- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭുഗോളത്തിന്റെ സ്പന്ദനം കണക്കിലാണെന്ന കണിശക്കാരൻ എങ്കിലും വിദ്യാർത്ഥികളുടെ തോളിൽ കൈയിട്ടു നടന്ന തോമസ് മാഷ്; ഇംഗ്ലീഷിന്റെ പത്രാസില്ലാതെ ഇന്ദുടീച്ചർ; 2019 ൽ തോമസ് മാഷും ഇപ്പോൾ ടീച്ചറും; അദ്ധ്യാപക ദമ്പതികളുടെ അടുപ്പിച്ചുള്ള മരണം കാഞ്ഞിരപ്പള്ളിക്കാർക്ക് തീരാവേദന

കോട്ടയം: 'ജീവിതത്തിന്റെ ആഘോഷങ്ങൾക്കിടയിൽ അവിചാരിതമായി മരണം കടന്നുവന്നു'- ഒരു കഥാപാത്രത്തിന് വേണ്ടി എംടി എഴുതിയ വാചകം. മനുഷ്യർക്കെല്ലാം ഒരുപക്ഷേ ബാധകമായ വാചകം. കോട്ടയം കാഞ്ഞിരപ്പള്ളി ഇല്ലിക്കമുറിയിൽ, അദ്ധ്യാപക ദമ്പതികളുടെ അടുപ്പിച്ചുള്ള മരണവാർത്ത കേൾക്കുമ്പോളും ഓർത്തുപോകുന്നത് ഈ അവിചാരിതമായ കടന്നുവരവാണ്. തോമസ് സെബാസ്റ്റ്യനും, ഇന്ദു ജോർജും. വിദ്യാത്ഥികളുടെ പ്രിയപ്പെട്ട ഗുരുക്കന്മാർ. തോമസ് മാഷ് 2019 ഏപ്രിൽ 19 ന് ശ്വാസകോശ അർബുദം ബാധിച്ച് മരിച്ചു. ഇന്ദു ടീച്ചർ ഇന്നലെ രാത്രി ബ്രെയിൻ അന്യൂറിസത്തിന്റെ അനന്തര ഫലങ്ങളാൽ മരണമടഞ്ഞു. ഇന്ദു ടീച്ചറും കൂടി പോയതോടെ അവരുടെ രണ്ടുകുട്ടികൾക്കും രക്ഷിതാക്കളുടെ തണൽ ഇല്ലാതെയായി. കാഞ്ഞിരപ്പള്ളിക്കാർ പറയുന്നു....തോമാച്ചൻ പോയതിന് പിന്നാലെ ഇന്ദുവും പോയി, എന്റെ ദൈവമേ എന്ന പ്രാർത്ഥനയോടെ.
ഇന്ദു ജോർജിന്റെ(47) സംസ്‌കാരം നാളെ പൊടിമറ്റം സെന്റ് മേരീസ് പള്ളിയിൽ ഉച്ചയ്ക്ക് 12 മണിക്കാണ്. കരിപ്പാ പറമ്പിൽ കുടുംബാംഗമാണ്. 2020 ഫെബ്രുവരി 17 നാണ് ഇന്ദു ടീച്ചർ വീണുപോയത്. അതിന് ശേഷം ഇന്നലെ വരെയും കോമായിൽ. രാത്രി 8.15 ന് വീഡിയോ കോളിൽ സഹോദരിയെ ചിരിച്ചുകൊണ്ട് കണ്ടതാണ് സഹോദരൻ അരുൺ ജോർജ് ആന്റണിയുടെ നല്ല ഓർമ. പൊടുന്നനെ ടീച്ചർക്ക് ഭയങ്കരമായ തലവേദന. അര മണിക്കൂറിനുള്ളിൽ, ഇരുപത്തിയാറിലെ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും കോമായിലായി. പിന്നീട് ബോധം തിരിച്ചുവീണിട്ടില്ല. ബന്ധുക്കൾ ഇക്കാലമത്രെയും പ്രതീക്ഷയോടെ കാത്തിരുന്നെങ്കിലും. കോട്ടയം കാരിത്താസിലും, കൊച്ചി ആസ്റ്റർ മെഡിസിറ്റിയിലുമായി പല ശസ്ത്രക്രിയകൾ. തലച്ചോറിലെ രക്തക്കുഴലുകൾ വികസിച്ച് പൊട്ടുന്ന അന്യൂറിസം ആയിരുന്നു രോഗം. അധികം ആർക്കും പരിചയം ഇല്ലാത്ത രോഗം. ഒരു തലവേദന വന്നാൽ, എങ്ങനെ തിരിച്ചറിയാൻ? അതുവരെ സാധാരണ രക്ത സമ്മർദ്ദം മാത്രം ഉണ്ടായിരുന്ന ടീച്ചർ പൊടുന്നനെ കോമായിലായി. ഭർത്താവ് തോമസ് സെബാസ്റ്റ്യൻ മരണമടഞ്ഞ് ഒരുവർഷം ആകുമ്പോഴേക്കും മറ്റൊരു ദുരന്തം. രണ്ടുവർഷത്തോളം കോമായിൽ കിടന്ന ശേഷം മരണവും. തോമസ് മാഷിന്റെ മരണം സംഭവിച്ചപ്പോൾ, ധൈര്യം കൈവിടാതെ ജീവിതത്തെ നേരിട്ട ടീച്ചറെ ഓർക്കുന്നു പലരും.

മാതൃകാ അദ്ധ്യാപകരുടെ കഥ
ഇല്ലിക്കമുറിയിൽ തോമസ് സെബാസ്റ്റ്യൻ സെന്റ് ഡോമിനിക്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഗണിതശാസ്ത്ര അദ്ധ്യാപകൻ ആയിരുന്നു. അദ്ദേഹം സെന്റ് ഡോമിനിക്‌സിൽ നിന്ന് വെള്ളാരംകുന്ന് സ്‌കൂളിലേക്ക് പ്രിൻസിപ്പലായി സ്ഥലം മാറ്റം നേടി പോയി. പിന്നീട് എരുമേലി സെന്റ് തോമസിൽ ജോലി ചെയ്യവേയാണ് മരണം. ശ്വാസ കോശ അർബുദം ബാധിച്ചായിരുന്നു മരണം. ഇംഗ്ലീഷ് അദ്ധ്യാപികയായിരുന്ന ഇന്ദു ജോർജ് ആദ്യം സെന്റ് ഡോമിനിക്‌സിലും പിന്നീട്, ഭർത്താവിന് സുഖമില്ലാതെ ആയതോടെ എരുമേലി സെന്റ് തോമസിലേക്കും അദ്ധ്യാപന ജീവിതം മാറ്റിയിരുന്നു.
കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് കോളേജിന് അടുത്ത് പൊടിമറ്റത്തായിരുന്നു താമസിച്ചുകൊണ്ടിരുന്നത്. തറവാട് കാഞ്ഞിരപ്പള്ളിയിൽ. രണ്ടുകുട്ടികൾ. മൂത്തമകൾ മെറിറ്റ തോമസ് ബെംഗളൂരുവിൽ ഡിഗ്രി ഒന്നാം വർഷം. രണ്ടാമത്തെ മകൾ അനിഖ തോമസ് പത്താം ക്ലാസിലും പഠിക്കുന്നു. ഇപ്പോൾ അനിഖ ഇന്ദുവിന്റെ സഹോദരിക്കൊപ്പം അവർ ജോലി ചെയ്യുന്ന ദക്ഷിണാഫ്രിക്കയിലാണ് പഠിക്കുന്നത്.
ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിൽ
സ്ഫടികം എന്ന സിനിമയിൽ സ്വന്തം മകൻ ആടുതോമയെ കണക്ക് പഠിപ്പിച്ച് കുഴഞ്ഞ ചാക്കോ മാഷ് തുടക്കം മുതൽ ഒടുക്കം വരെ പറയുന്ന ഡയലോഗ് ആണ് ഇത്- 'ഭൂഗോളത്തിന്റെ സ്പന്ദനം കണക്കിലാണ്'. തോമസ് സെബാസ്റ്റ്യൻ മാഷും ചാക്കോ മാഷിനെ പോലെ പഠിപ്പിക്കലിൽ കണിശക്കാരനായിരുന്നു. എന്നാൽ, ചാക്കോ മാഷെ പോലെ ജീവിതത്തിൽ അലിവില്ലാത്തവൻ ആയിരുന്നില്ല എന്ന വ്യത്യാസം ഉണ്ട്.
പഠിപ്പിച്ച കുട്ടികളെ മാത്രമല്ല, മറ്റ് ബാച്ചുകളിലെ കുട്ടികളെ പോലും അടുത്തറിയുകയും ഒരുപാട് സ്‌നേഹിക്കുകയും ചെയ്ത ആളായിരുന്നു തോമസ് സെബാസ്റ്റ്യൻ സാർ. ഇന്ദു ടീച്ചറും അതുപോലെ തന്നെയായിരുന്നു. മാത്സ് അദ്ധ്യാപകൻ എന്ന നിലയിൽ ക്ലാസിൽ കണിശക്കാരനായ അദ്ധ്യാപകൻ. ചോദ്യത്തിന് ഉത്തരം പറയുന്നത് തെറ്റിച്ചാൽ അപ്പോൾ ഇമ്പോസിഷൻ വരും. പക്ഷേ ക്ലാസിന്റെ പുറത്ത് കുട്ടികളുടെ തോളിൽ കൈയിട്ട് നടക്കുന്ന ചങ്കായിരുന്നു സാർ എന്ന് വിദ്യാർത്ഥികൾ പറയാറുണ്ട്. എന്തുവിഷയം വന്നാലും കുട്ടികൾക്ക് തുറന്നുപറയാവുന്ന രണ്ട് അദ്ധ്യാപകർ. ഉഴപ്പിയാൽ ശുണ്ഠി പിടിക്കുകയും, നല്ല കാര്യം ചെയ്താൽ, കലവറയില്ലാതെ അഭിനന്ദിക്കുകയും ചെയ്യുന്ന രണ്ടുനല്ല മനുഷ്യർ.

പഠിപ്പിച്ച കുട്ടികൾ എല്ലാം നല്ല നിലയിൽ എത്തണമെന്ന് ആഗ്രഹിച്ചിരുന്ന രണ്ടുവ്യക്തികളായിരുന്നു. സയൻസ് വിഷയമാണ് പഠിപ്പിച്ചിരുന്നതെങ്കിലും, ഹ്യുമാനിറ്റീസിലും, കൊമേഴ്‌സിലും ഒക്കെ ഉള്ളവരുമായി നല്ല ബന്ധം കാത്തുസൂക്ഷിച്ചിരുന്നു തോമസ് സാർ. വിനോദ യാത്ര ഒക്കെ പോകുമ്പോൾ കുട്ടികളിൽ ഒരാളായി മാറും. ഇന്ദു ടീച്ചറും അതുപോലെയായിരുന്നു. വളരെയേറെ ആത്മാർത്ഥതയോടെ കുട്ടികളെ പഠിപ്പിക്കുകയും, സ്‌നേഹിക്കുകയും ചെയ്തിരുന്നു. മാത്രമല്ല നല്ലൊരു മാർഗ്ഗദർശിയും ആയിരുന്നു.
ഓർമ്മയിൽ എന്നും
പഠിപ്പിച്ച വിദ്യാർത്ഥികളുടെ മനസ്സിൽ മാത്രമല്ല, നാട്ടുകാരുടെ മനസ്സിലാകെ എന്നുമുണ്ടാകും, ഈ അദ്ധ്യാപക ദമ്പതികൾ. അധികം ഇടവേളയില്ലാതെ ഇരുവരും കടന്നുപോയതിന്റെ വേദന താങ്ങാനാവാതെ ബന്ധുക്കളും നാട്ടാരും പറഞ്ഞുപോകുന്നു....നിങ്ങൾ തന്ന ആ നല്ല ഓർമകൾ ഉണ്ടാകും എന്നും കൂട്ടിന്. ആദരാഞ്ജലികൾ.


