ലയാളികളടക്കമുള്ള യുഎഇ നിവാസികളുടെ പ്രിയപ്പെട്ട വിനോദകേന്ദ്രങ്ങളിലൊന്നായ ഷാർജ അൽ നൂർ ദ്വീപിൽ പുതിയ കലാരൂപം അനാവരണം ചെയ്യപ്പെട്ടു. 'ദി സ്വിങ്' എന്ന പേരിൽ അറിയപ്പെടുന്ന ഊഞ്ഞാലാണ് ദ്വീപിലെ കലാരൂപങ്ങളിലേക്ക് പുതുതായി ചേർക്കപ്പെട്ടത്. അതിഥികൾക്കുള്ള വിനോദമെന്നതോടൊപ്പം, യുഎഇയുടെ ഇന്നലെകളെയും ഇന്നിനെയും ബന്ധിപ്പിക്കുന്ന ആശയം പങ്കുവയ്ക്കുന്നതാണ് നഗരക്കാഴ്ചകളിലേക്ക് നോക്കി നിൽക്കുന്ന ഈ ഊഞ്ഞാൽ. എമിറാത്തി കലാകാരിയായ അസ്സ അൽ ഖുബൈസിയാണ് ഈ വേറിട്ട കലാരൂപം ഒരുക്കിയിരിക്കുന്നത്.

തുരുമ്പുനിറത്തിലുള്ള ഏഴ് സ്റ്റീൽ പാളികളുപയോ?ഗിച്ചാണ് ഊഞ്ഞാലിന്റെ നിർമ്മാണം. യുഎഇയുടെ സഹിഷ്ണുതാ പ്രതീകമായിരുന്ന ?ഗാഫ് മരത്തിന്റെയും ഈന്തപ്പനയുടെയും ഇലകൾ കൊത്തിയ കലാരൂപത്തിൽ, പഴമയുടെയും പുതുമയുടെയും സമ്മേളനം കാണാം. നൂറ്റാണ്ടുകൾക്ക് മുൻപുള്ള പ്രദേശത്തെ ജീവിതചിത്രങ്ങളിൽ നിന്നാണ് ഊഞ്ഞാൽ കലാരൂപത്തിന്റെ ആശയം സ്വീകരിച്ചിരിക്കുന്നത്. അക്കാലത്ത്, പവിഴപ്പുറ്റുകൾ തേടിയുള്ള കടലിലേക്ക് പോകുന്ന പ്രിയപ്പെട്ടവർ, സുരക്ഷിതമായി മടങ്ങിവരുന്നതും കാത്ത് സ്ത്രീകൾ തീരത്ത് കാത്തിരിക്കുമായിരുന്നു. ആ കാത്തിരിപ്പാണ് ഉഞ്ഞാലെന്ന കലാരൂപമൊരുക്കാൻ പ്രേരണയായതെന്ന് കലാകാരി പറയുന്നു.

'എണ്ണയുടെ സമൃദ്ധിക്ക് മുൻപുള്ള കാലത്ത്, പവിഴപ്പുറ്റുകൾ തേടിയുള്ള കടൽ യാത്രകൾ പതിവായിരുന്നു. കടലിലേക്ക് പോകുന്നവർക്ക് അപകടങ്ങൾ സംഭവിക്കാറുമുണ്ടായിരുന്നു. ഇങ്ങനെ കടലിലേക്ക് പോകുന്ന തന്റെ പ്രിയപ്പെട്ടവർ മടങ്ങി വരുന്നതും കാത്ത്, കരയിൽ സ്ത്രീകൾ കാത്തിരിക്കും. വേദനയും ആകാംക്ഷയും നിറയുന്ന ആ കാത്തിരിപ്പിനെ അടയാളപ്പെടുത്തുന്നതോടൊപ്പം, അതിനെ ഇന്നത്തെ സമൃദ്ധിയോട് ചേർത്ത് വയ്ക്കാൻ കൂടിയുള്ള ശ്രമമാണ് 'ദി സ്വിങ്' . ഇന്ന്, കൺമുന്നിൽ രാജ്യത്തിന്റെ, ഷാർജയുടെ, വളർച്ചയാസ്വദിച്ച് സമാധാനത്തോടെ ഈ തീരത്ത് കുടുംബത്തോടൊരുമിച്ച് നിന്ന് ഊഞ്ഞാലാടാം'- കലാകാരി അസ്സ അൽ ഖുബൈസി പറയുന്നു. 'പഴയതും പുതിയതുമായ വസ്തുക്കൾ ചേർത്താണ് രണ്ടു കാലങ്ങളെ സമ്മേളിപ്പിക്കുന്ന കലാരൂപമൊരുക്കിയിരിക്കുന്നത്. ഇന്നലെകളെ ഓർക്കാതെ ഇന്നിൽ നിലനിൽക്കാനാവില്ലല്ലോ' - അവർ കൂട്ടിച്ചേർത്തു.

പകൽ പഴമയുടെ മോടിയോടെ നിൽക്കുന്ന ഊഞ്ഞാൽ, രാത്രിയാകുന്നതോടെ വെളിച്ച സംവിധാനത്തിൽ മിന്നിത്തിളങ്ങും. മുന്നിലെ ഖാലിദ് തടാകത്തിന്റെ കാഴ്ചയും അക്കരെയുള്ള ന?ഗരവെളിച്ചവും കൂടിയാവുമ്പോൾ ഊഞ്ഞാൽ കാഴ്ചക്ക് മാറ്റേറുന്നു. യുഎഇയിലെ തന്നെ മുൻനിര കലാകേന്ദ്രങ്ങളിലൊന്നായ ഷാർജ മറായ ആർട് സെന്ററുമായി ചേർന്നാണ് അൽ നൂർ ദ്വീപിൽ ഈ കലാരൂപം സ്ഥാപിച്ചിട്ടുള്ളത്.

'യുഎഇയിലും വിദേശത്തുമുള്ള കലാകാർക്ക് അവരുടെ സൃഷ്ടികൾ അവതരിപ്പിക്കാനുള്ള ഏറ്റവും അനുയോജ്യമായ അവസരങ്ങളൊരുക്കുക, പ്രോത്സാഹിപ്പിക്കുക എന്ന മറായ ആർട് സെന്ററിന്റെ ശ്രമങ്ങളുടെ തുടർച്ചയാണ് അൽ നൂർ ദ്വീപിലെ 'ദി സ്വിങ്' . സഞ്ചാരികൾക്ക് പ്രിയപ്പെട്ട ദ്വീപിൽ, ഇത്തരമൊരു വേറിട്ട കലാരൂപം ഒരുക്കാനായതിൽ ഏറെ ആഹ്ലാദമുണ്ട്. ചരിത്രപരമായ ആശയത്തിൽ ഊന്നി അസ്സ അൽ ഖുബൈസി ഒരുക്കിയ ഈ സൃഷ്ടി, ഒരു എമിറാത്തി കലാകാരിയിൽ നിന്നുള്ള ദ്വീപിലെ ആദ്യത്തെ കലാസംഭാവനയായതിൽ അഭിമാനിക്കുന്നു. സന്ദർശകർക്ക് തീർച്ചയായും ഇത് വേറിട്ടൊരു അനുഭവമാവും' - ഷാർജ മറായ ആർട് സെന്ററിന്റെയും 1971 ഡിസൈൻ സ്‌പെയിസിന്റെയും ഡയറക്ടർ ഡോ. നീന ഹെയ്ഡമൻ പറഞ്ഞു. ദി സ്വിങ് അനാവരണം ചെയ്തതോടെ, അൽ നൂർ ദ്വീപിൽ കലാരൂപങ്ങൾ സ്ഥാപിച്ച എട്ട് രാജ്യാന്തര കലാകാരന്മാരുടെ പട്ടികയിൽ അസ്സ അൽ ഖുബൈസിയും സ്ഥാനം പിടിച്ചു.

ഷാർജ നിക്ഷേപവികസനവകുപ്പിന്റെ (ഷുറൂഖ്) മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന അൽ നൂർ ദ്വീപ് നിലകൊള്ളുന്നത് നഗരമധ്യത്തിലെ ഖാലിദ് തടാകത്തിലാണ്. 45470 ചതുരശ്ര അടി വിസ്തീർണമുള്ള ദ്വീപിൽ ശലഭവീട്, കുട്ടികൾക്കുള്ള കളിയിടം, കലാസൃഷ്ടികൾ, ലിറ്ററേച്ചർ പവലിയൻ, കഫേ അടക്കം നിരവധികാഴ്ചകളുണ്ട്