- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാക്ഷാൽ വാഴക്കുന്നം നമ്പൂതിരിയിൽ നിന്ന് മാജിക്; ഡിസ്‌കോ ഡാൻസിന്റെ താളവഴക്കത്തിൽ ആറാടിയ അതിജീവനകാലം; പാട്ടും ആട്ടവും അഭിനയവും മേക്കപ്പും സംവിധാനവും ഹരം; നടി അംബികയോട് ആരാധന മൂത്ത് സിനിമാ പ്രവേശം; മറിമായം ഫെയിം വി പി ഖാലിദ് ഒരു സകലകലാവല്ലഭൻ
കൊച്ചി: തിരിഞ്ഞുനോക്കുമ്പോൾ, തിരിച്ചറിയുന്നു, സകലകലാവല്ലഭനായിരുന്നു വി പി ഖാലിദ്. ഒരുപക്ഷേ മറിമായത്തിലെ സുമേഷ് ആകും മുമ്പ് എത്രയോ കാലം, കലയുടെ പല കൈവഴികളിലൂടെ സഞ്ചാരം. പാടാൻ പറഞ്ഞാൽ പാടും, നൃത്തം അതും ഒകെ. അഭിനയം, മാജിക്, നാടകരചന, സംവിധാനം, മേക്കപ്പ് എന്നുവേണ്ട എല്ലാം അനായാസം ഈ കലാകാരന് വഴങ്ങുമായിരുന്നു. വി പി ഖാലിദ്, മറിമായത്തിന്റെ ഷൂട്ടിങ്ങിന് വന്നതും മേക്കപ്പ് ആർട്ടിസ്റ്റായിട്ടായിരുന്നു. എന്നാൽ ഖാലിദിനെ കണ്ടപ്പോൾ സംവിധായകന് ഒരുകിടിലൻ ഐഡിയ തോന്നി. അങ്ങനെയാണ് പ്രായത്തിന് ചേരാത്തതെന്ന് തോന്നുന്ന പേരും, നിഷ്‌ക്കളങ്ക ചിരിയുമായി സുമേഷിന്റെ വരവ്. സിനിമയിലേക്ക് ഒരുവഴി തുറന്നതും മറിമായത്തിലെ സുമേഷ് തന്നെ. പുതുതലമുറ ഖാലിദിനെ ഏറ്റെടുത്തതും, മറിമായത്തിലെ വേഷത്തെ സ്‌നേഹിച്ചുതന്നെ.
ദേശാഭിമാനിക്ക് നൽകിയ ഒരുപഴയ അഭിമുഖത്തിൽ ഖാലിദ് പറഞ്ഞു: ' കൊച്ചിയിലെ പഴയ മജസ്റ്റിക് തിയറ്ററിൽ ജോലി തരപ്പെടുത്തുമ്പോൾ ഒരേയൊരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ... ആദ്യകാല സൂപ്പർ നായിക അംബികയുടെ ചിത്രങ്ങൾ മുടങ്ങാതെ കാണുക! ''കിട്ടുന്ന കൂലി പോലും അന്ന് വലിയ പ്രശ്‌നമായിരുന്നില്ല. സിനിമയോടും അംബികയോടുമുള്ള ആരാധന മാത്രമായിരുന്നു ഉള്ളിൽ''. 'കൊച്ചിൻ നാഗേഷ്' എന്നാണ് അറിയപ്പെട്ടിരുന്നത്. എന്നാൽ ഇന്ന് എല്ലാവരും തിരിച്ചറിയുന്നത് മറിമായത്തിലെ 'സുമേഷ്' ആയും.
ഖാലിദിനെ പരിചയപ്പെടുമ്പോൾ..
കലാകുടുംബമാണ് ഖാലിദിന്റേത്. ഫോർട്ട് കൊച്ചിയിലെ വലിയകത്തു വീട്ടിൽ വി പി ഖാലിദിന്റെ ആൺ മക്കൾ നാലു പേരും സിനിമയുടെ വഴി തെരെഞ്ഞെടുത്തവരാണ്. മരിച്ചുപോയ മൂത്തമകൻ ഷാജി ഖാലിദാണ് അനുജന്മാരായ ഷൈജു ഖാലിദിനെയും ഖാലിദ് റഹ്മാനെയും സിനിമയിലേക്ക് കൈപിടിച്ചു നടത്തിയത്. ഛായാഗ്രാഹകനും സംവിധായകനുമായിരുന്നു ഷാജി ഖാലിദ്. ഇവരുടെ വഴിയേ തന്നെയാണ് ഇളയമകൻ ജിംഷി ഖാലിദും. ഖാലിദ് റഹ്മാന്റെ ചിത്രം 'ഉണ്ട'യ്ക്കായി ക്യാമറ ചലിപ്പിച്ചത് ജിംഷിയാണ്. ഖാലിദ് റഹ്മാന്റെ ആദ്യ ചിത്രമായ 'അനുരാഗ കരിക്കിൻവെള്ള'ത്തിൽ വി പി ഖാലിദും അഭിനയിച്ചിരുന്നു. മകൾ ജാസ്മിനും സ്‌കൂൾ-കോളേജ് നൃത്തവേദികളിൽ സജീവമായിരുന്നു.'ട്രാഫിക്', 'മഹേഷിന്റെ പ്രതികാരം' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ യുവ ഛായാഗ്രാഹകനാണ് ഷൈജു ഖാലിദ്. 'അനുരാഗ കരിക്കിൻ വെള്ളം' എന്ന ചിത്രത്തിലൂടെ ഖാലിദ് റഹ്മാനും ശ്രദ്ധേയനായി.
തിരിഞ്ഞുനോക്കുമ്പോൾ
സ്‌കൂൾ നാടകങ്ങൾ അവതരിപ്പിക്കവേയാണ് ഖാലിദ് തന്നിലെ നടനെയും, രചയിതാവിനെയും സംവിധായകനെയും തിരിച്ചറിഞ്ഞത്. സകൂളിൽ നിന്നും ഉത്സവപ്പറമ്പുകളിലെ നാടകങ്ങളിലേക്ക് സ്ഥാനക്കയറ്റം. കൊച്ചിൻ സനാതനയുടെ 'എഴുന്നള്ളത്ത്', ആലപ്പി തിയറ്റേഴ്സിന്റെ 'ഡ്രാക്കുള', 'അഞ്ചാം തിരുമുറിവ്' എന്നിങ്ങനെ പല സൂപ്പർഹിറ്റ് നാടകങ്ങളിലും ഖാലിദ് വേഷമിട്ടു
അയാം എ ഡിസ്‌കോ ഡാൻസർ
വെറും അഭിനയം മാത്രം പോരായിരുന്നു ഖാലിദിന്. നൃത്തത്തിലും ഒരുകൈ നോക്കി അദ്ദേഹം. ഫോർട്ട് കൊച്ചിയിലെ ആഗ്ലോ ഇന്ത്യൻ വംശജരായ നർത്തകരിൽ നിന്നും റോക്ക് ആൻഡ് റോൾ, ട്വിസ്റ്റ് നൃത്തശൈലികൾ ഖാലിദ് പഠിച്ചെടുത്തു. ഗോപിനാഥ് മുതുകാടിന്റെയും മറ്റും ഗുരുവായ മാജിക് ആചാര്യനായ വാഴക്കുന്നം നമ്പൂതിരിപ്പാടിൽ നിന്നും മാജിക്കും പഠിച്ചു. സൈക്കിൾ യജ്ഞക്യാമ്പിൽ റിക്കാർഡ് ഡാൻസറായുള്ള പ്രകടനം ഖാലിദിന് നൃത്തത്തിൽ മാറ്റുരയ്ക്കാൻ അവസരങ്ങൾ നൽകി. മൂത്ത മകൻ ഷാജിയുടെ പേരിൽ 'ഷാജി കലാവേദി' സ്ഥാപിച്ച് സ്വന്തമായി ടിക്കറ്റ് ഷോ സംഗീതം, നൃത്തം, പാവകളി, മാജിക്, സർക്കസ് എന്നിവയെല്ലാം ചേർന്നതായിരുന്നു.
വെള്ളിത്തിരയിൽ
സാക്ഷാൽ പി ജെ ആന്റണിയുടെ പെരിയാറാണ് ഖാലിദിന്റെ കന്നിച്ചിത്രം. തോപ്പിൽ ഭാസിയുടെ ഏണിപ്പടികളും കുഞ്ചാക്കോയുടെ പൊന്നാപുരം കോട്ടയും ഖാലിദിന്റെ ആദ്യകാല ചിത്രങ്ങളാണ്. മറിമായം ഫെയിമായതോടെ, കമലിന്റെ 'ആമി'യിൽ അഭിനയിച്ചു. സ്വന്തമായി സിനിമ സാക്ഷാത്കരിക്കുന്നത് അടക്കം പല മോഹങ്ങളും ബാക്കിയാക്കിയാണ് വി പി ഖാലിദ് വിടവാങ്ങിയത്.
മറുനാടന് മലയാളി ബ്യൂറോ