മലപ്പുറം: ഐ.എസിൽ ചേർന്ന മലപ്പുറം പൊന്മള സ്വദേശിയായ നജീബ് കൊല്ലപ്പെട്ടുവെന്ന വാർത്തകളാണ് കഴിഞ്ഞ ദിവസങ്ങളിലായി പത്ര, ഓൺലൈൻ മാധ്യമങ്ങൾ ചർച്ച ചെയ്തത്. എന്നാൽ നജീബിനെ പോലെ ഐ.എസ് ജീവിതം തകർന്ന നിരവധി പേരാണ് മലപ്പുറത്തും കണ്ണൂരിലും ഉൾപ്പെടെ കേരളത്തിലെ വിവിധ ഇടങ്ങളിലുള്ളത്. ബംഗളൂരുവിലേക്ക് വിനോദയാത്രക്കെന്നും പറഞ്ഞ് വീട്ടിൽ നിന്നും പോയ മലപ്പുറം വട്ടംകുളം സ്വദേശി മുഹമ്മദ് മുഹ്സിനെ(22) കുറിച്ചു പിന്നീട് രണ്ടുവർഷമായി വീട്ടുകാർക്ക് വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല.

ഈ രീതിയിൽ 2017ൽ തൃശൂർ എൻജിനീയറിങ് കോളജിലെ പഠനത്തിനിടെ നാടുവിട്ട മുഹസിൻ പിന്നീട്് അഫ്ഗാനിസ്ഥാനത്തിൽ വെച്ചു അമേരിക്കയുടെ ആളില്ലാ യുദ്ധവിമാനത്തിന്റെ അക്രമണത്തിൽ കൊല്ലപ്പെട്ടുവെന്ന സന്ദേശമാണ് 2019 ജൂലൈ 22ന് മുഹ്സിന്റെ സഹോദരിയുടെ വാട്സ് നമ്പറിലേക്ക് വന്നത്. അഫ്ഗാനിസ്ഥാനിൽ നിന്നായിരുന്ന സന്ദേശം. സഹോദരന് ഇസ്ലാമിന്റെ പാതയിൽ ശഹീദാവാൻ വലിയ ആഗ്രഹമായിരുന്നുവെന്നും അത് പടച്ച തമ്പുരാൻ സാധിച്ചുകൊടുത്തുവെന്നാണ് സഹോദരിയുടെ വാട്സ് നമ്പറിലേക്ക് വന്ന സന്ദേശം.

മലയാളത്തിലായിരുന്നു സന്ദേശം. തൃശൂരിലെ സ്വകാര്യ എൻജിനിയറിംങ് കോളജിൽ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ നാലാം വർഷ വിദ്യാർത്ഥിയായിരിക്കെയാണ് നാടുവിട്ടത്. മുഹ്സിനെ കാണാതായതിനെ തുടർന്നു പിതാവിന്റെ പരാതിയിൽ 2017 ഒക്ടോബർ 20ന് ചങ്ങരംകുളം പൊലീസ് കേസ് രജിസ്റ്റർചെയ്തിരുന്നു. തുടർന്നു പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി ബംഗളൂരുവിലെത്തുകയും, അവിടെ മുഹ്സിൻ ബന്ധപ്പെട്ട ആളുകളുമായി സംസാരിക്കുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്തിരുന്നു.

എന്നാൽ മുഹ്സിൻ ബംഗളൂരുവിൽ നിന്നും ദുബായിയിലേക്കു പോയതായി വിവരം ലഭിച്ചു. മുഹ്സിൻ ഈസമയത്ത് ബന്ധപ്പെട്ട ആളുകളിൽ പലരും ഐ.എസുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരാണെന്ന വിവരം പൊലീസ് സ്ഥിരീകരിച്ചിരുന്നു. യുവാവ് ദുബായിലേക്കു പോയതാണെന്നും ഐ.എസുമായി ബന്ധപ്പെട്ട ചില സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും ഈസമയത്തുതന്നെ പൊലീസുകാർ മുഹ്സിന്റെ വീട്ടുകാരെ അറിയിച്ചെങ്കിലും അവർക്ക് ഇക്കാര്യം വിശ്വസിക്കാൻ കഴിഞ്ഞില്ല.ഇതിനാൽ ഇക്കാര്യം അംഗീകരിച്ചതുമില്ല.

യുവാവിനെ കണ്ടെത്താൻ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നതുമായി ബന്ധപ്പെട്ടും പൊലീസ് വീട്ടുകാരുമായി സംസാരിച്ചെങ്കിലും മകൻ ഇത്തരത്തിലൊരുപാതയിലേക്കു പോകില്ലെന്ന വിശ്വാസത്തിൽ തന്നെയായിരുന്നു ഇവർ. എന്നാൽ ഐ.എസിൽ യുവാവ് എത്തിയതിന് കൃത്യമായ തെളിവ് നിരത്താൻ പൊലീസിനും സാധിക്കാതെ വന്നതോടെയാണ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കുന്നതിൽ നിന്നും പിന്നീട് പൊലീസ് പിന്മാറാൻ കാരണമെന്ന് കേസന്വേഷിച്ച പൊലീസുദ്യോഗസ്ഥൻ പറഞ്ഞു.

മുഹ്സിൻ മരിച്ചതായി സഹോദരിയുടെ മൊബൈലിലേക്ക് സന്ദേശം വന്നതോടെ വീട്ടുകാർ ഇക്കാര്യം പൊലീസിനെ അറിയിച്ചു. മരണം സാധൂകരിക്കുന്ന രീതിയിലുള്ള മറ്റൊരു ഫോട്ടോയും സഹോദരിയുടെ ഫോണിലേക്ക് ഇതെ നമ്പറിൽനിന്നും അയച്ചുകൊടുത്തു. ഇതെല്ലാം പരിശോധിച്ച ശേഷമാണ് പൊലീസും സംഭവം യഥാർഥമാണെന്ന സ്ഥിരീകരണത്തിലേക്ക് എത്തിയത്.

അഫ്ഗാനിസ്ഥാനിലെ ഖൊറൂസാനിലെ ഐ.എസിന്റെ പ്രധാന കമാൻഡന്റായ പാക്കിസ്ഥാനിയായ ഹുസൈഫയോടൊപ്പമാണ് അക്രമത്തിൽ മുഹസിനും കൊല്ലപ്പെട്ടതെന്നാണു രഹസ്യാന്വേഷണ വിഭാഗങ്ങൾക്ക് ലഭിച്ച വിവരം. തികഞ്ഞ ദേശസ്നേഹികളാണ് മുഹ്സിന്റെ വീട്ടുകാർ എന്നും യുവാവ് എങ്ങിനെ ഈ ചതിയിൽപ്പെട്ടുവെന്ന് വിശ്വസിക്കാനാകുന്നില്ലെന്നും അയൽവാസികൾ പറഞ്ഞു. നാട്ടിൽ ചില കെട്ടിട നടത്തിപ്പുകളിലെ വാടകയും മറ്റുമാണ് കുടുംബത്തിന്റെ വരുമാന മാർഗം.