- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുഴിമന്തിയും ഹമൂസയും മുത്തബനും ബിരിയാണിയും തയ്യാറാക്കുന്ന വിരുതോടെ ജിഹാദി ആശയങ്ങളും വിളമ്പും; പിടിയിലായപ്പോൾ പറഞ്ഞത് 'എന്നെ വെറുതെ വിട്ടേക്കൂ..ഞാൻ ഐ.എസിലേക്ക് പോകാം എന്നും; താലിബാൻ ഹംസയുടെ കഥ
കണ്ണൂർ: എന്നെ വെറുതെ വിട്ടേക്കൂ..ഞാൻ ഐ.എസിലേക്ക് പോകാം.. കണ്ണൂരിൽ ഐ.എസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്ത കേസിൽ അറസ്റ്റിലായ ഹംസ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞ വാക്കുകളാണിത്. 2017ലാണ് ബിരിയാണി ഹംസ, താലിബാൻ ഹംസ എന്നൊക്കെ വിളിപ്പേരുള്ള തലശ്ശേരി ചിറക്കര കുഴിപ്പങ്ങാട് തൗഫീഖിൽ ഹംസ ഇബ്രാഹിം (57) പിടിയിലാകുന്നത്. പാചകത്തിലൂടെയാണ് നാട്ടുകാരെയും ഗൾഫുകാരെയും കൈയിലെടുത്തിരുന്നത്.
മാസങ്ങളായി വിവിധ അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിനു ശേഷമാണ് അവസാനം ഹംസ പിടിയിലായത്. ഹംസ തന്റെ ആശയവും നിലപാടും പലവട്ടം അന്വേഷണ ഉദ്യോഗസ്ഥരോടു പറഞ്ഞിരുന്നു. ഐ.എസ് പോലുള്ള സംവിധാനം ലോകത്ത് അനിവാര്യമാണെന്നാണ് ഹംസ അടുപ്പമുള്ളവരോട് പറഞ്ഞിരുന്നത്. മാത്രമല്ല ഐ.എസിനെ പറ്റി മേന്മകളായിരുന്നു അന്വേഷണ ഉദ്യോഗസ്ഥരോടും ഹംസക്കു പറയാനുണ്ടായിരുന്നത്.
റിക്രൂട്ട്മെന്റ് സംഭവങ്ങളിൽ പങ്ക് വ്യക്തമാകാതിരുന്നതിനാൽ പലതവണ ഹംസ രക്ഷപ്പെടുകയായിരുന്നു. എന്നാൽ കൃത്യമായ തെളിവിനായി എൻ.ഐ.എയും പൊലീസും രഹസ്യാന്വേഷണ വിഭാഗങ്ങളും കാത്തിരിക്കുകയായിരുന്നു. നിരവധി ഐ.എസ് റിക്രൂട്ട്മെന്റ് സംഭവങ്ങളിൽ ഹംസയുടെ പങ്ക് പൊലീസിന് വ്യക്തമായി. കണ്ണൂരിൽ നിന്ന് പോയ 15പേരും ഹംസയുമായി ബന്ധപ്പെട്ടാണ് റിക്രൂട്ട് ചെയ്തിരുന്നത്. ഇതിനു ശേഷവും റിക്രൂട്ട്മെന്റ്ിനുള്ള ഒരുക്കങ്ങളും നടത്തിയിട്ടുണ്ട്. ശേഷം ഐ.എസിലേക്ക് കടക്കുകയായിരുന്നു ഹംസയുടെ പദ്ധതി.
കേരളത്തിലെ ഐ.എസിന്റെ ഏറ്റവും മാരകമായ സ്ലീപ്പർ സെല്ലുകളിലൊന്നാണ് ഹംസയെന്ന് ഇന്റലിജൻസ് വൃത്തങ്ങൾ പറയുന്നത്. ഗൾഫിലുള്ളപ്പോൾ ഐ.എസിന്റെ ജിഹാദി ആശയങ്ങളും കുഫർ ബിൻ താഗൂത്ത്, ശിർക്ക് തുടങ്ങിയ ആശയങ്ങൾ നിരവധി മലയാളി യുവാക്കളിൽ കുത്തിവെച്ചിരുന്നു. ബഹ്റൈൻ കേന്ദ്രീകരിച്ചായിരുന്നു ഏറെക്കാലം ഹംസയുടെ പ്രവർത്തനങ്ങൾ. ബഹ്റൈനിലെ സലഫി സെന്ററിലെ പ്രവർത്തകനും നിത്യ സന്ദർശകനായിരുന്നു ഹംസ. മലപ്പുറം വണ്ടൂർ സ്വദേശി മുഹദ്ധിസ് അടങ്ങുന്ന അഞ്ചംഗ സംഘം ബഹ്റൈൻ കേന്ദ്രീകരിച്ച് ഐ.എസിൽ ചേർന്നവരായിരുന്നു.
എന്നാൽ ബഹ്റൈൻ കേന്ദ്രീകരിച്ച് ഐ.എസിലേക്ക് പോയ യുവാക്കൾ ഹംസയിൽ നിന്നും സ്വാധീനിക്കപ്പെട്ടതായും ഹംസയെ ചോദ്യം ചെയ്തതിൽ നിന്നും മറ്റുള്ളവരുടെ മൊഴികളിൽ നിന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. കൊണ്ടോട്ടി, വടകര, കണ്ണൂർ സ്വദേശികളും ബഹ്റൈനിൽ നിന്ന് സിറിയയിൽ പോയ സംഘത്തിൽ ഉണ്ടായിരുന്നു. ഇവരെല്ലാം കാറ്ററിങ് ജീവനക്കാരാണ്. ബഹ്റൈൻ സംഘത്തിൽപ്പെട്ടവർ കൊല്ലപ്പെട്ട വിവരം ഹംസ നേരത്തെ തന്നെ അറിഞ്ഞിരുന്നുവത്രെ.
പാചക ജോലി നന്നായി അറിയാവുന്ന ഹംസ ബഹ്റൈനിൽ സ്വന്തമായി കാറ്ററിങ് സ്ഥാപനം നടത്തിയിരുന്നയാളായിരുന്നു. ഇവിടെ വച്ചാണ് യുവാക്കളിൽ ജിഹാദി ആശയം കുത്തിവെച്ചിരുന്നത്. ഐ.എസ് മേഖലയിൽ നടക്കുന്ന സംഭവങ്ങൾ ഹംസ കൃത്യമായി അറിഞ്ഞിരുന്നു. സിറിയ, അഫ്ഗാൻ മേഖലയിലുള്ളവരുമായും ഹംസ ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. വിവിധ രാജ്യക്കാരടക്കമുള്ള ജിഹാദി ആശയക്കാരുമായി വലിയ ശൃംഖല ഉണ്ടാക്കിയ ശേഷമാണ് 2016ൽ ഹംസ നാട്ടിലേക്ക് മടങ്ങിയത്.
കണ്ണൂരിൽ നിന്ന് സിറിയയിലേക്ക് കുടുംബസമേതം പോയ ശമീർ ഹംസയുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ഹംസയുടെ മോട്ടിവേഷൻ ശമീറിന് ലഭിച്ചിരുന്നതായും നേരത്തെ ഐ.എസ് കേസുമായി ബന്ധപ്പെട്ട കസ്റ്റഡിയിലുള്ളവർ പൊലീസിന് മൊഴി നൽകിയിരുന്നു. തീന്മേശയിൽനിന്ന് തീവ്രവാദത്തിലേക്കെത്തിയ ചരിത്രമാണ് ഹംസയുടെത്.
അറേബ്യൻ വിഭവങ്ങളായ കുഴിമന്തി, മന്തി, ഹമൂസ, മുത്തബൻ തുടങ്ങിയ വിഭവങ്ങളുടെ രുചി മറ്റു നാട്ടുകാർ അറിയുന്നതിനുമുൻപേതന്നെ ഒരുപക്ഷേ തലശ്ശേരിക്കാർ അറിഞ്ഞിട്ടുണ്ട്. ഇതിനുകാരണം ഹംസയുടെ കൈപ്പുണ്യമാണ്. ബഹ്റൈനിൽ പാചകക്കാരനായിട്ടാണ് ഹംസയുടെ പ്രവാസജീവിതം തുടങ്ങുന്നത്. 1991-ൽ സൗദിയിലെത്തി. ഇവിടെ സജൻ ഫാസ്റ്റ് ഫുഡ് എന്ന സ്ഥാപനത്തിൽ സലാഡ് മാസ്റ്ററായി ജോലിയെടുത്തു. ചൈനീസ്, അറേബ്യൻ സലാഡുകൾ ഉണ്ടാക്കുന്നതിൽ അതിവിദഗ്ധനായിരുന്നു. സലാഡ് നിർമ്മാണത്തിൽ പുരസ്‌കാരങ്ങൾ വരെ നേടി.
പല ഉന്നതവ്യക്തികളുമായും പാചകത്തിലൂടെ തന്നെ ബന്ധം സ്ഥാപിച്ചു. പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ ഹംസ അറേബ്യൻ കിച്ചൺ എന്ന പേരിൽ കാറ്ററിങ് സർവീസ് തുടങ്ങി. വീട്ടിൽ തന്നെയായിരുന്നു പാചകം. സഹായികൾ കുടുംബാംഗങ്ങളും. വിഭവങ്ങൾ തയ്യാറാക്കുന്നതിന് സാധനങ്ങൾ വാങ്ങാൻ രാവിലെതന്നെ മാർക്കറ്റിലേക്കിറങ്ങുന്ന ഹംസ മിക്കവർക്കും പരിചിതനായിരുന്നു. പരിചിതരോട് കുശലം പറയും. പിടിയിലാകുംവരെ ജാതിമതഭേദമെന്യേ മിക്ക കല്യാണവീടുകളിലെയും സ്ഥിരസാന്നിധ്യവുമായിരുന്നുവെന്നും നാട്ടുകാർ പറയുന്നു.
അതേ സമയം കേസിൽ അറസ്റ്റിലായി കാക്കനാട് ജയിലിൽ കഴിഞ്ഞിരുന്ന ഹംസക്കു മകളുടെ നിക്കാഹിൽ പങ്കെടുക്കാൻ 2018ൽ ആറ് മണിക്കൂർ കോടതി പരോൾ നൽകിയിരുന്നു. തുടർന്ന് കനത്ത സുരക്ഷയിലാണ് തലശ്ശേരി ചിറക്കര സീതിസാഹിബ് റോഡിലെ വീട്ടിലെത്തിച്ച് ചടങ്ങിൽ പങ്കെടുപ്പിച്ചത്.
ഇസ്ലാമിക് സ്റ്റേറ്റ്സിന്റെ ആമീർ പദവിയിലെത്തുക എന്നതാണ് ഹംസയുടെ പ്രധാന ലക്ഷ്യമെന്നും ഇതിനു വേണ്ടി ഇന്ത്യയിൽ നിന്നും കൂടുതൽ ആളുകളെ ഐ.എസിൽ റിക്രൂട്ട് ചെയ്യുകയായിരുന്നുവെന്നുമാണ് ഹംസ കൂട്ടാളികളോട് പറഞ്ഞിരുന്നത്. ഓസ്ട്രേലിയയും സ്വിറ്റ്സർലന്റും സന്ദർശിച്ച ഹംസ ഇസ്ലാമിക് സ്റ്റേറ്റ് രാജ്യങ്ങളായ സിറിയിലേക്കോ, അഫ്ഗാനിലേക്കോ ഒരിക്കൽ പോലും പോയിരുന്നില്ല. മതകാര്യങ്ങളിൽ പാണ്ഡിത്യമുള്ള ഹംസ അറബി, ഉറുദു, എന്നീ ഭാഷകളിൽ പ്രാവീണ്യനായിരുന്നു. മനാമയിലെ അൽ-അൻസാർ എന്ന സ്ഥലത്തു വച്ചാണ് ഐ.എസുകാർക്ക് പരിശീലനം ലഭിക്കുന്നതെന്നും ഹംസ നേരത്തെ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്