റു മാസം മുൻപാണ് പുതിയൊരു ബൈക്ക് വാങ്ങിയത്. ആകെ ചെലവ് ഒരു ലക്ഷത്തിനു ഒരൽപം മുകളിൽ. ബാംഗ്ലൂരിലെ ഒരു പ്രമുഖ ബൈക്ക് ഷോറൂം ശ്രിംഘലയിൽ നിന്നാണ് വാങ്ങാൻ തീരുമാനിച്ചത്. ഒരു തരത്തിൽ അത്രയും തുകയൊക്കെ സംഘടിപ്പിച്ച് ബാങ്ക് അക്കൊണ്ടിൽ ഇട്ടിട്ടുണ്ട്. അവിടെ എത്തി ഡെബിറ്റ് കാർഡ് കൊടുത്തപ്പോൾ അവർ പറയുന്നു രണ്ടായിരം രൂപ അധികം നൽകണം എന്ന്. അല്ലെങ്കിൽ പണമായി നൽകണം ! ഇവിടുന്നു വാങ്ങില്ല എന്നൊക്കെ ഭീഷണിപ്പെടുത്തിയിട്ടും അവർക്കൊരു കുലുക്കവും ഇല്ല. ബാങ്ക് അവധി ആയതു കാരണം മൂന്ന് ദിവസം കഴിഞ്ഞാണ് പണം കൊടുത്ത് ബൈക്ക് എടുത്തത്. ഇവർ വേണം എന്ന് പറഞ്ഞ തുക കാർഡിന്റെ പ്രോസസറിങ് ചാർജ് ഒന്നുമല്ല. പണമായി കൊടുക്കാനായുള്ള സമ്മർദമാണ്. അവിടെ നിന്ന് തന്നെ സർവീസ് , സ്‌പെയർ പാർട്‌സ് ഒക്കെ കാർഡ് ഉപയോഗിച്ച് തന്നെ കഴിഞ്ഞ ആറു മാസവും ഞാൻ വാങ്ങിയിട്ടുണ്ട്. പത്ത് പൈസ എക്‌സ്ട്രാ ചാർജ് എടുത്തിട്ടില്ല.

ഇനി ഒരു സുഹൃത്തിന്റെ അനുഭവം പറയാം. അപ്പാർട്‌മെന്റ് വാങ്ങാൻ പോയതാണ് അയാൾ. ഒരു കോടി വിലയുള്ള അപ്പാർട്‌മെന്റ്. തുക പണമായി നൽകിയാൽ 90 ലക്ഷം കൊടുത്താൽ മതി. പത്ത് ലക്ഷം ലാഭം. ഒരു കഥ കൂടി പറയാം സ്വകാര്യ പ്രാക്ടീസ് നടത്തട്ടുന്ന ഡോക്റ്റർ. അൻപത് പേരെ ഒരു ദിവസം കാണും. 300 രൂപ വച്ച് ഒരാളിൽ നിന്നും വാങ്ങുന്നു. ഒരു വർഷത്തെ വരുമാനം അരക്കോടി രൂപയ്ക്കു മുകളിൽ.

എന്റെ സുഹൃത്ത് സ്ഥിര വരുമാനമുള്ള ടാക്‌സോക്കെ കൃത്യമായി കമ്പനി നേരിട്ട് പിടിക്കുന്ന ഐടികാരനാണ്. ബാങ്ക് ലോണിൽ വീട് വാങ്ങാനാണ് പോയത്. അതുകൊണ്ട് തന്നെ പത്ത് ലക്ഷം ലാഭം നേടാൻ കഴിഞ്ഞില്ല. എന്നാൽ നമ്മുടെ ഡോക്റ്റർക്കോ ? 90 ലക്ഷം മുടക്കി വീടെടുക്കാം. ബിൽഡർ അതിൽ പത്ത് രൂപ ടാക്‌സ് അടയ്ക്കില്ല. ഡോക്ട്ടരും ടാക്‌സ് അടയ്ക്കില്ല. ഡോക്റ്റർ നടത്തുന്നത് പതിനഞ്ചു ലക്ഷം രൂപയുടെ നികുതി വെട്ടിപ്പാണ്. ബിൽഡറുടെത് അതിന്റെ ഇരട്ടി. മൊത്തം ഏതാണ്ട് അരക്കോടി രൂപയോളം. ഇനി ഡോക്റ്റർ അത് വിറ്റാലോ ? അപ്പോളും ക്യാഷ് ആയി വാങ്ങുക തന്നെ. ത്രൂ ബാങ്ക് പറ്റില്ല.

ഈ അവസരത്തിലാണ് സർക്കാർ 500, 1000 നോട്ടുകൾ നിരോധിക്കുന്നത്. ഡോക്റ്ററുടെ വീട്ടിൽ 90 ലക്ഷം ക്യാഷ് ആയി ഇരിപ്പുണ്ട്. എന്ത് ചെയ്യും ? ബാങ്കിൽ കൊടുക്കാം , പക്ഷെ സോഴ്‌സ് കാണിക്കണം. പിന്നാലെ ഇൻകം ടാക്‌സ് നമ്മുടെ ഡോക്റ്റർ കാലങ്ങളായി നടത്തി വരുന്ന നികുതി വെട്ടിപ്പ് സർവ്വവും കണ്ടുപിടിക്കും. ബന്ധുക്കളോ സുഹൃത്തുക്കളോ വഴി കുറച്ചു വെളുപ്പിക്കാം. നൂറിന്റെ നോട്ടുകൾ കുറെ കാണും. എന്നാലും അതിൽ സിംഹഭാഗവും വേസ്‌റ് ആയി. ബിൽഡർക്ക് കെട്ടിടം വിറ്റു തീരാതെ അയാളുടെ പണം കിട്ടില്ല. അതുകൊണ്ട് തന്നെ എന്റെ സുഹൃത്തിനെ പോലെ വൈറ്റ് മണി ഉപയോഗിക്കുന്ന ഒരാൾക്ക് എഴുപതോ എൺപതോ ലക്ഷത്തിനു വിൽക്കുക മാത്രമാണ് മാർഗം.

ഇനി വിഷയത്തിന്റെ സ്റ്റാറ്റിസ്റ്റിക്‌സിലേക്ക് വരാം. നമ്മുടെ ജിഡിപി വളരെ ബ്രഹത്താണ്. ലോകബാങ്കിന്റെ കണക്കു പ്രകാരം അതിന്റെ 20% ആണ് നിലവിൽ ബ്‌ളാക് മാർക്കറ്റ് ട്രാൻസാക്ഷനുകൾ. ആ തുക എത്ര വരും എന്നറിയുമോ ? ഏതാണ്ട് മുപ്പത് ലക്ഷം കോടി ! അതായത് സർക്കാരിന് യാതൊരു കണക്കും ഇല്ലാത്ത മുപ്പതു ലക്ഷം കോടി രൂപയുടെ വിനിമയം ബൈക്ക് ആയും കെട്ടിടമായും സ്വർണ്ണമായും ബോംബ് ആയും തോക്കായും ഒക്കെ നടക്കുന്നുണ്ട്. തീവ്രവാദ ഗ്രൂപ്പുകൾ തങ്ങളുടെ വരുമാനം നേടുന്നതും ഇവിടെ നിന്ന് തന്നെ. ബില്ല് വേണ്ടെങ്കിൽ സ്വർണ്ണത്തിനു വില കുറക്കാം എന്ന് പറയുന്ന ജ്യുവലറിക്കാരൻ, പണം കൊടുത്താൽ വില കുറക്കാം എന്ന് പറയുന്ന ബിൽഡർ ഇവർക്കിടയിൽ പണമിടപാട് നടത്തുന്ന കുഴൽ പണക്കാരും മണി എക്‌സ്‌ചേഞ്ച് കാരും തുടങ്ങിയ സർവ്വരും അടങ്ങിയ ഒരു പാരലൽ ലോകമാണിത്. ആ പാരലൽ ലോകത്ത് നിക്ഷേപം സ്വീകരിക്കുന്ന കടം കൊടുക്കുന്ന സ്വകാര്യ ബാങ്കുകളും ഉണ്ട്. അവിടെ എത്ര തുകയും ചെറിയ പലിശക്ക് നിക്ഷേപിക്കാം. സോഴ്‌സ് വേണ്ടാ.

ഈ ഒരു സമാന്തര ലോകമാണ് ഒരു രാത്രി ഇരുട്ടി വെളുത്തപ്പോൾ ചീട്ടു കൊട്ടാരം പോലെ തകർന്നു വീണത്. പക്ഷെ സർക്കാരിന്റെ സ്ഥിരം വിമർശകർ ഇതൊന്നും കാണുന്നില്ല.വലിയ കള്ളപ്പണം സ്വിസ് ബാങ്കിലാണ് ഇവിടില്ല എന്നതാണ് വലിയൊരു ആരോപണം. ഒന്ന് ആലോചിച്ചാൽ ഉത്തരം നമുക്ക് തന്നെ കിട്ടും. ഇവിടെ ഇല്ലാത്ത പണം കൊണ്ട് ഇവിടെ കെട്ടിടം പണിയാൻ പറ്റുമോ ? ഫർണിച്ചർ വാങ്ങാൻ പറ്റുമോ ? മുകളിൽ പറഞ്ഞ മുപ്പതു ലക്ഷം കൊടിയും ഇവിടെ തന്നെ ഉണ്ട്. അത് തന്നെയാണ് ലക്ഷ്യവും.

തോമസ് ഐസക്കും മറ്റുള്ളവരും പറയുന്നത് പോലെ രണ്ടു മാസത്തെ സമയം അനുവദിച്ച് ഇത് ചെയ്തുകൂടെ എന്ന് ചിന്തിക്കാം. നമ്മുടെ 90 ലക്ഷം കയ്യിലുള്ള ഡോക്റ്റർ. അയാൾക്ക് അതിൽ കുറെ വെളുപ്പിക്കാം. കുറച്ചു സ്വർണം വാങ്ങാം. ഡയമണ്ട് വാങ്ങാം. ഫർണിച്ചർ , ഇലക്ട്രോണിക്‌സ് സാധനങ്ങൾ , അമ്മാവന്റെയോ കുഞ്ഞമ്മയുടെയോ പേരിൽ വാഹനങ്ങൾ തുടങ്ങി ഭാവിയിൽ കുറഞ്ഞ വിലക്കാണ് എങ്കിലും കൈമാറ്റം ചെയ്യാവുന്ന വസ്തുവകകൾ ആക്കി മാറ്റി എടുക്കാം. എന്നാൽ ഒരൊറ്റ രാത്രിയോടെ നോട്ടുകൾ അസാധുവാക്കിയതോടെ ഇങ്ങനെ ഒരു സാധ്യതയാണ് പൂർണ്ണമായും ഇല്ലാതായത്. കാരണം ഈ പറഞ്ഞ വസ്തുവകകൾ വിറ്റ സ്ഥാപനങ്ങൾ 500/ 1000 നോട്ടുകൾ കൈമാറ്റം ചെയ്യുമ്പോൾ സോർസ് കാട്ടേണ്ടി വരും എന്ന കാരണം കൊണ്ട് ആ തുകകകൾ സ്വീകരിക്കില്ല. എങ്കിൽ പിന്നെ ആ വിൻഡോ ടൈമിൽ വരുമാന സോഴ്‌സ് നിര്ബന്ധമാക്കരുതോ എന്ന് ചോദിക്കുന്ന ഇതേ ആളുകൾ എല്ലാ ട്രാന്‌സിഷനിലും പാൻ കാർഡ് നിര്ബന്ധമാക്കിയാൽ ഫാസിസം വന്നേ എന്നുള്ള വിളികളോടെ ആവില്ലേ അതിനെ എതിർക്കുക ?

എന്തായാലും നമ്മുടെ ബാങ്കുകളിൽ ധാരാളം പണം എത്തിക്കഴിഞ്ഞു. ബ്‌ളാക് മാർക്കറ്റിൽ നിന്ന് പണം എടുത്ത് സിനിമ പിടിക്കുന്ന, ബിൽഡിങ് കെട്ടുന്ന , ലാഭം തിരികെ അവിടെ കൊടുത്തിരുന്ന സർവർക്കും. ഇനി ഒരു അഞ്ചു വര്ഷത്തെങ്കിലും ലീഗൽ ആയ സോഴ്സുകളിൽ നിന്നും പണം എടുക്കയും അവിടേക്ക് തന്നെ തിരിച്ച് അടക്കേണ്ടി വരുകയും ചെയ്യും. റിയൽ എസ്റ്റേറ്റ് ആയി പണം സൂക്ഷിച്ചവർക്ക് വ്യപണിയിലെ ബ്‌ളാക് മാണിയുടെ അഭാവം കാരണം വില കുറച്ച് അവ വിൽക്കേണ്ടിയും വരും. ആ രീതിയിൽ ഒരു ഫ്രഷ് സ്റ്റാർട്ടിനുള്ള സർവ്വ അവസരവും ഒരൊറ്റ രാത്രികൊണ്ട് ഉണ്ടായിവന്നിരിക്കുന്നു.

എന്തായാലും ഈ നീക്കത്തെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും ഉണ്ട്. അനുകൂലിക്കുന്നവർക്ക് നഷ്ട്ടപ്പെടാൻ ഒന്നുമില്ല. എതിർക്കുന്നവർക്ക് എന്തോ നഷ്ടപ്പെടാനുണ്ട് എന്നതാണ് സത്യം. അതെന്താണ് എന്ന് കാലം തെളിയിക്കും.