മുൻ ഇന്ത്യൻ പ്രധാനമന്ത്രി മന്മോഹൻസിങ്ങിന്റെ ജീവിതകഥ പറയുന്ന ചിത്രം ദ ആക്സിഡന്റ് പ്രൈം മിനിസ്റ്ററിന്റെ ബിഹൈൻഡ് സീൻ വീഡിയോ പുറത്തുവിട്ടു. മന്മോഹൻസിങ്ങിനെ അവതരിപ്പിക്കുന്നത് അനുപം ഖേറാണ്. സൂസൻ ബെർണറ്റാണ് സോണിയ ഗാന്ധിയായി വേഷമിടുന്നത്.

ഇതുവരെ അവതരിപ്പിച്ചതിൽ വച്ച് ഏറ്റവും ബുദ്ധിമുട്ടുള്ള കഥാപാത്രമാണ് മന്മോഹൻ സിംഗിന്റേത് എന്ന് അനുപം ഖേർ പറയുന്നു. മന്മോഹൻ സിംഗിന്റെ പെരുമാറ്റത്തിലെ വ്യത്യാസം മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്. സ്വയം അങ്ങനെ വ്യക്തമാക്കുന്ന ആളല്ല. ഒരിക്കലും തന്നിലേക്ക് ശ്രദ്ധ വരുത്താൻ ശ്രമിക്കാറില്ല. സന്തോഷത്തിലാണെങ്കിലും അസ്വസ്ഥനാണെങ്കിലും ഒരേ നടത്തം, ഒരേ ഭാവം. എന്താണ് മനസ്സിലെന്ന് പിടികിട്ടില്ല. അത് കണ്ടുപിടിക്കുക എന്നതായിരുന്നു ഏറ്റവും വെല്ലുവിളി- അനുപം ഖേർ പറയുന്നു.

മന്മോഹൻ സിങ്ങിന്റെ മുൻ മീഡിയ അഡൈ്വസറും മാധ്യമപ്രവർത്തകനുമായ സജ്ഞയ് ബാരുവിന്റെ ആക്‌സിഡന്റൽ പ്രൈം മിനിസ്റ്റർ എന്ന പുസ്തകമാണ് അതേ പേരിൽ സിനിമയാകുന്നത്. ചിത്രത്തിൽ സഞ്ജയ് ബാരുവായി അഭിനയിക്കുന്നത് അക്ഷയ് ഖന്നയാണ്.

പുതുമുഖ സംവിധായകനായ വിജയ് രത്‌നാകർ ഖട്ടെയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ബൊഹ്‌റ ബ്രദേഴ്‌സ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ക്രിയേറ്റീവ് പ്രൊഡ്യൂസർ ഹൻസൽ മെഹ്തയാണ്.വളരെ നല്ല കഴിവുള്ള താരങ്ങൾ ചിത്രത്തിലുണ്ടെന്നും അവരുടെ കൂടെ ജോലി ചെയ്യുന്നത് അപൂർവ്വമായി കിട്ടുന്ന അവസരമാണെന്നും ഹൻസാൽ പറഞ്ഞു.