ന്യൂഡൽഹി: എൻജിനീയറിങ് ബിരുദ പ്രവേശനത്തിനു 12ാം ക്ലാസിൽ ഫിസിക്‌സ്, കെമിസ്ട്രി, കണക്ക് എന്നിവ നിർബന്ധമല്ലെന്ന പ്രഖ്യാപനം അഖിലേന്ത്യ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ (എഐസിടിഇ) മരവിപ്പിച്ചു. 202021 വർഷത്തേക്കുള്ള അപ്രൂവൽ ഹാൻഡ് ബുക്കിലെ ഈ നിർദ്ദേശം വിവാദമായ സാഹചര്യത്തിലാണ് നീക്കം. കൗൺസിൽ വെബ്‌സൈറ്റിൽ നിന്നു ഹാൻഡ്ബുക്ക് പിൻവലിക്കുകയും ചെയ്തു.

മാറ്റം നിർബന്ധമല്ലെന്നും സർവകലാശാലകൾക്കോ സംസ്ഥാനങ്ങൾക്കോ ഈ രീതിയിൽ പ്രവേശനം നടത്താൻ താൽപര്യമുണ്ടെങ്കിൽ അതിനുള്ള വാതിൽ തുറന്നിടുക മാത്രമാണ് ചെയ്തതെന്നും കൗൺസിൽ അധ്യക്ഷൻ അനിൽ സഹസ്രബുദ്ധെ വിശദീകരിച്ചിരുന്നു. ഫിസിക്‌സ്, കെമിസ്ട്രി, കണക്ക് എന്നിവ ബ്രിജ് കോഴ്‌സിലൂടെ പഠിച്ച് ബയോടെക്‌നോളജി, ടെക്‌സ്‌റ്റൈൽ എൻജിനീയറിങ്, അഗ്രികൾചർ എൻജിനീയറിങ് എന്നിവ പഠിക്കാനുള്ള സാധ്യതയൊരുക്കുകയാണെന്നും പറഞ്ഞു.

ആർട്‌സ് പോലുള്ള വിഷയങ്ങൾ പഠിച്ച വിദ്യാർത്ഥികളെ എൻജിനീയറിങ്ങിലേക്കു കൊണ്ടുവരാൻ ബ്രിജ് കോഴ്‌സുകൾ മതിയാകില്ലെന്ന് എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി ഡയറക്ടറും എഐസിടിഇ മുൻ ഡയറക്ടറുമായ ഡോ. എം. അബ്ദുൽ റഹ്മാൻ പറഞ്ഞു. ചെറിയൊരു വിഭാഗം വിദ്യാർത്ഥികൾക്ക് ജന്മസിദ്ധമായ നൈപുണ്യം ഗണിത, എൻജിനീയറിങ് വിഷയങ്ങളിലുണ്ടാകും.

മറ്റു പല കാരണങ്ങൾ കൊണ്ടും ഇവർ വിഷയം മാറി പഠിച്ചെന്നും വരാം. ഇവരെ എൻജിനീയറിങ്ങിൽ തിരികെയെത്തിക്കാൻ ഇപ്പോഴത്തെ നിർദ്ദേശം സഹായിക്കുമെന്ന് വാദിക്കാമെങ്കിലും പൊതുവായി ഫിസിക്‌സ്, കെമിസ്ട്രി, കണക്ക് എന്നിവയെ ഒഴിവാക്കി എൻജിനീയറിങ് പഠനം സാധ്യമല്ല' അദ്ദേഹം വ്യക്തമാക്കി.