തിരുവനന്തപുരം: സിനിമാ സമരം അവസാനിപ്പിക്കുന്നതിനു നിർമ്മാതാക്കളും വിതരണക്കാരും തിയറ്റർ ഉടമകളുമായി നടത്തിയ അനൗപചാരിക ചർച്ചയും പരാജയപ്പെട്ടതോടെ പ്രശ്‌ന പരിഹാരത്തിന് മുഖ്യമന്ത്രി തന്നെ ഇടപെട്ടേക്കും. അതിനിടെ തിയറ്റർ ഉടമകൾ നികുതി വെട്ടിക്കുന്നുവെന്ന കേസിൽ സാംസ്‌കാരിക ക്ഷേമനിധി ഓഫിസിൽ നിന്നു വിജിലൻസ് അധികൃതർ കണക്കുകൾ ശേഖരിച്ചു. തിയറ്റർ ഉടമകൾ നികുതി വെട്ടിക്കുകയും ക്ഷേമനിധി വിഹിതം അടയ്ക്കാതിരിക്കുകയും ചെയ്യുന്നുവെന്നു കാട്ടി സാംസ്‌കാരിക ക്ഷേമനിധി ബോർഡ് കഴിഞ്ഞ ദിവസം വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കണക്ക് വിജിലൻസ് ശേഖരിച്ചത്.

തിയേറ്റർ ഉടമകളുടെ കടുംപിടിത്തമാണ് സമരത്തിന് കാരണമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ഈ സാഹചര്യത്തിലാണ് വിജിലൻസ് ഇടപെടലെന്ന് സൂചനയുണ്ട്. സമീപകാലത്ത് ഹിറ്റായ മലയാള ചിത്രങ്ങളുടെ കലക്ഷൻ രേഖകൾ നിർമ്മാതാക്കളിൽ നിന്നു വിജിലൻസ് ശേഖരിക്കുന്നുണ്ട്. ഇന്നലെ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ, കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷൻ എന്നിവയുടെ ഭാരവാഹികളാണ് കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ അഡൈ്വസറി കമ്മിറ്റി അംഗങ്ങളുമായി ചർച്ച നടത്തിയത്. ഈ ചർച്ചയും ഫലം കണ്ടില്ല.

അതേസമയം, സമരത്തിനിടയിലും ഡോ. ബിജു സംവിധാനം ചെയ്ത 'കാട് പൂക്കുന്ന നേരം', വിനീത് അനിൽ സംവിധാനം ചെയ്ത 'കവിയുടെ ഒസ്യത്ത്' എന്നീ സിനിമകൾ ഇന്നു റിലീസ് ചെയ്യുകയാണ്. മൾട്ടിപ്ലക്‌സുകളിലും സർക്കാർ തിയറ്ററുകളിലും മറ്റുമാണ് കാട് പൂക്കുന്ന നേരം റിലീസ് ചെയ്യുന്നത്. ഏതാനും സർക്കാർ തിയറ്ററിലാണ് രണ്ടാമത്ത ചിത്രം പ്രദർശിപ്പിക്കുക.

തിയറ്റർ ഉടമകൾക്കു ലഭിക്കുന്ന വരുമാന വിഹിതം നാൽപതിൽ നിന്ന് 50 ശതമാനമായി ഉയർത്തിയ ഫെഡറേഷന്റെ ഏകപക്ഷീയ നടപടി പിൻവലിക്കണമെന്ന നിലപാടിൽ നിർമ്മാതാക്കളുടെ സംഘടനയായ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനും ഉറച്ചുനിൽക്കുകയാണ്. തിയറ്റർ ഉടമകളുടെ വിഹിതം ഏകപക്ഷീയമായി വർധിപ്പിച്ച ഫെഡറേഷന്റെ നടപടി അംഗീകരിക്കാനാവില്ലെന്നും പങ്കുവയ്ക്കുന്ന അനുപാതത്തിൽ മാറ്റം വരുത്താനാവില്ലെന്നും നിർമ്മാതാക്കളും വിതരണക്കാരും വ്യക്തമാക്കി.

ചർച്ചകളിൽ, നിർമ്മാതാക്കളായ ജി. സുരേഷ് കുമാർ, എം. രഞ്ജിത്, സാഗ അപ്പച്ചൻ, വിതരണക്കാരായ സിയാദ് കോക്കർ, എം.എം. ഹംസ, സി.വി. രാമകൃഷ്ണൻ, ഫെഡറേഷനെ പ്രതിനിധീകരിച്ചു ഡോ. രാംദാസ് ചേലൂർ, കെ. നന്ദകുമാർ, ഷാജി അഗസ്റ്റിൻ അക്കര എന്നിവർ പങ്കെടുത്തു.