന്ദമയി പറയുന്നു.

സിദ്ധി തിരിച്ചറിയുന്നത്

ആത്മീയ സിദ്ധിയെക്കുറിച്ച് ആളുകൾ കളിയാക്കുകയും സോഷ്യൽ മീഡിയയിൽ വ്യാപകമായി ട്രോളുകൾ നേരിടുകയും ചെയ്തെങ്കിലും തന്റെ കഴിവിൽ പൂർണമായ ആത്മവിശ്വാസവും അഭിമാനവും ചിത്രാനന്ദമയിക്കുണ്ട്. മുമ്പ് പല ജോലികൾ ചെയ്തിരുന്ന കാലത്തും തന്റെ പ്രവചനങ്ങൾ യാഥാർത്ഥ്യം ആകാറുണ്ടായിരുന്നെന്ന് അവർ പറയുന്നു. ദൈവാനുഗ്രഹം കൊണ്ട് തനിക്ക് ലഭിച്ച സിദ്ധിയാണിത്. അത് തിരിച്ചറിഞ്ഞതോടെയാണ് സാധാരണ വീട്ടമ്മയായിരുന്ന താൻ ചിത്രാനന്ദമയി അമ്മയായതെന്ന് അവർ പറയുന്നു.

തന്റെ സിദ്ധികൾ കൊണ്ട് മറ്റ് മനുഷ്യർക്ക് ഉപകാരമുണ്ടാകണമെന്ന ആഗ്രഹം മാത്രമേ ഉള്ളു. സാമ്പത്തികലാഭമായിരുന്നു ലക്ഷ്യമെങ്കിൽ താനിപ്പോഴും വാടകവീട്ടിൽ കഷ്ടപ്പെട്ട് ജീവിക്കേണ്ട അവസ്ഥ ഉണ്ടാകുമായിരുന്നില്ല. തിരുവനന്തപുരത്തും പരിസരത്തുമുള്ളവർക്ക് തന്നെ അറിയാം, താൻ പറയുന്ന കാര്യങ്ങളൊക്കെ കള്ളമാണെങ്കിൽ തന്നെ അറിയുന്നവർ അത് പരസ്യമായി ചോദിക്കുമല്ലോ എന്നും അവർ പറയുന്നു.

ചിത്രാനന്ദമയി ആൾദൈവമായത് ബന്ധുക്കൾക്കാർക്കും ഇഷ്ടമായിട്ടില്ല. അതുകൊണ്ടുതന്ന അവരുമായി ഇപ്പോൾ ചിത്രാനന്ദമയിക്ക് ബന്ധമൊന്നുമില്ല. അവിടേക്ക് ധാരാളം ആളുകൾ ഇപ്പോൾ വരുന്നുണ്ടെന്ന് അവർ പറയുന്നു. അവർ പണം തരും, പക്ഷെ എത്രയാണ് തുകയെന്നു ഞാൻ നോക്കാറില്ല. അവർ തരുന്ന പണത്തിന്റെ കനമനുസരിച്ചല്ല അവരോട് സംസാരിക്കാറുള്ളത്. ആ കിട്ടുന്ന പണവും ഭക്തർക്ക് വേണ്ടിയാണ് ചെലവഴിക്കുന്നത്. ബന്ധുക്കൾക്കോ കുടുംബത്തിനോ പോകുമെന്ന ഭയം വേണ്ടെന്നും അവർ പറയുന്നു.

ദീക്ഷയില്ല, സിദ്ധി മാത്രം

ചട്ടപ്രകാരമുള്ള സന്യാസദീക്ഷയൊന്നും ചിത്രാനന്ദമയി സ്വീകരിച്ചിട്ടില്ല. ലഭിച്ച സിദ്ധി മറ്റുള്ളവരുടെ ഗുണത്തിനായി വിനിയോഗിക്കണമെന്ന ചിന്ത മാത്രം. ശ്രീരാമകൃഷ്ണ പരമഹംസനടക്കമുള്ള മരിച്ചവരും ജീവിച്ചിരിക്കുന്നവരുമായ നിരവധിപേരെ മാനസഗുരുക്കളായി വരിച്ചിട്ടുണ്ട്. പാപ്പനംകോട് വീട്ടിൽ ഇരുന്നപ്പോൾ വധഭീഷണി വരെ ഉണ്ടായി. വട്ടിയൂർക്കാവിൽ ഇപ്പോഴുള്ള വീട് ഒരു ഭക്തയുടേതാണെന്നുമാണ് ചിത്രാനന്ദമയി പറയുന്നു. എന്തായാലും ട്രോളുകൾ ഹിറ്റായതിനെ തുടർന്ന് ഇപ്പോൾ കൂടുതൽ പേർ ചിത്രാനന്ദമയിയെ തേടി വട്ടിയൂർക്കാവിലെത്തുന്നുണ്ട്.