കണ്ണൂർ: പരസ്പരം വെട്ടമരിക്കാനുള്ളതാണോ കണ്ണൂരിലെ തീയ്യന്മാരുടെ ജീവിതം. ബന്ധുത്വ വിവാദം കേരള രാഷ്ട്രീയത്തിൽ കൊഴുക്കുമ്പോൾ കണ്ണൂരിലെ കൊലപാതക രാഷ്ട്രീയവും ചർച്ചയാകുന്നത് യാദൃശ്ചികം. പിണറായി സർക്കാർ അധികാരത്തിലേറിയ ശേഷം കണ്ണൂരിൽ കൊല്ലപ്പെട്ടത് ഏഴ് പേരാണ്. സിപിഎമ്മും ബിജെപിയും കൊമ്പുകോർക്കുമ്പോൾ പൊലിയുന്നത് തീയ്യ സമുദായത്തിൽപ്പെട്ട സാധാരണക്കാരായ ഓട്ടോ തൊഴിലാളികളും കൂലിപ്പണിക്കാരുമാണ്. ഉന്നത രാഷ്ട്രീയ നേതാക്കളെല്ലാം ഇന്ന് സുരക്ഷിത അകലത്തിലാണ്. വടിവാളും ബോംബും കഠാരയുമായി പകരത്തിന് പകരം ചോദിക്കുകയാണ് സിപിഎമ്മിനും ബിജെപിക്കും വേണ്ടി തീയ്യന്മാർ എന്നതാണ് യാഥാർത്ഥ്യം. രാഷ്ട്രീയ അക്രമങ്ങളിൽ പ്രതി ചേർക്കപ്പെടുന്നവരിൽ ബഹുഭൂരിഭാഗവും ഈ സമൂദായത്തിലെ അംഗങ്ങൾ. ഈ കൊലപാതക രാഷ്ട്രീയത്തിന്റെ നേട്ടം മറ്റൊരു സമുദയാത്തിനും. ബന്ധുത്വവിവാദത്തിൽ കണ്ണൂരിലെ നമ്പ്യാർമാർ നേടുന്ന സ്ഥാനമാനങ്ങൾ ഈ അവസരത്തിൽ കേരളം ചർച്ച ചെയ്യുകയാണെന്നത് തികച്ചു യാദൃശ്ചികം മാത്രം

പിണറായി വിജയിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സർക്കാർ അധികാരമേറ്റതിനുശേഷം നാലുമാസത്തിനിടെ ജില്ലയിൽ രാഷ്ട്രീയ കൊലപാതകങ്ങളിൽ പൊലിഞ്ഞത് ഏഴു ജീവനുകളാണ്. നൂറിലേറെ ആക്രമണക്കേസുകളും ഈ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇടതുപക്ഷത്തിന്റെ വിജയാഹ്ലാദത്തിനിടെ പിണറായിക്ക് സമീപത്തുവച്ചാണ് സിപിഐ(എം) പ്രവർത്തകൻ രവീന്ദ്രൻ കൊല്ലപ്പെട്ടത്. പിന്നീട് പിണറായി മേഖലയിൽ വ്യാപകമായ സംഘർഷവും ആക്രമണങ്ങളും അരങ്ങേറി. പയ്യന്നൂരിൽ ഡിവൈഎഫ്‌ഐ നേതാവ് ധൻരാജിനെ വെട്ടിക്കൊലപ്പെടുത്തി അരമണിക്കൂറിനുള്ളിൽ കുന്നരുവിൽ ബിജെപി പ്രവർത്തകൻ രാമചന്ദ്രൻ വെട്ടേറ്റു മരിച്ചു. തില്ലങ്കേരിയിൽ ഡിവൈഎഫ്‌ഐ നേതാക്കൾ സഞ്ചരിച്ച കാറിനുനേരെ ബോംബാക്രമണം നടത്തിയതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ ആർഎസ്എസ് നേതാവ് ബിനീഷ് കൊല്ലപ്പെട്ടു. ചെറുവാഞ്ചേരിയിൽ വീട്ടിനുള്ളിൽ സൂക്ഷിച്ച ബോംബ് പൊട്ടിത്തെറിച്ച് ആർഎസ്എസ് പ്രവർത്തകനായ ദീക്ഷിതുകൊല്ലപ്പെട്ടു. രണ്ട് ദിവസം മുമ്പ് പാതിരിയാട് പട്ടാപ്പകൽ ഷാപ്പിലെത്തിയ സംഘം സിപിഐ(എം) ലോക്കൽ കമ്മിറ്റി അംഗം മോഹനനെ വെട്ടിക്കൊന്നു. മോഹനന്റെ സംസ്‌കാരം നടന്ന് മണിക്കൂറുകൾക്കുള്ളിലാണ് ബിജെപി പ്രവർത്തകനായ രമിത്തിനെ പിണറായിയിൽ കൊലപ്പെടുത്തിയത്.

മരിച്ച് വീഴുന്നത് സാധാരണ അണികൾ മാത്രമാണ്. കൂലിവേലക്കാരും ഓട്ടോറിക്ഷാ തൊഴിലാളികളും. കണ്ണൂരിലെ പ്രത്യേക സമൂദായ അംഗങ്ങൾ മാത്രമാണ് കൊലക്കത്തിക്ക് ഇരയാകുന്നതെന്നതും ചർച്ചയാകേണ്ടതാണ്. കുടുംബത്തിലെ പരാധീനതകളിൽ ബുദ്ധിമുട്ടുന്നവരെ രാഷ്ട്രീയ വിദ്വേഷങ്ങളിൽ കുടുക്കി കൊലപാതക രാഷ്ട്രീയം കണ്ണൂരിൽ ആളിക്കത്തിക്കുകയാണ്. 2008ൽ നടന്ന നീണ്ട കൊലപാതക പരമ്പരകൾക്കുശേഷം കണ്ണൂർ ജില്ല പൊതുവെ ശാന്തമായിരുന്നു. അതിനുശേഷവും കൊലപാതകങ്ങളും അക്രമങ്ങളും ഉണ്ടായിട്ടില്ല എന്നല്ല. അതൊന്നും ജില്ലയിലെ സമാധാനാന്തരീക്ഷത്ത ദോഷകരമായി ബാധിച്ചിരുന്നില്ല. 2010 ൽ മാഹിയിൽ രണ്ട് ബിജെപി പ്രവർത്തകർ പട്ടാപ്പകൽ കൊലചെയ്യപ്പെട്ട സംഭവവും, പാനൂരിൽ ബിജെപി മണ്ഡലം കമ്മിറ്റിയംഗമായ അഡ്വ.വത്സരാജ് കുറുപ്പിന്റേതുൾപ്പെടെയുള്ള കൊലപാതകങ്ങളുമെല്ലാം ഇതിനിടയിലുണ്ടായിട്ടുണ്ട്. എന്നാൽ ഈ സംഭവങ്ങളൊന്നും ആളിക്കത്തിയില്ല. സിപിഎമ്മിന്റെ പ്രവർത്തകരും കൊല്ലപ്പെട്ടു. അപ്പോഴും എണ്ണം നോക്കി കൊലയിലേക്ക് കാര്യങ്ങളെത്തിയില്ല. നീണ്ട ഇടവേളയ്ക്കുശേഷം കണ്ണൂർ വീണ്ടും സംഘർഷ രാഷ്ട്രീയത്തിലേക്ക് വലിച്ചെറിയപ്പെടുകയും സമാധാനാന്തരീക്ഷം ചോദ്യംചെയ്യപ്പെടുകയും ചെയ്തത് 2014 സെപ്റ്റംബർ ഒന്നുമുതലാണ്. അന്ന് ആർഎസ്എസ് കണ്ണൂർ ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖായിരുന്ന കതിരൂരിലെ എളന്തോട്ടത്തിൽ മനോജ് കുമാറിനെ പട്ടാപ്പകൽ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം ക്രൂരമായി വെട്ടിക്കൊന്നു. ഇതോടെ കാര്യങ്ങൾ മാറി മറിഞ്ഞു. അതിന് ശേഷം ഇനിയും കണ്ണൂർ ശാന്തമായിട്ടില്ല.

കുറുമ്പ്രനാട് രാജാക്കന്മാരുടെ പടയാളികളായിരുന്നു ഒരു കാലത്ത് ഉത്തരകേരളത്തിലെ തീയ്യർ. മാത്രമല്ല നടുവിൽ ആസ്ഥാനമായുള്ള മന്നനാർ രാജവംശം തീയ്യരുടേതായിരുന്നു. അതുകൊണ്ടുതന്നെ ആ രാജാവിന്റെ പടയാളികൾ തീയ്യർ തന്നെ. അതിനു പുറമേ ഒട്ടേറെ നാട്ടുരാജാക്കന്മാരുടെ പോരാളികളായും തീയ്യർ പ്രവർത്തിച്ചു പോന്നിരുന്നു. തീയ്യരുടെ ശൂരവീര പരാക്രമങ്ങളാണ് പടയാളികളായി അവരെ തിരഞ്ഞെടുക്കാൻ കാരണമായത്. ഗോത്രവൈരം വംശീയമായി തന്നെ അലിഞ്ഞു ചേർന്ന ഈ സമുദായം ഇന്ന് പരസ്പരം പോരടിക്കുന്നത് രണ്ടു രാഷ്ട്രീയ പാർട്ടികൾക്കു വേണ്ടിയാണ്. അതിലൂടെ കൊല്ലുന്നവരും കൊല്ലപ്പെടുന്നവരും മഹാഭൂരിപക്ഷവും തീയ്യർ തന്നെയെന്നത് ഒരു വസ്തുതയാണ്.

പണ്ടു കാലത്ത് ഒരേ ഗോത്രത്തിലുള്ള തീയ്യർ തന്നെ തറവാട്ടുമഹിമയുടെ പേരിലും ദേശത്തിന്റെ പേരിലും പരസ്പരം പോരാടി കഴിഞ്ഞവരാണ്. അന്ന് രാഷ്ട്രീയമായിരുന്നില്ല കാരണം. നരവംശ ശാസ്ത്രപരമായി പരിശോധിക്കുമ്പോൾ വംശീയപരമായി ആധിപത്യത്തിനു വേണ്ടി പരസ്പരം പോരടിച്ചുകഴിഞ്ഞ ഒരു സമൂഹമായിരുന്നു ഇവരെന്ന് മുതിർന്ന പത്രപ്രവർത്തകൻ മൈസൂരിലെ കെ. രാമകൃഷ്ണൻ പറയുന്നു. 15 ഉം 16 ഉം നൂറ്റാണ്ടുകളിൽ കുന്തം ആയുധമാക്കി നടന്നിരുന്ന തീയ്യർ കുലത്തിന്റേയും തറവാടിന്റേയും പേരിൽ പരസ്പരം കൊല്ലും കൊലയും നടത്തിയവരായിരുന്നു. അതിന് മുമ്പ് കൈയാങ്കളിയിലും പക തീർക്കാറുണ്ട്.

കടത്തനാട്ടെ കളരികൾ ഒരു കാലത്ത് നിലനിന്നിരുന്നതു തന്നെ കുടിപ്പക തീർക്കാനായിരുന്നു. അക്കാലത്ത് കളരി പരിശീലനത്തിന് പോകുന്നവരുടെ ലക്ഷ്യം പൊയ്തായിരുന്നു. ആ രീതിയെ പരിഷ്‌ക്കരിപ്പിച്ച് കളരിയെ ഒരു ആയോധന കലയാക്കി മാറ്റിയത് കോട്ടക്കൽ കരുണാകരൻ ഗുരുക്കളായിരുന്നു. അതുവരെ പ്രഭുക്കൾക്കും ജന്മിമാർക്കും വേണ്ടി പൊയ്ത്തിനു പോകുന്ന പോരാളികളായിരുന്നു തീയ്യർ. പൊയ്ത്ത് കഴിഞ്ഞ് ജയിച്ചു വന്നാൽ നാട്ടിൽ ആരാധനാ പാത്രമാവുന്നതിനു പുറമേ സ്വർണ്ണമുൾപ്പെടെയുള്ള പാരിതോഷികങ്ങളൂും ലഭിച്ചു പോന്നിരുന്നു. മാത്രമല്ല വിജയിക്ക് ജന്മിയുടേയോ പ്രഭുവിന്റേയോ മകളെപ്പോലും ദാനം ചെയ്തിരുന്നു. സേനാനായക പദവിയും ലഭിച്ചു പോന്നു.

ടിപ്പു സുൽത്താൻ മലബാറിൽ പടയോട്ടം നടത്തിയ കാലത്ത് പിണറായിയിൽ അനന്തൻ എന്ന തീയ്യ പടയാളി അതിനെ ചെറുക്കാൻ തീരുമാനിച്ചു. പടയോട്ടം നടത്തുന്നത് ടിപ്പുവായതിനാൽ ബ്രാഹ്മണരും നായന്മാരും എല്ലാം അരിച്ചു പെറുക്കി സ്ഥലം വിട്ടു. അനന്തന്റെ നേതൃത്വത്തിലുള്ള തീയ്യപ്പട കുന്തവും വാളുമായി എതിരിട്ടതോടെ ടിപ്പുവിന്റെ പട പിൻതിരിഞ്ഞോടി. സംഘർഷത്തിലിടപെടാതെ സ്ഥലം വിട്ട ബ്രാഹ്മണരും നായന്മാരും മലപ്പുറത്ത് അഭയം തേടുകയായ്ിരുന്നു. ഒരു ദശ വർഷത്തിനു ശേഷം അവർ തിരിച്ചു വന്നപ്പോൾ അവരെ ഉൾക്കൊള്ളാൻ പ്രദേശവാസികൾ തയ്യാറായില്ല. അങ്ങിനെ ഈ പ്രദേശം തീയ്യ ഭൂരിപക്ഷ മേഖലയായി മാറുകയും ചെയ്തു. പാനൂർ പ്രദേശങ്ങളിലും സമാനമായ സംഭവങ്ങൾ അരങ്ങേറി. അവിടെ തീയ്യർ ഉറച്ച് നിൽക്കുകയും ബ്രാഹ്മണരും മറ്റും പലായനം ചെയ്യുകയുമായിരുന്നു.

കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് തലശ്ശേരി മേഖലകളിലും കോഴിക്കോട്ടെ നാദാപുരം വടകര മേഖലകളിലും ഇന്ന് കാണുന്ന അക്രമങ്ങളും കൊലപാതകങ്ങളും ഭൂരിഭാഗവും തീയ്യരുമായി ബന്ധപ്പെട്ടാണ് നടക്കുന്നത്. ബിജെപി.യിലും സിപിഐ.(എം) ലും ഉൾപ്പെട്ട തീയ്യരാണ് അക്രമത്തിൽ മുന്നിൽ നിൽക്കുന്നതും കൊലചെയ്യപ്പെടുന്നതും. ഒരു ഭാഗത്തുകൊല്ലപ്പെട്ടും മറ്റൊരു ഭാഗത്തും കൊല ചെയ്തും കുടുംബങ്ങൾ അനാഥമാവുകയാണ്. ഇവരെ ഭംഗിയായി ഉപയോഗിക്കാൻ രാഷ്ട്രീയ നേതൃത്വങ്ങൾക്ക് ആവുന്നു എന്നതാണ് സത്യം. ഒരു കാലത്ത് പാനൂർ പ്രദേശത്ത് മുൻ മന്ത്രിയായിരുന്ന പി.ആർ കുറുപ്പിന് പോരാളികളുണ്ടായിരുന്നു. അവരിൽ ഭൂരിഭാഗവും തീയ്യർ തന്നെ. എതിർ ഭാഗത്ത് സിപിഐ.(എം.) ആയിരുന്നു. അവരും ഇതേ വിഭാഗക്കാർ തന്നെ. മനുഷ്യന്റെ തലക്കും തെങ്ങിനും വാഴക്കുമൊക്കെ വെട്ടേൽക്കാറ് പതിവായിരുന്നു.

ഈ നശികരണ കാലം ദശകങ്ങളോളം നീണ്ടു നിന്നിരുന്നു. രാഷ്ട്രീയ മുന്നണികളുടെ മാറ്റം മറിച്ചിലിനൊപ്പം അക്രമിക്കപ്പെട്ടവരും അക്രമകാരികളും ഒരേ പക്ഷത്ത് എത്തിയതോടെ ആ കാലം പര്യവസാനിച്ചു. ഇപ്പോൾ അവിടേയും ബിജെപി.യും സിപിഐ.(എം.) യുമാണ് പരസ്പരം ചോര വീഴ്‌ത്തുന്നത്. വിശ്വസിക്കുന്നവരോടൊത്ത് പൊരുതുക എന്ന ശീലം തീയ്യരുടെ രക്തത്തിൽ അലിഞ്ഞുചേർന്നതാണ്. ഇന്നത് വിശ്വസിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് വേണ്ടിയാണ് ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ പരസ്പരം പോരടിക്കുന്ന രണ്ടു പ്രസ്ഥാനങ്ങളും സമാധാനശ്രമങ്ങളിലേക്ക് തിരിയുന്നേയില്ല. കൊല്ലാനും കൊല്ലിക്കാനും തീയ്യപ്പോരാളികളുണ്ടല്ലോ?

ബ്രിട്ടീഷുകാർ ഇന്ത്യ ഭരിച്ചപ്പോൾ തലശ്ശേരിയിലും കണ്ണൂരിലും അവരുടെ വിശ്വസ്തരിൽ പ്രധാനികളായിരുന്നു തീയ്യർ. ബ്രിട്ടീഷുകാരുടെ പ്രാദേശിക സേനയിൽ കോൽക്കാർ എന്ന പേരിലായിരുന്നു ഇവർ അറിയപ്പെട്ടിരുന്നത്. ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ വീടുകളിലെ ബട്ട്ലർമാരും സുരക്ഷാ ചുമതലക്കാരും തീയ്യരായിരുന്നു. അക്കാലത്ത് മെയ്യൂർ കേളപ്പൻ എന്നയാൾ താമരശ്ശേരി വഴി തലശ്ശേരിക്ക് വരുമ്പോൾ കാരണമൊന്നുമില്ലാതെ വഴിയിൽ കണ്ട രണ്ടു യുവാക്കളെ വെട്ടിക്കൊന്നു. ക്രൂരവും പൈശാചികവുമായ കൊല ചെയ്ത കേളപ്പനെ തലശ്ശേരിലെ നാരങ്ങാപ്പുറത്ത് വച്ച് കൊല്ലാനായിരുന്നു വിധി. തീയ്യനായ കേളപ്പനെ മറ്റൊരു തീയ്യനെക്കൊണ്ട് കഴുത്തറുത്ത് ശിക്ഷ നടപ്പാക്കുകയായിരുന്നു. തലശ്ശേരി, പാനൂർ മേഖലകളിൽ രാഷ്ട്രീയ കൊല നടന്നാൽ മൃതദേഹം മണിക്കൂറുകളോളം പൊതു ദർശനത്തിന് വെക്കാറുണ്ട്.

അത് കാണാൻ മുത്തശ്ശിമാരും യുവതികളും എത്തിച്ചേരുന്നതും പതിവാണ്. സാധാരണ ദുർമരണങ്ങളുടെ മൃതദേഹം കാണാൻ സ്ത്രീകൾ പോകുന്നത് വിരളമാണെങ്കിലും ഈ ദേശങ്ങളിൽ അതിൽനിന്ന് വ്യത്യസ്തമാണ്. വംശീയപരമായി തീയ്യരുടെ വീരത്വത്തിന്റെ തെളിവാണിതൊക്കെയെന്ന് പറയുന്നു. അത് പ്രോത്സാഹിപ്പിച്ച് മുതലെടുക്കുകയാണ് ബിജെപി.യും സിപിഐ.(എം.)ഉം. അതിലൂടെ കണ്ണൂർ കുരുതിക്കളമാവുകയാണ്.