ന്യൂഡൽഹി: നോട്ടുനിരോധനം വരുന്നതിന് മുമ്പ് ബാങ്കുകളിൽ നിന്ന് പിൻവലിക്കാവുന്ന പണത്തിന് പരിധിയില്ലായിരുന്നു. എടിഎമ്മുകളിൽ നിന്ന് ഒരുദിവസം 40,000 രൂപവരെ പരമാവധി പിൻവലിക്കാനും അനുമതി നൽകിയിരുന്നു. എന്നാൽ നവംബർ എട്ടിന് ആയിരം, അഞ്ഞൂറ് നോട്ടുകൾ അസാധുവാക്കിയതിന് പിന്നാലെ ഇതിന് നിയന്ത്രണം കൊണ്ടുവന്നു. അക്കൗണ്ടിൽ നിന്ന് ആഴ്ചയിൽ 24,000 രൂപ മാത്രമേ പിൻവലിക്കാവൂ എന്നും എടിഎമ്മിൽ നിന്ന് ആദ്യ ദിവസങ്ങളിൽ 2,000 രൂപയുമായി പരിധി നിശ്ചയിച്ചു. 500 രൂപയുടെ പുതിയ നോട്ടുകൾ കൂടി എത്തിയതോടെ എടിഎമ്മുകളിൽ നിന്ന് 2,500 രൂപ പിൻവലിക്കാമെന്നും പരിധി ഉയർത്തി.

ഇത്രയും തുക ദൈനംദിനാവശ്യങ്ങൾക്കും മറ്റും ഒരു സാധാരണക്കാരന് മതിയാകുമെന്ന നിലയിലായിരുന്നു റിസർവ് ബാങ്കും കേന്ദ്ര ധനമന്ത്രാലയവും ഈ പരിധികൾ നിശ്ചയിച്ചത്. പക്ഷേ, കറൻസി നിരോധനം അമ്പതുദിവസം പിന്നിടുമ്പോഴും വിപണിയിൽ ആവശ്യത്തിന് കറൻസി എത്താത്തതിനാൽ ചില്ലറക്ഷാമം രൂക്ഷമായി തുടരുകയാണ്.

പിൻവലിച്ച കറൻസിക്ക് തുല്യമായി പുതിയ കറൻസി അച്ചടിച്ച് എത്തിക്കില്ലെന്നും രാജ്യം കാഷ്‌ലെസ് ആയി മാറണമെന്നും കേന്ദ്രസർക്കാർ ആവർത്തിച്ച് പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ചെറിയ വിനിമയങ്ങൾക്ക് കറൻസി ഇല്ലാതെ പറ്റില്ലെന്നത് വലിയ പ്രതിസന്ധിയാണ് രാജ്യത്തുടനീളം സൃഷ്ടിക്കുന്നത്. മീൻവിൽപനക്കാരും ചെറുകിട കച്ചവടക്കാരും മുതൽ ദിവസക്കൂലി വാങ്ങുന്നവർക്കുവരെ ഈ കറൻസി ക്ഷാമം വലിയ തിരിച്ചടിയായി തുടരുകയാണ്.

ഈ സാഹചര്യത്തിൽ കറൻസി നിരോധനത്തിന്റെ തുടർച്ചയായി എന്തു പ്രഖ്യാപനമാണ് കേന്ദ്രം കൊണ്ടുവരികയെന്ന് ആശങ്കയോടെ കാത്തിരിക്കുകയാണ് രാജ്യം. നോട്ട് നിരോധനത്തെ തുടർന്ന് ബാങ്കുകളിൽ നിന്ന് പണം പിൻവലിക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ജനുവരി മുതൽ ഇളവുണ്ടായേക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. ആവശ്യത്തിന് നോട്ടുകൾ ലഭ്യമാക്കാനാകാത്ത സാഹചര്യത്തിൽ നിയന്ത്രണം പൂർണമായും പിൻവലിക്കാൻ കഴിയില്ല എന്നതിനാലാണ് റിസർവ് ബാങ്ക് പിൻവലിക്കൽ പരിധി ഉയർത്താൻ ആലോചിക്കുന്നത്.

എടിഎമ്മിൽ നിന്ന് ദിവസത്തിൽ പിൻവലിക്കാവുന്ന തുക 4,000വും ആഴ്ചയിൽ പിൻവലിക്കാവുന്ന തുക 40,000വും ആക്കുമെന്നാണ് സൂചന. ഇതുസംബന്ധിച്ച് റിസർവ് ബാങ്ക് സർക്കാരിനോട് അഭിപ്രായം തേടിയിട്ടുണ്ട്. നവംബർ എട്ടിന് പ്രധാനമന്ത്രി നോട്ട് പിൻവലിക്കൽ പ്രഖ്യാപിച്ചതോടെ ശേഷം രാജ്യത്തെ 86 ശതമാനം നോട്ടുകളാണ് ഒറ്റയടിക്ക് അസാധുവായത്. അസാധുവായ നോട്ടുകളുടെ 90 ശതമാനവും തിരികെയെത്തിയെങ്കിലും ഇതിന് ആനുപാതികമായി കറൻസി തിരികെയെത്തിക്കാൻ റിസർവ് ബാങ്കിനായിട്ടില്ല.

വിപണിയിൽ ആവശ്യത്തിന് കറൻസി എത്താത്തതിനാൽ ഇപ്പോൾ പണം പിൻവലിക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണം പൂർണമായും പിൻവലിക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും ബാങ്കുകൾ ഇതിൽ എതിർപ്പ് പ്രകടിപ്പിച്ചുകഴിഞ്ഞു. നിരോധനത്തിന് ശേഷം ഇതുവരെ പിൻവലിക്കപ്പെട്ട പണം വിപണിയിലെ കറൻസിയുടെ തോത് ഉയർത്താൻ പര്യപ്തമായിരുന്നെങ്കിലും അതുണ്ടായില്ലെന്നാണ് കേന്ദ്രസർക്കാരും റിസർവ് ബാങ്കും വിലയിരുത്തുന്നത്. പണം പിൻവലിച്ച പലരും അത് കൈവശംവയ്ക്കുന്നതായും കറൻസി നിരോധനത്തിന് മുൻപുണ്ടായിരുന്നതു പോലെ കറൻസിയായിത്തന്നെ സൂക്ഷിച്ചുവയ്ക്കുന്നതായും വ്യക്തമായിട്ടുണ്ട്. ബാങ്കിലുള്ള പണം പിൻവലിക്കുന്നതിന് ഒറ്റയടിക്ക് ദീർഘകാലത്തേക്ക് കേന്ദ്രം നിരോധനം കൊണ്ടുവരുമോ എന്ന ഭയത്താലാണ് പലരും ഇതു ചെയ്യുന്നതെന്നും സൂചനകളുണ്ട്.

ഇത്തരത്തി്ൽ പിൻവലിച്ച പണം കൈവശം വയ്ക്കരുതെന്നും ദൈനംദിന ചെലവുകൾക്ക് ഉപയോഗിക്കണമെന്നും റിസർവ് ബാങ്ക് പലകുറി അഭ്യർത്ഥിച്ചെങ്കിലും വിപണിയിൽ പണദൗർലഭ്യം തുടരുകയാണ്. ഈ പ്രതിസന്ധി മറികടക്കാൻ ഒറ്റയടിക്ക് അക്കൗണ്ടിലെ കറൻസി പിൻവലിക്കൽ നിയന്ത്രണം എടുത്തുകളയാൻ കേന്ദ്രത്തിനാവില്ല. കാരണം അസാധുവാക്കിയ കറൻസിയുടെ അത്രയും മൂല്യത്തിൽ പുതിയ നോട്ടുകൾ ഇറക്കിയിട്ടില്ല എന്നതുതന്നെയാണ്.

മാത്രമല്ല, പകരം പുറത്തിറക്കിയ 2000 രൂപയുടെ നോട്ടാകട്ടെ എടുക്കാച്ചരക്കായി മാറിയ സ്ഥിതിയാണ്. ആരുടെയും കയ്യിൽ ചില്ലറയില്ലാത്തതിനാൽ പല എടിഎമ്മുകളിലും ആവശ്യത്തിന് 2000 നോട്ടുകൾ ഉള്ള സ്ഥിതിയാണിപ്പോൾ. 2,500 രൂപ പരിധി വച്ചിട്ടുണ്ടെങ്കിലും ജനം എടിഎമ്മിൽ ചില്ലറയുണ്ടെന്നു കണ്ടാൽ ആദ്യം 1,900 രൂപയും പിന്നെ ഒരിക്കൽ കൂടി 600 രൂപയും പിൻവലിച്ച് ചില്ലറ കൈക്കലാക്കുകയാണ് ചെയ്യുന്നത്. അതിനാൽതന്നെ പുതിയ 500ന്റെയും 100, 50 എന്നിവയുടെയും നോട്ടുകൾ എടിഎമ്മുകളിൽ നിറച്ചാൽ അൽപസമയത്തിനകം തീരുന്ന സാഹചര്യമാണുള്ളത്.

ആവശ്യത്തിന് നോട്ടുകൾ ലഭ്യമാകാത്ത സാഹചര്യത്തിൽ പണം പിൻവലിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ പിൻവലിക്കാനാകില്ലെന്ന് എസ്‌ബിഐ ഉൾപ്പെടെയുള്ള ബാങ്കുകൾ നേരത്തേ പറഞ്ഞിരുന്നു. പരമാവധി നോട്ടുകൾ അച്ചടിക്കാനുള്ള പ്രയത്‌നത്തിലാണ് റിസർവ് ബാങ്ക് പ്രസുകൾ. കൂടുതൽ 500 രൂപ നോട്ടുകൾ എത്തിക്കുമെന്ന് ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയും അറിയിച്ചിട്ടുണ്ട്.