മനില: ജീവനോടെ പുഴുങ്ങുകയെന്നൊക്കെ കേട്ടിട്ടേ ഉണ്ടാകൂ. നേരിട്ടനുഭവിക്കണേൽ ഫിലിപ്പീൻസിലോട്ടു പോയാൽ മതി. തീകൂട്ടി മുകളിൽ വലിയ ചട്ടിവച്ച് വെള്ളമൊഴിച്ച് അതിനുള്ളിൽക്കിടക്കാനുള്ള അവസരം ലഭിക്കും. ചൂടും പൊള്ളലും ഒന്നുമില്ലെന്നും നല്ല സുഖമാണെന്നുമാണ് അനുഭവിച്ചറിഞ്ഞവർ പറയുന്നത്. പക്ഷേ കാണുന്നവർക്ക് ഇതൊരു ഭീകരാനുഭവമെന്നു തോന്നിപ്പോകും.

പണ്ട് പഞ്ചസാര മില്ലുകളിൽ ഉപയോഗിച്ചിരുന്ന കാവ എന്ന വലിയ പാത്രത്തിലാണ് ഈ ചൂടുകുളി. വലിയ പാത്രം എന്നാണ് കാവ എന്ന വാക്കിന്റെ അർത്ഥം. മുമ്പ് പഞ്ചസാര മില്ലുകളിൽ ഉപയോഗിച്ചിരുന്ന ഇവ ഇപ്പോൾ വിനോദസഞ്ചാരികൾക്കു കുളിക്കാനുള്ള വലിയ ഹോട് ടബുകളാക്കിമാറ്റിയിരിക്കുകയാണ്.

പ്രകൃതിഭംഗിക്കു പേരുകേട്ട ടിബിയാവോ എന്ന സ്ഥലത്താണ് കാവക്കുളിക്ക് അവസരമുള്ളത്. ഫിലിപ്പീൻസിന്റെ തലസ്ഥാനമായ മനിലയിൽനിന്നുള്ള വിനോദസഞ്ചാരി മൈക്കിൾ ഡിയാസ് കാവയിൽ കുളിക്കുന്ന തന്റെ ദൃശ്യങ്ങൾ പങ്കുവച്ചിട്ടുണ്ട്. ആൾപ്പൊക്കത്തിലുള്ള തീജ്വാലകൾക്കു നടവിലെ ചട്ടിയിൽ സുഖമായി പുഞ്ചിരിച്ചുകൊണ്ടിരിക്കുന്ന ചിത്രങ്ങൾ.

സമീപത്തുതന്നെയുള്ള അരുവിയിലെ ജലമാണ് കാവയിൽ നിറയ്ക്കുന്നത്. ഔഷധഗുണമുള്ള ചെടികളുടെ ഇലകളും അരിഞ്ഞ ഇഞ്ചിയും പൂക്കളും ഒക്കെ വെള്ളത്തിൽ ഇടും. മരവും കരിയും ഒക്കെ ഉപയോഗിച്ചാണ് തീപിടിപ്പിക്കുന്നത്. തീ നിയന്ത്രിക്കാനുള്ള പ്രത്യേക സൗകര്യമുള്ളതിനാൽ വെള്ളം ആവശ്യത്തിൽ കൂടുതൽ ചൂടുപിടിക്കാതെ നോക്കാനാകും.