- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാത്രി ഉറക്കമിളച്ചിരുന്ന് സമൂസ നിർമ്മാണം; വിറ്റാൽ കിട്ടുന്ന പണം പാവപ്പെട്ട വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോൺ വാങ്ങാൻ; ഓർത്തുപോയത് പഠനകാലത്ത് താൻ അനുഭവിച്ച ഇല്ലായ്മയും വല്ലായ്മയും; അദ്ധ്യാപക ദിനത്തിൽ മലപ്പുറത്ത് ഹിറ്റായ ഷഫീഖ് മാസ്റ്ററുടെ കഥ
മലപ്പുറം: അദ്ധ്യാപക ദിനത്തിലും മാതൃക കാണിക്കുകയാണ് ഈ അദ്ധ്യാപകൻ. മലപ്പുറം പഴമള്ളൂരിലെ ഷഫീഖ് മാസ്റ്റർ രാത്രി ഉറങ്ങാറില്ല. സ്മാർട്ട് ഫോൺ ഇല്ലാത്ത വിദ്യാർത്ഥികൾക്ക് വേണ്ടി പണം കണ്ടെത്താനായി സമൂസ്സ നിർമ്മാണ ജോലിയിലാണ് ഈ യുവ അദ്ധ്യാപകൻ. കുട്ടികളോടൊപ്പം കളിയും, ചിരിയും, കിളികൊഞ്ചലുകളുമായി കുഞ്ഞുമനസുകളിൽ വത്യസ്ത ഇടം നേടിയ ഷഫീഖ് മാസ്റ്റർ വീണ്ടും സമൂസ്സ നിർമ്മാണത്തിലൂടെയാണ് മാതൃകയാകുന്നത്.
സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഓൺലൈൻ ക്ലാസിന ആവശ്യമായ സ്മാർട്ട് ഫോണില്ലാത്ത കുട്ടികൾക്ക് വേണ്ടി ഫോൺ വാങ്ങാൻ പണം കണ്ടെത്താനായി രാത്രിയാണ് സമൂസ നിർമ്മാണം. ഓൺലൈൻ പഠന പ്രക്രിയകൾക്ക് തന്നെ ക്ലാസിൽ വേണ്ടത്ര സമയം ക്രമീകരിക്കാൻ നെട്ടോട്ടമോടുന്ന സമയത്താണ് ഉറക്കമൊഴിച്ച് ഷഫീഖ് സമൂസ്സ നിർമ്മിക്കുന്നത്.
ഓൺലൈൻ പഠനം മുടങ്ങിയ വീട്ടിലെ രണ്ട് വിദ്യാർത്ഥികൾക്ക് ഫോൺ വാങ്ങുന്നതിനായി പണം കണ്ടെത്താനാണ് പഠനകാലത്ത് താൻ ചെയ്തിരുന്ന സമ്മൂസ നിർമ്മാണ ജോലിയിൽ അദ്ധ്യാപകൻ തിരികെ പ്രവേശിച്ചിരിക്കുന്നത്. കുറുവ എ.യു.പി സ്കൂളിലെ അദ്ധ്യാപകനാണ്
ഷഫീഖ് തുളുവത്ത്.
നിർധനരായ കുടുംബത്തിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ വിവരം അറിയച്ചതിനെ തുടർന്ന് സ്മാർട്ട് ഫോൺ വാങ്ങുന്നതിന് ധനസമാഹരണത്തിന് ശ്രമിച്ചിരുന്നു. പണം തികയാതെ വന്നപ്പോളാണ് ഒഴിവു സമയം പഴയ ജോലിയിലേർപ്പെട്ട് പണം കണ്ടെത്താൻ തീരുമാനിച്ചത്.
പഠനകാലത്ത് താൻ അനുഭവിച്ച ഇല്ലായ്മയുടെയും വല്ലായ്മയുടേയും കയ്പേറിയ അനുഭവങ്ങൾ മായാതെ മനസിൽ തങ്ങി നിൽക്കുന്നതിനാലാണ് നിർധനരായ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ പ്രയാസങ്ങൾക്ക് പരിഹാരം കാണുന്നതിനായി അർധരാത്രിയിൽ ഉറക്കമൊഴിച്ച് പുലർച്ചെ വരെ വീണ്ടും ജോലി ചെയ്യുന്നത്. കേരളത്തിലെ പ്രമുഖസമൂസ്സ വ്യാപാര കേന്ദ്രമായ പഴമള്ളൂർ സമ്മൂസപ്പടിയിലെ തുളുവത്ത് അഹമ്മദ് കുട്ടിയുടെയും ആൽപ്പറ്റക്കുളമ്പ് സ്വദേശിനി വടക്കാത്ര സഫിയയുടെയും മകനാണ് ഷഫീഖ്,
പൊതു വിദ്യാലയങ്ങളായ ജി.എൽ.പി.എസ് കുറുവ, എ.യു.പി.എസ് കുറുവ,മക്കരപ്പറമ്പ് ജി.വി.എച്ച്.എസ്.എസ്, പാങ്ങ് ജി.എച്ച്.എസ്.എസ് എന്നീ വിദ്യാലയങ്ങളിലും പടിഞ്ഞാറ്റുമുറി ഫസ്ഫരി ഓർഫനേജ്ടി.ടി.ഐയിലുമായിരുന്നു ഷഫീഖ് പഠനം പൂർത്തിയാക്കിയത്. പഠനത്തോടൊപ്പം കലാരംഗത്തും വേറിട്ട മികവ് കാണിച്ച് വ്യത്യസ്തനായ ഷഫീഖ് തനിക്ക് കിട്ടിയ പ്രചോദനത്തെ തുടർന്നാണ് അദ്ധ്യാപന മേഖലയിൽ എത്തിപ്പെട്ടത്.
അദ്ധ്യാപനത്തിലും വിദ്യാർത്ഥി പ്രോത്സാഹനത്തിലും മികവേറിയ രീതികൾ അവലംബിക്കുന്നതിനാൽ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ഇഷ്ട അദ്ധ്യാപകനാണ്ണ് ഷഫീഖ്. നിരവധി വിദ്യാർത്ഥികൾക്ക ്സ്മാർട്ട് ഫോണുകൾ ലഭ്യമാക്കാനും പഠനോപകരണങ്ങൾ വീട്ടിൽ എത്തിക്കാനും ആവശ്യമായ ധനസമാഹരണത്തിനും വേറിട്ട ഇടപെടലുകളിലൂടേയും ഷഫീഖ് ശ്രദ്ദേയനായിട്ടുണ്ട്.
ഡി.ഇ.എൽ.എഡ് കോഴ്സ് പൂർത്തിയാക്കിയ വെള്ളില സ്വദേശിനി ഇ.കെ.സഫ റസ്മയാണ് ഭാര്യ. മൂന്ന് മാസം പ്രായമായ ഷിമാസ് അയ്സൽ മകളാണ്.